വിഷുവിനുള്ള സ്‌പെഷ്യല്‍ അരിവിതരണം ഇന്നാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനുള്ള സ്‌പെഷ്യല്‍ അരിവിതരണം ഇന്നാരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍കാര്‍ഡുള്ള 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും സ്‌പെഷ്യല്‍ അരി കിട്ടും. ഇതിനായി അരലക്ഷം ടണ്‍ അരി റേഷന്‍ കടകളില്‍ അധികമായി എത്തിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ഇത് ലഭിക്കും. അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന പ്രതിപക്ഷ പരാതി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞു. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി പുനഃസ്ഥാപിച്ചത്.
അതേസമയം, വിഷുവിനുള്ള സ്‌പെഷ്യല്‍ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. പതിവ് കിറ്റില്‍ 9 ഇനങ്ങളായിരുന്നു. വിഷു സ്‌പെഷ്യല്‍ കിറ്റില്‍ 14 കൂട്ടം സാധനങ്ങളുണ്ട്. മാര്‍ച്ച് മാസത്തെ കിറ്റ് വാങ്ങാത്തവര്‍ക്ക് അത് സ്‌പെഷ്യല്‍ കിറ്റിനൊപ്പം വാങ്ങാം. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറുവരെ നീട്ടിയിട്ടുണ്ട്.