Recent Posts (Page 3,473)

ജനീവ: കൊവിഡ് രോഗം ഉത്ഭവിച്ചത് വവ്വാലിൽ നിന്നും ഏതോ മൃഗത്തിലൂടെ മനുഷ്യനിൽ എത്തിയതാണെന്ന ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിനെ എതിർത്ത് 14 രാജ്യങ്ങൾ.അന്വേഷണത്തിൽ വന്ന താമസവും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലാത്തതുമാണ് വിവിധ രാജ്യങ്ങൾ എതിർപ്പ് ഉന്നയിക്കാൻ കാരണം.വുഹാനിലെ പരീക്ഷണശാലയിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് അമേരിക്കയാണ് കഴിഞ്ഞവർഷം ആദ്യമായി ആരോപണം ഉന്നയിച്ചത്.

എന്നാൽ ചൈന ആ വാദത്തെ ശക്തിയുക്തം എതിർത്തിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ചൈനീസ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടത്.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ എതിർക്കുന്ന രാജ്യങ്ങൾ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപബ്ളിക്, ഡെൻമാർക്ക്, എസ്‌തോണിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ രോഗത്തിന്റെ ഉത്ഭവം പഠിക്കാനുള‌ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ അനുകൂലിക്കുന്നു.

എന്നാൽ പഠനസംഘത്തിന് രോഗം ഉത്ഭവിച്ചതിനെയും പടർന്നുപിടിച്ചതിനെ കുറിച്ചുള‌ള ശരിയായ തെളിവുകളും സാമ്പിളുകളും ശേഖരിക്കാൻ കഴിയാതെ വന്നെന്നും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലെന്നും ഈ രാജ്യങ്ങൾ കരുതുന്നു.ജപ്പാൻ, ലാത്വിയ,ലിത്വാനിയ, നോർവെ, ദക്ഷിണ കൊറിയ, സ്‌ളൊവേനിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തുന്നു. അതേസമയം രോഗം പടർന്നതിനെ കുറിച്ച് കൂടുതൽ ശക്തമായ നിഗമനങ്ങളിൽ എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രേയെസസ് അഭിപ്രായപ്പെട്ടു.

നിലവിലെ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ് സംഘം അന്വേഷണം നടത്തിയത്. 17ഓളം അന്താരാഷ്‌ട്ര രോഗവിദഗ്ദ്ധർ നടത്തിയ പഠനത്തിൽ ലാബിൽ നിന്നും രോഗാണു പുറത്തേക്ക് ചോരാനുള‌ള സാദ്ധ്യത വളരെയധികം വിരളമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

pinarayi vijayan

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതിന്റെ തെളിവാണ് എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ റോള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് നേരിടുന്നതെന്നും യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും ഇവര്‍ മുക്തരായിട്ടില്ലെന്നും അങ്ങനെയുള്ളവര്‍ കേരളത്തില്‍ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും പിണറായി പരിഹസിച്ചു.

കണ്ണൂര്‍ :1991 ന് ശേഷം 2001 ലും കോണ്‍ഗ്രസ് -ബിജെപി വോട്ട് ധാരണയുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് സി.കെ പത്മനാഭന്‍. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമൊപ്പം താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും പങ്കെടുത്തിരുന്നു.
അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങളെല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളെ പറ്റിച്ചുവെന്നും 2001 ല്‍ കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നുവെന്നും പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി : ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്ത് അര്‍ഹനായി. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. ഏറെ നാള്‍ കഷ്ടപ്പെട്ട ശേഷം 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തന്റെ ആരാധക കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രത്തെ കേഡര്‍ പാര്‍ട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രജനി പുനസംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ ബൂത്തും പ്രവര്‍ത്തകരും ഉള്ള രീതിയില്‍ രജനി ഒരു സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

