Sports (Page 165)

തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീജേഷിനെ മുഖ്യമന്ത്രി ഊഷ്മളമായി സ്വീകരിച്ചു. ഒളിംപിക്‌സ് മെഡല്‍ നേടിയശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ആദരവ് ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ശ്രീജേഷ്.

ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് മുഖ്യമന്ത്രിയെ കാണിച്ചു. മുഖ്യമന്ത്രി അത് കയ്യിലേന്തി ശ്രീജേഷിനെ അഭിനന്ദിച്ചു. ആ ചിത്രം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്നും ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും മുഖ്യമന്ത്രി കുറിച്ചു. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അതേസമയം, ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പും ഗംഭീര സ്വീകരണം നല്‍കി ആദരിച്ചു. സെക്രട്ടേറിയറ്റില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ആനയിച്ചു. വഴിയോരത്ത് കാത്ത് നിന്നവര്‍ റോസാപ്പൂക്കള്‍ പ്രിയ താരത്തിന് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയിലായിരുന്നു ശ്രീജേഷ് ജോലിചെയ്തിരുന്നത്. ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റമായ വിദ്യാഭ്യാസ വകുപ്പ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് ജോയിന്റ് ഡയറക്ടറായി ശ്രീജേഷ് ഇന്നലെ ചുമതലയേറ്റു.

പുതിയ പദവി കൂടുതല്‍ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം ശ്രീജേഷ് പറഞ്ഞു. കൂടുതല്‍ താരങ്ങളെ കേരളത്തില്‍ നിന്നും ഒളിംപിക്സ് ലെവലില്‍ എത്തിക്കാന്‍ ശ്രമിക്കും. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളില്‍ ടര്‍ഫുകള്‍ ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ബാബു.കെ എന്നിവര്‍ക്കൊപ്പം വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്കായി. ഡല്‍ഹി ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് കൊല്‍ക്കത്തയെ ജയത്തിലെത്തിച്ചത്.

ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരുമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. വെങ്കടേഷ് അയ്യര്‍ 14 റണ്‍സില്‍ മടങ്ങി. ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് തുടങ്ങിയ രാഹുല്‍ ത്രിപാഠിയ ഒന്‍പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. എന്നാല്‍, നിതീഷ് റാണയെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 50 കടത്തി.

സ്‌കോര്‍ 67-ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത ഗില്‍ പുറത്തായി. നായകന്‍ മോര്‍ഗന്‍ വന്നപോലെ മടങ്ങി. ഇതിനുപിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് നിതീഷ് റാണ ആക്രമണം തുടങ്ങി. ലളിത് യാദവ് എറിഞ്ഞ 14-ാം ഓവറില്‍ 20 റണ്‍സാണ് പിറന്നത്. 12 റണ്‍സെടുത്ത കാര്‍ത്തിക്കും മടങ്ങിയതോടെ ക്രീസിലെത്തിയ സുനില്‍ നരെയ്ന്‍ സ്‌കോറിങ് വേഗത കൂട്ടി. 16-ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമാണ് നരെയ്ന്‍ അടിച്ചുകൂട്ടിയത്. 10 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത് നരെയ്ന്‍ പുറത്തായി. അപ്പോഴേക്കും കൊല്‍ക്കത്ത ജയം ഉറപ്പിച്ചിരുന്നു. 18-ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട റാണ ടീമിന് വിജയം സമ്മാനിച്ചു. 27 പന്തുകളില്‍ നിന്ന് റാണ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഡല്‍ഹിക്കായി ആവേശ്ഖാന്‍ മൂന്ന് വിക്കറ്റും കഗിസോ റബാദ, അശ്വിന്‍, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പതിന് 127റണ്‍സാണ് നേടിയത്. സ്റ്റീവ് സ്മിത്തും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അഞ്ചാം ഓവറില്‍ ധവാന്‍ പുറത്തായി. 20 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. താരം അഞ്ച് ബൗണ്ടറികള്‍ നേടി.

