സൂറിച്ച്: റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്ത് വീണ്ടും കര്‍ശന നടപടിയുമായി ഫിഫ രംഗത്ത്. ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും അനിശ്ചിതകാലത്തേക്ക് റഷ്യയെ വിലക്കാന്‍ ആഗോള ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ തീരുമാനിച്ചു.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഫിഫയുടെ നടപടി. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഈ നീക്കം.
അതേസമയം, നേരത്തെ റഷ്യക്ക് രാജ്യത്തിന്റെ പേരില്‍ മത്സരിക്കുന്നതിനും ദേശീയ പതാകയോ ദേശീയ ഗാനമോ ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്നതിനും ഫിഫ നേരത്തേ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

