ബെംഗളൂരു: ഇന്ത്യയുടെ അടുത്ത ബഹിരാകാശ ദൗത്യത്തെ കുറിച്ച് വിശദമാക്കി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ശ്രീഹരിക്കോട്ടയിൽ ഒരുങ്ങുന്ന ആദിത്യ എൽ-1 മിഷൻ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അറിയിച്ചു.
ആദിത്യ എൽ-1 സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയൻ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിൽ ആദിത്യ എൽ-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ് സോമനാഥ് അറിയിച്ചത്. ചന്ദ്രയാൻ-3 ദൗത്യം വിജകരമായി പൂർത്തീകരിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 23 ന് ഇന്ത്യൻ സമയം 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 നാണ് സോഫ്റ്റ് ലാൻഡിംഗ് ദൗത്യം ആരംഭിച്ചത്. മിഷൻ വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി.