നായകന്‍ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോര്‍ 50 കടത്തി. 39 റണ്‍സ് വീതമെടുത്ത സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അശ്വിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് ടീം സ്‌കോര്‍ 100 കടത്തി. ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് ഇതിനിടെ പന്ത് സ്വന്തമാക്കി.

ന്യൂഡല്‍ഹി: 2013ലെ വാതുവയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. 10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ശ്രീശാന്ത് ആരാഞ്ഞു.

വാതുവയ്പ്പ് വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് എറിഞ്ഞത്, സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

ഇറാനി ട്രോഫി കളിച്ച് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇടം നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. അങ്ങനെ ലക്ഷ്യമുള്ള ഒരാള്‍ എന്തിന് ഇങ്ങനെ ചെയ്യുന്നു? അതും 10 ലക്ഷം രൂപയ്ക്ക് വേണ്ടി. ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്‍ വരെ 2 ലക്ഷം രൂപയാണ്.

എല്ലാ പേയ്മെന്റുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടെ എല്ലാം പ്രാര്‍ഥനകളാണ് ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ എന്നെ സഹായിച്ചത്, ശ്രീശാന്ത് പറഞ്ഞു.

27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി20യുമാണ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 169 രാജ്യാന്തര വിക്കറ്റും ശ്രീശാന്തിന്റെ അക്കൗണ്ടിലുണ്ട്. വാതുവയ്പ്പിനെ തുടര്‍ന്ന് ആജിവനാന്ത വിലക്ക് നേരിട്ടെങ്കിലും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിസിസിഐക്ക് ഇത് പിന്‍വലിക്കേണ്ടതായി വന്നു. വിലക്ക് കാലാവധി കഴിഞ്ഞ ശ്രീശാന്ത് കേരള ടീമില്‍ ഇടംപിടിച്ചിരുന്നു.

മുംബൈ: പാക് പര്യടനത്തില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പിന്മാറിയതില്‍ ബിസിസിഐ ഇടപെട്ടിട്ടില്ലെന്ന് ബിസിസിഐ പ്രതിനിധി. എല്ലായിടത്തും ഇന്ത്യയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ചില മുന്‍ താരങ്ങള്‍ ഒരു കാരണവുമില്ലാതെ ഐപിഎലിനെ ശപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

റമീസ് രാജയ്ക്ക് ഞങ്ങളുടെ ആശംസകള്‍. അദ്ദേഹത്തിനു കീഴില്‍ പാകിസ്താന്‍ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ. പാകിസ്താനിലേക്കുള്ള പര്യടനത്തില്‍ നിന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും പിന്മാറിയതില്‍ ബിസിസിഐക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിക്കട്ടെ. ഞങ്ങള്‍ക്ക് അതിനൊന്നും സമയമില്ല.

മാത്രമല്ല, ചില മുന്‍ താരങ്ങള്‍ ഒരു കാരണവുമില്ലാതെ ഐപിഎലിനെ ശപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഐപിഎലില്‍ നിന്ന് ലഭിക്കുന്ന പണത്തിനായി ഓസ്ട്രേലിയന്‍ താരങ്ങള്‍ തങ്ങളുടെ ഡിഎന്‍എ വരെ മാറ്റിയെന്ന് റമീസ് രാജ പറഞ്ഞതായി ഞാന്‍ എവിടെയോ വായിച്ചു.

തങ്ങളുടെ സ്വാഭാവികമായ ആക്രമണോത്സുകതയില്ലാതെ ഓസീസ് താരങ്ങള്‍ ഐപിഎലില്‍ കളിക്കുകയാണെന്നാണ് റമീസ് രാജ ആരോപിച്ചത്. ഇവിടെ ഐപിഎല്‍ എങ്ങനെ വന്നു, ഇത് എത്തരത്തിലുള്ള അസ്വസ്ഥതയാണ്, നിങ്ങള്‍ക്ക് സങ്കടമാണെന്ന് മനസ്സിലായി. പക്ഷേ, ഇന്ത്യയെ എല്ലായിടത്തും വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു.

