ഇന്ത്യന്‍ ഒളിംപിക്‌സ് സംഘം സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക അതിഥികള്‍; ചെങ്കോട്ടയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലേക്ക് ക്ഷണിക്കും. ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് പുറമേ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്കും ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, പുരുഷ ഹോക്കി സെമിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചിരുന്നു. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

മാത്രമല്ല, നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിനെതിരേ പോരാടുന്നതിനിടയിലാണ് ഈ നേട്ടമെന്നത് മറക്കരുതെന്നും, പല ഇനങ്ങളിലും രാജ്യം ആദ്യമായാണ് യോഗ്യത നേടുന്നത്. യോഗ്യത നേടുക മാത്രമല്ല, മികച്ച മത്സരം കാഴ്ചവെച്ചെന്നും അദ്ദേഹം മറ്റൊരു വേദിയിലും ചൂണ്ടിക്കാട്ടിയിരുന്നു.