പ്രസിഡന്റാവാന്‍ ഇടിക്കൂട് വിട്ട് പാക്വിയാവോ, ബോക്സിങ്ങില്‍ നിന്നു വിരമിച്ചു !

മനില: ഫിലിപ്പീന്‍സ് ബോക്സിങ് ഇതിഹാസം മാനി പാക്വിയാവോ ബോക്സിങ്ങില്‍നിന്നു വിരമിച്ചു. 2022 മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മാനി പാക്വിയാവോ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കുന്നത്.

2016 മുതല്‍ സെനറ്ററാണ് അദ്ദേഹം. 42 വയസുകാരനായ മാനി ജനപ്രതിനിധി സഭയില്‍ രണ്ടുവട്ടം അംഗമായി. ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവിട്ടത്.

നാലു വ്യത്യസ്ത വിഭാഗങ്ങളില്‍ ലോക ചാമ്പ്യനായ ഏകതാരമാണ് പാക്വിയാവോ. യു.എസിലെ ലാസ് വേഗാസില്‍ ക്യൂബയുടെ യോര്‍ഡെനിസ് ഉഗാസിനെതിരേ കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ തോറ്റിരുന്നു. പാക്വിയാവോയെ തോല്‍പ്പിച്ച് ഉഗാസ് ഡബ്ല്യു.ടി.എ. വെല്‍ട്ടര്‍വെയ്റ്റ് കിരീടം നിലനിര്‍ത്തിയിരുന്നു.