പരിശീലനത്തിനിടെ രോഹിത് ശര്‍മ്മക്ക് പരിക്ക്; ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യം സംശയത്തില്‍

ഇന്ത്യന്‍ ഏകദിന-ടി20 ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പരിക്ക്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന് കൈ വിരലിന് പരിക്കേറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി.

ഡിസംബര്‍ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായതിന് ശേഷം രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യ കളിക്കാന്‍ പോവുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്.

രോഹിത്തിന് പകരം ഇന്ത്യ എ ടീം ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചാലിനെ കവര്‍ പ്ലെയറായി ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് ശര്‍മ്മ കളിക്കുന്ന കാര്യം ഉറപ്പില്ല.