ഐഎസ്എല്‍: മിന്നിത്തിളങ്ങി ബ്ലാസ്‌റ്റേഴ്‌സ്‌

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നുമായി കേരള ബ്‌ളാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബയ് സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയിരുന്ന ബ്‌ളാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ മുംബൈ താരം മൗര്‍ത്താദ ഫാള്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായത് ബ്‌ളാസ്റ്റേഴ്‌സിന് പെനാല്‍റ്റിയുടെ വഴിയും തുറന്നു. സഹല്‍ അബ്ദുല്‍ സമദ്,അല്‍വാരോ വസ്‌ക്വേസ്,ജോര്‍ജ് പെരേര എന്നിവരാണ് ബ്‌ളാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. 27-ാം മിനിട്ടില്‍ പെരേരയുടെ പാസില്‍ നിന്ന് സഹലാണ് അക്കൗണ്ട് തുറന്നത്. ഇടവേള കഴിഞ്ഞെത്തിയതിന് പിന്നാലെ ജീക്ക്‌സണിന്റെ പാസില്‍നിന്ന് വസ്‌ക്വേസ് വലകുലുക്കി. മൂന്ന് മിനിട്ടിന് ശേഷം ഫാളിന് ചുവപ്പുകാര്‍ഡ് കാട്ടിയ റഫറി വിധിച്ച പെനാല്‍റ്റിയാണ് പെരേര ഗോളാക്കി മാറ്റിയത്.

ഈ വിജയത്തോടെ ആറുകളികളില്‍ നിന്ന് ഒന്‍പത് പോയിന്റായ ബ്‌ളാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് കളികളില്‍ 15 പോയിന്റുമായി മുംബൈ സിറ്റി തന്നെയാണ് ഒന്നാം സ്ഥാനത്ത്.