ചൈനയിലേക്ക് കടത്തിയ 120 ചാക്ക് തലമുടി പിടിച്ചെടുത്തു

ന്യൂഡല്‍ഹി : 120 ചാക്കുകളിലാക്കി കടത്തിയ തലമുടി പിടിച്ചെടുത്തു. അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മുടി ഇന്ത്യയില്‍ നിന്നും മ്യാന്‍മറിലേക്കെത്തിച്ച് അവിടെ നിന്നും തായ്‌ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാക്കിലുണ്ടായിരുന്ന തലമുടി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നുള്ളതാണെന്ന് വാര്‍ത്ത ഏജന്‍സിയോട് സുരക്ഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നേര്‍ച്ചയായി കിട്ടുന്ന മുടി അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയില്‍ നിന്നും തായ്‌ലന്റില്‍ എത്തിക്കുന്ന മുടി സംസ്‌കരിച്ച ശേഷമാണ് ചൈനയിലേക്ക് എത്തിക്കുന്നത്. വിഗ് നിര്‍മ്മാണത്തിനായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.ജിഎസ്ടി, കസ്റ്റംസ്, ഡിആര്‍ഐ,എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പശ്ചിമ ബംഗാളിലെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഈ കളളക്കടത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. കിലോയ്ക്ക് 4500 മുതല്‍ 6000 വരെ വില വരുന്നതാണ് കയറ്റുമതി ചെയ്യുന്ന മുടി. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപ കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്.നികുതി കുറയ്ക്കുന്നതിനാണ് ഈ കളളക്കളി. തലമുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്നതാണ്. രാജ്യത്തെ ഗ്രാമങ്ങളില്‍ വലിയ വരുമാന മാര്‍ഗം തന്നെയാണ് തലമുടി കയറ്റുമതി. ഇതിലെ വരുമാന നഷ്ടം ആറ് മുതല്‍ എട്ട് ലക്ഷം ഗ്രാമീണരെ ഇന്ത്യയില്‍ ബാധിക്കുന്നതായാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.