Sports (Page 150)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച ശ്രീ ഫൈനലില്‍ സിംഗപ്പൂരിന്റെ യുവതാരം ലോ കീന്‍ യോവിനോട് ശരിക്കും പൊരുതിത്തന്നെയാണ് കീഴടങ്ങിയത്. സ്‌കോര്‍ 15-21,20-22.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്നത്. ഇതിന് മുമ്പ്് മൂന്ന് പുരുഷ താരങ്ങള്‍ വെങ്കലം നേടിയിട്ടുണ്ട്. പ്രകാശ് പദുക്കോണ്‍, ബി സായ്പ്രണീത്, ലക്ഷ്യസെന്‍ എന്നിവരാണ് രാജ്യത്തിന്റെ വെങ്കലമെഡല്‍ നേട്ടക്കാര്‍. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും സൈന നെഹ്വാളും ഫൈനലില്‍ കളിച്ചിട്ടുണ്ട്.

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നുമായി കേരള ബ്‌ളാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബയ് സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയിരുന്ന ബ്‌ളാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ മുംബൈ താരം മൗര്‍ത്താദ ഫാള്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായത് ബ്‌ളാസ്റ്റേഴ്‌സിന് പെനാല്‍റ്റിയുടെ വഴിയും തുറന്നു. സഹല്‍ അബ്ദുല്‍ സമദ്,അല്‍വാരോ വസ്‌ക്വേസ്,ജോര്‍ജ് പെരേര എന്നിവരാണ് ബ്‌ളാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. 27-ാം മിനിട്ടില്‍ പെരേരയുടെ പാസില്‍ നിന്ന് സഹലാണ് അക്കൗണ്ട് തുറന്നത്. ഇടവേള കഴിഞ്ഞെത്തിയതിന് പിന്നാലെ ജീക്ക്‌സണിന്റെ പാസില്‍നിന്ന് വസ്‌ക്വേസ് വലകുലുക്കി. മൂന്ന് മിനിട്ടിന് ശേഷം ഫാളിന് ചുവപ്പുകാര്‍ഡ് കാട്ടിയ റഫറി വിധിച്ച പെനാല്‍റ്റിയാണ് പെരേര ഗോളാക്കി മാറ്റിയത്.

ഈ വിജയത്തോടെ ആറുകളികളില്‍ നിന്ന് ഒന്‍പത് പോയിന്റായ ബ്‌ളാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് കളികളില്‍ 15 പോയിന്റുമായി മുംബൈ സിറ്റി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ന്യൂഡല്‍ഹി: ടെസ്റ്റ് ക്യാപ്ടന്‍ വിരാട് കോഹ്ലിയെ കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. കോഹ്ലിയുടെ ആറ്റിറ്റിയൂഡ് ഇഷ്ടമാണെങ്കിലും അയാള്‍ എപ്പോഴും അടിയുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്നാണ് ഗാംഗുലി പറയുന്നത്.

ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമില്‍ നടന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗാംഗുലി. കോഹ്ലിയെ ഏകദിന ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുര്‍ന്നുണ്ടായ വിവാദം അടങ്ങി വരുന്നതേയുള്ളു. അപ്പോഴാണ് കോഹ്ലിയെ കുറിച്ചുള്ള തന്റെ അഭിപ്രായം ഗാംഗുലി വ്യക്തമാക്കുന്നത്.

ഏകദിന ക്യാപ്ടന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പായി താന്‍ കോഹ്ലിയോട് ഇതിനെകുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍, തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് അഞ്ച് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഒരു ഫോണ്‍കോള്‍ വഴിയാണ് ഏകദിന ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയാണെന്ന് സെലക്ടര്‍മാര്‍ പറഞ്ഞതെന്നാണ് കോഹ്ലി പറഞ്ഞിരുന്നത്.

ധാക്ക: ഏഷ്യന്‍ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാക്കളായ ഇന്ത്യ സെമി ഫൈനലിലെത്തി. റൗണ്ട് റോബിന്‍ മാച്ചില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെ വീഴ്ത്തിയത്.

പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് രണ്ട് ഗോള്‍ കണ്ടെത്തിയ വൈസ് ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് സിംഗാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അകാശ്ദീപ് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ നേടി. ജുനൈദ് മന്‍സൂറാണ് പാകിസ്ഥാനായി ഒരുഗോള്‍ മടക്കിയത്. അറ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ഐഎസ്എല്ലിലെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് ടീം പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കി എടികെ മോഹന്‍ ബഗാന്‍. നാലാം മത്സരത്തില്‍ ജയം കൈവിട്ട് പോയന്റ് പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും എത്താനാവാതെ വന്നതോടെയാണ് ടൂര്‍ണമെന്റിനിടക്കുതന്നെ എടികെ പരിശീലകനെ പുറത്താക്കുന്നത്. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതുവരെ ഹബാസിന് കീഴില്‍ സഹപരിശീലകനായ മാന്യുവല്‍ കാസ്‌കല്ലാന ടീമിന്റെ ഇടക്കാല പരിശീലകനാവുമെന്ന് എടികെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍, ഐഎസ്എല്ലില്‍ എടികെക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ഹബാസ്. ഈ നേട്ടം കൈവരിക്കുന്ന ഐഎസ്എല്ലിലെ ആദ്യ പരിശീലകനും ഇദ്ദേഹം തന്നെ. താരനിബിഡമാണെങ്കിലും ഇത്തവണ എടികെക്ക് മുന്നേറ്റത്തിലും പ്രതിരോധത്തിലും പിഴച്ചതാണ് പല മത്സരങ്ങളിലും തോല്‍വിയിലേക്ക് നയിച്ചത്. പ്രതിരോധനിരയിലെ കരുത്തായിരുന്ന സന്ദേശ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ലീഗില്‍ സൈബനിക്കിനായി കളിക്കാന്‍ പോയതോടെ എടികെ പ്രതിരോധം ദുര്‍ബലമായി.

