ന്യൂ ഡൽഹി : ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയെ അഭിനന്ദിച്ച് നാസ, യൂറോപ്യൻ, യു കെ സ്പേസ് എന്നീ ആഗോള ബഹിരാകാശ ഏജൻസികൾ. റഷ്യ, അമേരിക്ക, യു എ ഇ, സൗത്ത് ആഫ്രിക്ക, നേപ്പാൾ, മാലിദ്വീപ് അടക്കം നിരവധി രാജ്യങ്ങളും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്. ഐഎസ്ആർഒ സംഘത്തെ ഇന്ത്യൻ പ്രസിഡന്റും അഭിനന്ദിച്ചു.
ലോകത്തെ സാക്ഷിയാക്കി ഇന്നോളം ഒരു രാജ്യവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരുന്നു ഇന്ത്യ ചന്ദ്രയാൻ -3 യുടെ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇന്നലെ വൈകിട്ട് 5.45 ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 19 മിനിട്ടും 39 സെക്കൻഡും എടുത്താണ് പൂർത്തിയാക്കിയത്. മാഴ്സിനസ് സി, സിംപിലയസ് എന്നീ ഗർത്തങ്ങളുടെ ഇടയിലായിരുന്നു ചന്ദ്രയാൻ -3 ലാൻഡ് ചെയ്തത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യം എന്ന ഖ്യാതി ഇതോടെ ഇന്ത്യക്ക് സ്വന്തമായിരിക്കുകയാണ്.

