ബയോ ബബിള്‍ സമ്മര്‍ദ്ദം; പഞ്ചാബ് കിങ്‌സ് താരം ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ നിന്ന് മടങ്ങി !

ദുബായ്: പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഐ.പി.എല്ലില്‍ നിന്ന് മടങ്ങി. ബയോ ബബിളില്‍ നിയന്ത്രണങ്ങള്‍ മടുപ്പിച്ചതോടെയാണ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ ഐപിഎല്ലിനോട് താത്കാലികമായ വിട പറഞ്ഞിരിക്കുകയാണ്.

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയില്‍ ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഉണര്‍വ് കണ്ടെത്തുകയാണ് പിന്മാറ്റത്തിലൂടെ താരത്തിന്റെ ലക്ഷ്യം.

ഐ.പി.എല്ലിലെ ബയോ ബബിള്‍ ജീവിതം ദുഷ്‌കരമായതിനാല്‍ ക്രിസ് ഗെയ്ല്‍ ലീഗില്‍ നിന്ന് മടങ്ങുകയാണ്. ആദ്യം കരീബിയന്‍ പ്രീമിര്‍ ലീഗിലെ ബയോ ബബിളിലും പിന്നീട് ഐ.പി.എല്‍ ബബിളിലും ഭാഗമായിരുന്നതിനാല്‍ ടി-20 ലോകകപ്പിനു മുന്‍പ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നെന്ന് പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്‍് അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ് ഇന്‍ഡീസ്, സിപിഎല്‍, ഐപിഎല്‍ എന്നിവയുടെ ബയോ ബബിളിന്റെ ഭാഗമായിരുന്നെന്നും, ഇതില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇടവേള അനുവദിച്ച പഞ്ചാബ് കിങ്‌സിന് നന്ദിയെന്ന് പ്രസ്താവനയില്‍ ഗെയില്‍ പറഞ്ഞു.

അതേസമയം, ഗെയിലിന്റെ പിന്മാറ്റത്തില്‍ പരിശീലകന്‍ അനില്‍ കുംബ്ലെ പിന്തുണ അറിയിച്ചു. ക്രിസിനെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ പരിശീലിപ്പിക്കാനും സാധിച്ചു. വളരെ പ്രൊഫഷണലായുള്ള സമീപനമാണ് ഗെയിലിന്റേത്. ലോകകപ്പിന് തയാറെടുക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തെ ടീം ഒന്നടങ്കം ബഹുമാനിക്കുന്നെന്ന് കുംബ്ലെ വ്യക്തമാക്കി.