ramesh chennithala

ആലപ്പുഴ : ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് അധികാരത്തിൽ തുടരുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണെന്നും വ്യാജപ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജനകീയ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോടതി ഇടപെടല്‍ മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച സൈറ്റില്‍ കയറി എല്ലാവരും തങ്ങളുടെ പേരില്‍ കള്ളവോട്ടില്ല എന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാരിനെതിരേ നിലനില്ക്കുന്ന ജനവികാരത്തെ ഇത്തരം വ്യാജ വോട്ടിലൂടെ അട്ടിമറിക്കാന്‍ ഉള്ള സാധ്യത കണ്ടാണ് വോട്ടര്‍പട്ടിക പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെ വ്യാജ പ്രതിച്ഛായ സൃ്ഷ്ടിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ആഴക്കടല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2 ന് കേരളത്തില്‍. 2ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനുള്ള സ്‌പെഷ്യല്‍ അരിവിതരണം ഇന്നാരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍കാര്‍ഡുള്ള 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും സ്‌പെഷ്യല്‍ അരി കിട്ടും. ഇതിനായി അരലക്ഷം ടണ്‍ അരി റേഷന്‍ കടകളില്‍ അധികമായി എത്തിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ഇത് ലഭിക്കും. അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന പ്രതിപക്ഷ പരാതി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞു. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി പുനഃസ്ഥാപിച്ചത്.
അതേസമയം, വിഷുവിനുള്ള സ്‌പെഷ്യല്‍ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. പതിവ് കിറ്റില്‍ 9 ഇനങ്ങളായിരുന്നു. വിഷു സ്‌പെഷ്യല്‍ കിറ്റില്‍ 14 കൂട്ടം സാധനങ്ങളുണ്ട്. മാര്‍ച്ച് മാസത്തെ കിറ്റ് വാങ്ങാത്തവര്‍ക്ക് അത് സ്‌പെഷ്യല്‍ കിറ്റിനൊപ്പം വാങ്ങാം. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറുവരെ നീട്ടിയിട്ടുണ്ട്.

farmers

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.ഹോളി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഏപ്രില് അഞ്ചിന് ശേഷം ആയിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക. ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്വത് എന്നിവരടങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണ്.

ന്യൂഡല്‍ഹി : 120 ചാക്കുകളിലാക്കി കടത്തിയ തലമുടി പിടിച്ചെടുത്തു. അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മുടി ഇന്ത്യയില്‍ നിന്നും മ്യാന്‍മറിലേക്കെത്തിച്ച് അവിടെ നിന്നും തായ്‌ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാക്കിലുണ്ടായിരുന്ന തലമുടി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നുള്ളതാണെന്ന് വാര്‍ത്ത ഏജന്‍സിയോട് സുരക്ഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നേര്‍ച്ചയായി കിട്ടുന്ന മുടി അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയില്‍ നിന്നും തായ്‌ലന്റില്‍ എത്തിക്കുന്ന മുടി സംസ്‌കരിച്ച ശേഷമാണ് ചൈനയിലേക്ക് എത്തിക്കുന്നത്. വിഗ് നിര്‍മ്മാണത്തിനായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.ജിഎസ്ടി, കസ്റ്റംസ്, ഡിആര്‍ഐ,എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പശ്ചിമ ബംഗാളിലെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഈ കളളക്കടത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. കിലോയ്ക്ക് 4500 മുതല്‍ 6000 വരെ വില വരുന്നതാണ് കയറ്റുമതി ചെയ്യുന്ന മുടി. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപ കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്.നികുതി കുറയ്ക്കുന്നതിനാണ് ഈ കളളക്കളി. തലമുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്നതാണ്. രാജ്യത്തെ ഗ്രാമങ്ങളില്‍ വലിയ വരുമാന മാര്‍ഗം തന്നെയാണ് തലമുടി കയറ്റുമതി. ഇതിലെ വരുമാന നഷ്ടം ആറ് മുതല്‍ എട്ട് ലക്ഷം ഗ്രാമീണരെ ഇന്ത്യയില്‍ ബാധിക്കുന്നതായാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് മുണ്ട് ഉടുത്ത മോദിയുടെ ഏകാധിപത്യ സർക്കാറാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ ഇടതു സർക്കാറിൽ നിന്നും വ്യത്യസ്‌തമായ ഏകാധിപത്യ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു നാണയത്തിന്‍റെ ഇരുവശമാണ് മോദിയും പിണറായി വിജയനും. ഇടതു പക്ഷത്തിന് മോദിയെ എതിർക്കാനുള്ള ശക്തിയില്ലെന്നും മോദിയെ എതിർക്കാനും പരാജയപ്പെടുത്താനും കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും ജയറാം രമേശ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം കോൺഗ്രസിന് ശക്തി പകരും. ജനാധിപത്യം സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധിക്കെതിരായ ജോയിസ് ജോർജിന്‍റെ മോശം പരാമർശം കേരളത്തിലെ വനിതകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായ സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ജയറാം രമേശ് അധികാരത്തിലെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് കോൺഗ്രസെന്നും കൂട്ടിച്ചേര്‍ത്തു.