വിജയ് ഹസാരെ ട്രോഫിയില്‍ ചണ്ഡിഗഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം തുടര്‍ച്ചയായ രണ്ടം ജയം സ്വന്തമാക്കി. ചണ്ഡിഗഡ് മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യം 34.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം മറികടന്നു.
അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് (72 ബോളില്‍ 54*) കേരളത്തിന്റെ ടോപ് സ്കോറര്‍. കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന് 45 റണ്‍സും റോഹന്‍ കുന്നുമ്മല്‍ 36 റണ്‍സും നേടി. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ 82 റണ്‍സാണ് റോഹന്‍-അസ്ഹറുദ്ദീന് സഖ്യം സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍, പിന്നീട് അടുത്തടുത്ത് നാല് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. സ്കോര്‍ 82 ല്‍ നില്‍ക്കെ ആദ്യ മൂന്ന് വിക്കറ്റും 89 ലേക്ക് എത്തിയപ്പോള്‍ സച്ചിന് ബേബിയേയും കേരളത്തിന് നഷ്ടമായി. മത്സരത്തില്‍ നായകന് സഞ്ജു സാംസണ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ചണ്ഡിഗഡിനായി അജയ് മണ്ഡല് മൂന്നും സുമിത് റൂയിക്കര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടിയ ചണ്ഡിഗഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍പ്രീത് സിംഗ് ഭാട്ടിയ നടത്തിയ ചെറുത്തു നില്‍പ്പാണ് ചണ്ഡിഗഡിന് 189 റണ്‍സ് നേടി കൊടുത്തത്.

