മാട്രിഡ്: ബാഴ്‌സയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ശാരീരിക പ്രശ്‌നങ്ങളാണ് വിരമിക്കാന്‍ കാരണം. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഗ്യൂറോ കളിക്കളത്തിലേക്ക് മടങ്ങി വരുന്നത് പ്രയാസമാണെന്ന് ബാഴ്‌സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. 33കാരനായ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് ആറുമാസം മുമ്പാണ് ബാഴ്‌സലോണയിലേക്ക് കൂടുമാറിയത്.
സിറ്റിയിലെ 10 വര്‍ഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവര്‍ണകാലം. ടീമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടത്തിന് എന്നും നന്ദി പറയേണ്ടത് അഗ്യൂറോയോട് തന്നെ. അവസാന നിമിഷത്തിലെ അവിസ്മരണീയ ഗോള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 260 ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററായി.
അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ മെസിയോടൊപ്പം പലതവണ കിരീടം കൈവിട്ടെങ്കിലും കോപ്പ അമേരിക്ക നേട്ടത്തില്‍ അഗ്യൂറോയും പങ്കാളിയായി. ഒടുവില്‍ ആരോഗ്യത്തിനോട് പടവെട്ടി അഗ്യൂറോ ബൂട്ടുകളഴിക്കുകയാണ്. 18 വര്‍ഷം നീണ്ട കരിയറിനാണ് 33-ാം വയസില്‍ വിരാമമാകുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു അഗ്യൂറോ.

