തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിസന്ധികളില്ലെന്നും അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറ്റ് വർധനയ്ക്ക് പകരം ബാച്ച് വർധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ല. കുറെ കുട്ടികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ക്ലാസിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും. ജമ്പോ ബാച്ചുകൾ അനുവദിക്കുന്ന വിഷയം ചർച്ചയിലുണ്ട്. ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സമരം നടക്കുമെന്ന സൂചനയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. അധിക ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