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍വി രുചിച്ച് ഈസ്റ്റ് ബംഗാള്‍. കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. മലയാളി താരം വി പി സുഹൈറും പാട്രിക് ഫ്‌ലോട്ട്മാനുമാണ് നോര്‍ത്ത് ഈസ്റ്റിനായി വലകുലുക്കിയത്. ജയത്തോടെ നോര്‍ത്ത് ഏഴ് കളികളില്‍ ഏഴ് പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഏഴ് കളികളില്‍ മൂന്ന് പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു.

തുടക്കത്തില്‍ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമിച്ചു കളിച്ചത്. പന്തടക്കത്തിലും പാസിംഗിലും ഈസ്റ്റ് ബംഗാള്‍ മുന്നിട്ടു നിന്നു. ആദ്യ നിമിഷങ്ങളില്‍ ആസൂത്രിത ആക്രമണങ്ങളൊന്നും നടത്താന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. പതുക്കെ നോര്‍ത്ത് ഈസ്റ്റ് കളം പിടിച്ചുവെങ്കിലും കളി ആദ്യ ഇരുപത് മിനിറ്റും മധ്യനിരയില്‍ ഒതുങ്ങി നിന്നു. ആദ്യ 20 മിനിറ്റിന് ശേഷം ഇരു ടീമുകള്‍ക്കും അവസരം ലഭിച്ചെങ്കിലും മുന്നേറ്റ നിരക്ക് അതൊന്നും മുതലാക്കാനായില്ല.

ആദ്യ പകുതിയില്‍ ഇരു ടീമുകളും അവസരങ്ങള്‍ തുലക്കാന്‍ മത്സരിച്ചപ്പോള്‍ ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യമായ ആക്രമണത്തിനൊന്നും ഇരു ടീമുകളും മുതിര്‍ന്നില്ല. എന്നാല്‍ 62-ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. കളിയുടെ ഇഞ്ചുറി ടൈമില്‍ ഖാസ കമാറയുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ആന്റോണിയോ പെര്‍സോവിച്ച് ചുവപ്പു കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് ഈസ്റ്റ് ബംഗാള്‍ മത്സരം പൂര്‍ത്തിയാക്കിയത്.

മാഡ്രിഡ്: സ്‌പെയ്‌നില്‍ വെച്ച് നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡ് താരം പോപാവീ ചോചുവാംഗ്‌നെ കീഴടക്കിയാണ് സിന്ധുവിന്റെ മുന്നേറ്റം. തുടര്‍ച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 21-14,21-18 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്ന ആറാം സീഡായ സിന്ധു ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പ്രീ ക്വാര്‍ട്ടറില്‍ കാഴ്ച വെച്ചത്. കഴിഞ്ഞ ആദ്യ ഗെയിം 21-14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ കുറച്ച് വെല്ലുവിളി നേരിട്ടെങ്കിലും 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിട്ട് നീണ്ടു നിന്നു.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയ്യും ലക്ഷ്യാ സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

ബംബോലിം: ഐഎസ്എല്ലിലെ വീറുറ്റ പോരാട്ടത്തിനൊടുവില്‍ ബംഗളൂരു എഫ്‌സിക്കും എടികെ മോഹന്‍ബഗാനും ആവേശ സമനില. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് തുല്യതയിലെത്തി. ക്ലെയ്റ്റണ്‍ സില്‍വയും ഡാനിഷ് ഫാറൂഖും പ്രിന്‍സ് ഇബ്രയും ബംഗലൂരുവിനായി സ്‌കോര്‍ നേടിയപ്പോള്‍ സുഭാശിഷ് ബോസും ഹ്യൂഗോ ബോമസും റോയ് കൃഷ്ണയുമായിരുന്നു എടികെക്കായി ഗോളുകള്‍ നേടി.

