ഒളിംപിക്‌സ് ജാവ്‌ലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനവുമായി നീരജ് ചോപ്ര ഫൈനലില്‍

ടോക്കിയോ: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ജാവ്‌ലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനക്കാരനായി ഫൈനല്‍ ടിക്കറ്റ് നേടി ഇന്ത്യയുടെ നീരജ് ചോപ്ര. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യന്‍ താരം ഗ്രൂപ്പ് എയില്‍ നിന്ന് നേരിട്ട് യോഗ്യത നേടിയത്.

ജര്‍മ്മന്‍ ജാവ്‌ലിന്‍ ഇതിഹാസം ജോഹാന്‍സ് വെറ്ററിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കടന്നത്. 83.50 ആയിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള ദൂരം.

ഇന്ത്യന്‍ താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ് 88.07 മീറ്ററാണ്. ഫൈനല്‍ അനായാസം ഉറപ്പാക്കിയ നീരജ് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ശനിയാഴ്ചയാണ് ഫൈനല്‍.