ഷാര്‍ജ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ കീഴടക്കി ആദ്യ ജയം നേടി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബിനെ 135 റണ്‍സില്‍ ഒതുക്കിയതിന് ശേഷം മുംബൈ 6 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. ഇതോടെ 10 പോയിന്റോടെ മുംബൈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഹര്‍ദിക്കും സൗരഭ് തിവാരിയും ഒന്നിച്ചു പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് മുംബൈയെ ജയത്തിലേക്ക് എത്തിച്ചത്. സൗരഭ് തിവാരി 37 പന്തില്‍ 45 റണ്‍സ് നേടി. ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 40 റണ്‍സും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ്ങും രാഹുലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. 15 റണ്‍സെത്ത് മന്‍ദീപ് മടങ്ങി. ക്രിസ് ഗെയ്ല്‍ നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുലിന്റെ വിക്കറ്റും വീണു. നിക്കോളാസ് പൂരനാകട്ടെ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ഹൂഡയും മാര്‍ക്രവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ 100 കടത്തി. പക്ഷെ തൊട്ടുപിന്നാലെ മാര്‍ക്രം ക്ലീന്‍ ബൗള്‍ഡായി. 42 റണ്‍സെടുത്താണ് മാര്‍ക്രം പുറത്തായത്. ആറ് ബൗണ്ടറികള്‍ നിറഞ്ഞതായിരുന്നു ഇന്നിംഗ്സ്. പിന്നാലെ ഹൂഡയും മടങ്ങി. 28 റണ്‍സായിരുന്നു ഹൂഡയുടെ സമ്പാദ്യം.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും, പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ 82 റണ്‍സ് നേടിയാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം 433 റണ്‍സാണ്. 57 പന്ത് നേരിട്ട സഞ്ജു ഏഴ് ഫോറും മൂന്ന് സിക്സുമടക്കമാണ് 82 റണ്‍സ് നേടിയത്.

430 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനെ പിന്നിലാക്കിയാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.

അതേസമയം ഐപിഎല്ലില്‍ 3000 റണ്‍സ് എന്ന നാഴികകല്ലും മത്സരത്തില്‍ സഞ്ജു പിന്നിട്ടു. 117 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. 117 മത്സരങ്ങളില്‍ നിന്നും 29.87 ശരാശരിയില്‍ 3017 റണ്‍സാണ് സഞ്ജു നേടിയത്. 3 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 119 റണ്‍സാണ് സഞ്ജുവിന്റെ ഹൈസ്‌കോര്‍.

ദുബായ്: തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ രാജസ്ഥാനെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഇതോടെ വിലപ്പെട്ട രണ്ടുപോയിന്റുകള്‍ നേടി സെമി പ്രതീക്ഷകള്‍ സജീവമാക്കാനിരുന്ന രാജസ്ഥാന് മുന്നില്‍ സീസണിലെ രണ്ടാം ജയവുമായി ഹൈദരാബാദ് വിലങ്ങിട്ടു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 165 വിജയലക്ഷ്യം 18.2 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് അനായാസം മറികടന്നു. 42 പന്തില്‍ 60 റണ്‍സുമായി കിട്ടിയ അവസരം മുതലെടുത്ത ജേസണ്‍ റോയിയും (42 പന്തില്‍ 60) സീസണിലാദ്യമായി താളം വീണ്ടെടുത്ത നായകന്‍ കെയിന്‍ വില്യംസണും (41 പന്തില്‍ 51 നോട്ടൗട്ട്) ആണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്

സഞ്ജു സാംസന്റെ കരുത്തിലാണ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്. 57പന്തില്‍ ഏഴുബൗണ്ടറികളും മൂന്നുസിക്‌സറുകളുമടക്കം ചേര്‍ത്ത 82 റണ്‍സോടെ സഞ്ജു ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുമ്പനുള്ള ഓറഞ്ച് തൊപ്പിയും ഐ.പി.എല്ലില്‍ 3000 റണ്‍സെന്ന ഖ്യാതിയും സ്വന്തമാക്കി.

ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന് പിഴ നല്‍കിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഒരു കളിയില്‍ വിലക്കിന് സാധ്യത.