തുടക്കം മുതല്‍ തന്നെ ആക്രമണ ഫുട്‌ബോളുമായി ഇരു ടീമുകളം കളം പിടിച്ചതോടെ മത്സരം ആവേശകരമായി. എട്ടാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗലൂരുവിനായി ആദ്യ അവസരം സൃഷ്ടിച്ചെങ്കിലും എടികെ അപകടം ഒഴിവാക്കി. പതിമൂന്നാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് സുഭാശിഷ് എടികെയെ മുന്നിലെത്തിച്ചെങ്കിലും ആഹ്ലാദത്തിന് അധികം ആയസുണ്ടായില്ല. ക്ലെയ്റ്റണ്‍ സില്‍വയെ ലിസ്റ്റണ്‍ കൊളോക്കോ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ക്ലെയ്റ്റണ്‍ തന്നെ ഗോളാക്കിയതോടെ കളി സമനിലയിലായി. അധികം വൈകാതെ ഫാറൂഖിലൂടെ ബെംഗലൂരു ലിഡെടുക്കുകയും ചെയ്തു. കോര്‍ണറില്‍ നിന്നായിരുന്നു ഇത്തവണയും ഗോള്‍ വന്നത്. ലീഡെടുത്തതോടെ ബെംഗലൂരു കൂടുതല്‍ പന്തടക്കം കാട്ടിയെങ്കിലും 10 മിനിറ്റിനകം സമനില വീണ്ടെടുത്ത് ഹ്യൂഗോ ബോമസ് എടികെയെ ഒപ്പമെത്തിച്ചു. റോയ് കൃഷ്ണയുടെ പാസില്‍ നിന്നായിരുന്നു ബോമസിന്റെ ഗോള്‍.

ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പിരിഞ്ഞ ഇരു ടീമും രണ്ടാം പകുതിയിലും ആക്രമണ ഫുട്‌ബോള്‍ തുടര്‍ന്നു. 57-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ പ്രിന്‍സ് ഇബ്ര പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് എടികെക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല. എടികെ വീണ്ടും മുന്നിലെത്തിയതോടെ ബംഗളൂരു സമനില ഗോളിനായി ആക്രമണം കനപ്പിച്ചു. റോയ് കൃഷ്ണയെ വീഴ്ത്തി വില്ലനായ പ്രിന്‍ ഇബ്ര തന്നെ അവരുടെ നായകനുമായി. 72-ാാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ഇബ്ര ഹെഡ്ഡറിലൂടെ ബംഗളൂരുവിന് സമനില സമ്മാനിച്ചത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്സിയെ തോല്‍പ്പിച്ച് മുംബൈ സിറ്റി എഫ്സി. 86-ാം മിനിറ്റില്‍ രാഹുല്‍ ബെഹ്കെയാണ് മുംബൈയുടെ ഗോള്‍ നേടിയത്. മത്സരരത്തില്‍ മുന്‍തൂക്കവും മുംബൈക്ക് തന്നെയായിരുന്നു. ആറ് മത്സരങ്ങളില്‍ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമതാണ്.

15 ഷോട്ടുകളാണ് മുംബൈ തൊടുത്തത്. ഇതില്‍ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. ഗോള്‍വര കടന്നത് ഒരെണ്ണം മാത്രമാണ്. മറുവശത്ത് ചെന്നൈ ഏഴ് ഷോട്ടുകള്‍ തൊടുത്തു. രണ്ടെണ്ണം മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിച്ചത്. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. നിലവിലെ ചാംപ്യന്മാരായ മുംബൈ അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു. ചെന്നൈയിന്റെ അമിത പ്രതിരോധവും വിലങ്ങുതടിയായി. എന്നാല്‍, 86 -ാം മിനിറ്റില്‍ വിജയഗോളെത്തി. അഹമ്മദ് ജഹൗഹിന്റെ പാസില്‍ തലവച്ച് രാഹുലാണ് വലകുലുക്കിയത്.

മാട്രിഡ്: ബാഴ്‌സയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ശാരീരിക പ്രശ്‌നങ്ങളാണ് വിരമിക്കാന്‍ കാരണം. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഗ്യൂറോ കളിക്കളത്തിലേക്ക് മടങ്ങി വരുന്നത് പ്രയാസമാണെന്ന് ബാഴ്‌സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. 33കാരനായ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ആറുമാസം മുമ്പാണ് ബാഴ്‌സലോണയിലേക്ക് കൂടുമാറിയത്.

സിറ്റിയിലെ 10 വര്‍ഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവര്‍ണകാലം. ടീമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടത്തിന് എന്നും നന്ദി പറയേണ്ടത് അഗ്യൂറോയോട് തന്നെ. അവസാന നിമിഷത്തിലെ അവിസ്മരണീയ ഗോള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 260 ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററായി.

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ മെസിയോടൊപ്പം പലതവണ കിരീടം കൈവിട്ടെങ്കിലും കോപ്പ അമേരിക്ക നേട്ടത്തില്‍ അഗ്യൂറോയും പങ്കാളിയായി. ഒടുവില്‍ ആരോഗ്യത്തിനോട് പടവെട്ടി അഗ്യൂറോ ബൂട്ടുകളഴിക്കുകയാണ്. 18 വര്‍ഷം നീണ്ട കരിയറിനാണ് 33-ാം വയസില്‍ വിരാമമാകുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു അഗ്യൂറോ.