ഐപിഎല്‍; രാജസ്ഥാനെ കീഴടക്കി പ്ലേഓഫ് സാധ്യതയ്ക്ക് തിളക്കം കൂട്ടി ബാംഗ്ലൂര്‍

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂരിനു തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ജയത്തോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതയ്ക്ക് തിളക്കം കൂടി.

30 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ മാക്സ് വെല്ലിന്റെ പ്രകടനവും, കെഎസ് ഭരത്തിന്റെ 35 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഇന്നിങ്സുമാണ് ബാംഗ്ലൂരിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. 25 റണ്‍സ് എടുത്ത കോഹ് ലിയേയും 22 റണ്‍സ് എടുത്ത പടിക്കലിനേയും നഷ്ടപ്പെട്ട ശേഷം ബാംഗ്ലൂരിന്റെ റണ്‍ഒഴുക്ക് പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നു.

മികച്ച തുടക്കം ലഭിച്ച രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് അവരെ തുണച്ചത്. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 149ലേക്ക് രാജസ്ഥാന്‍ ഇന്നിങ്സ് എത്തിയത്. 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത ചഹലാണ് കളിയിലെ താരം.