നേരത്തെ, പഞ്ചാബ് കിങ്‌സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന് സഞ്ജുവിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇതാവര്‍ത്തിച്ചപ്പോള്‍ പിഴ 24 ലക്ഷമായി.

മൂന്നാംതവണയും കുറഞ്ഞ ഓവര്‍ നിരക്കാണെങ്കില്‍ കളിയില്‍ വിലക്കും, 30 ലക്ഷം രൂപയും ഒടുക്കേണ്ടിവരും.

രണ്ടാംതവണത്തെ പിഴവിന് സഹകളിക്കാര്‍ക്കും പിഴയുണ്ട്. അവര്‍ ആറുലക്ഷം രൂപയോ മത്സരത്തുകയുടെ 25 ശതമാനമോ നല്‍കണം. മൂന്നാമത്തെ പിഴവിന് ക്യാപ്റ്റനെ വിലക്കുമ്പോള്‍ സഹകളിക്കാര്‍ 12 ലക്ഷം രൂപ നല്‍കണം. ബൗളിങ് ടീം ഒന്നരമണിക്കൂറില്‍ നിശ്ചിത 20 ഓവറാണ് പൂര്‍ത്തിയാക്കേണ്ടത്.

അബുദാബി: ഐപിഎല്ലിലെ നിലവിലെ കരുത്തന്മാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 171/6 എന്ന സ്‌കോറിലെത്തിയപ്പോള്‍ ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തുകയായിരുന്നു. വിജയത്തിലേക്ക് കുതിച്ച ചെന്നൈയുടെ രണ്ട് വിക്കറ്റുകള്‍ അവസാന ഓവറില്‍ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും അവസാന പന്തില്‍ ദീപക് ചഹര്‍ വിജയം പൂര്‍ത്തിയാക്കി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി രാഹുല്‍ ത്രിപാതിയും (45), നിതീഷ് റാണയും (37), ആന്ദ്രേ റസലും (20) ദിനേഷ് കാര്‍ത്തിക്കും (26) നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി റിതുരാജ് ഗെയ്ക്ക്വാദും (40), ഡുപ്‌ളെസിയും (43) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തുകളില്‍ രണ്ടുഫോറും മൂന്ന് സിക്‌സുമടക്കം 40റണ്‍സടിച്ച റിതുരാജ് എട്ടാം ഓവറില്‍ മടങ്ങുമ്പോള്‍ ചെന്നൈ 74 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് ഡുപ്‌ളെസി, മൊയീന്‍ അലി(32), അമ്പാട്ടി റായ്ഡു(10), സുരേഷ് റെയ്‌ന(11), ധോണി (1) എന്നിവര്‍ പുറത്തായതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ രവീന്ദ്ര ജഡേജ എട്ടുപന്തില്‍ 22 റണ്‍സ് നേടി വിജയത്തിനരികിലെത്തിച്ച് അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായി. തുടര്‍ന്നാണ് ചഹര്‍ വിജയം പൂര്‍ത്തിയാക്കിയത്.

ഇതോടെ പത്തുകളികളില്‍ നിന്ന് 16 പോയിന്റായ ചെന്നൈ പ്‌ളേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി. കൊല്‍ക്കത്ത എട്ടുപോയിന്റുമായി നാലാമതാണ്.

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ആറുവിക്കറ്റ് നഷ്ത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ 18.1 ഓവറില്‍ 111ന് ആള്‍ഔട്ടായി.

ഹാട്രിക്ക് അടക്കം നാലുവിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂരിന്റെ വിജയത്തിന്റെ അമരക്കാരന്‍. യുവേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും ഗ്‌ളെന്‍ മാക്‌സ്വെല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

17-ാം ഓവറില്‍ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാഡ്, രാഹുല്‍ ചഹര്‍ എന്നിവരെയാണ് ഹര്‍ഷല്‍ പട്ടേല്‍ അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയത്. ആര്‍.സി.ബിക്ക് വേണ്ടി വിരാട് കൊഹ്ലിയും (51)ഗ്‌ളെന്‍ മാക്‌സ്വെല്ലും (56) അര്‍ദ്ധസെഞ്ച്വറികള്‍ നേടിയിരുന്നു.