ശ്രീജേഷിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീജേഷിനെ മുഖ്യമന്ത്രി ഊഷ്മളമായി സ്വീകരിച്ചു. ഒളിംപിക്‌സ് മെഡല്‍ നേടിയശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ആദരവ് ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ശ്രീജേഷ്.

ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് മുഖ്യമന്ത്രിയെ കാണിച്ചു. മുഖ്യമന്ത്രി അത് കയ്യിലേന്തി ശ്രീജേഷിനെ അഭിനന്ദിച്ചു. ആ ചിത്രം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്നും ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും മുഖ്യമന്ത്രി കുറിച്ചു. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അതേസമയം, ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പും ഗംഭീര സ്വീകരണം നല്‍കി ആദരിച്ചു. സെക്രട്ടേറിയറ്റില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ആനയിച്ചു. വഴിയോരത്ത് കാത്ത് നിന്നവര്‍ റോസാപ്പൂക്കള്‍ പ്രിയ താരത്തിന് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയിലായിരുന്നു ശ്രീജേഷ് ജോലിചെയ്തിരുന്നത്. ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റമായ വിദ്യാഭ്യാസ വകുപ്പ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് ജോയിന്റ് ഡയറക്ടറായി ശ്രീജേഷ് ഇന്നലെ ചുമതലയേറ്റു.

പുതിയ പദവി കൂടുതല്‍ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം ശ്രീജേഷ് പറഞ്ഞു. കൂടുതല്‍ താരങ്ങളെ കേരളത്തില്‍ നിന്നും ഒളിംപിക്സ് ലെവലില്‍ എത്തിക്കാന്‍ ശ്രമിക്കും. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളില്‍ ടര്‍ഫുകള്‍ ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ബാബു.കെ എന്നിവര്‍ക്കൊപ്പം വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.