ജനീവ: കൊവിഡ് രോഗം ഉത്ഭവിച്ചത് വവ്വാലിൽ നിന്നും ഏതോ മൃഗത്തിലൂടെ മനുഷ്യനിൽ എത്തിയതാണെന്ന ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിനെ എതിർത്ത് 14 രാജ്യങ്ങൾ.അന്വേഷണത്തിൽ വന്ന താമസവും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലാത്തതുമാണ് വിവിധ രാജ്യങ്ങൾ എതിർപ്പ് ഉന്നയിക്കാൻ കാരണം.വുഹാനിലെ പരീക്ഷണശാലയിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് അമേരിക്കയാണ് കഴിഞ്ഞവർഷം ആദ്യമായി ആരോപണം ഉന്നയിച്ചത്.
എന്നാൽ ചൈന ആ വാദത്തെ ശക്തിയുക്തം എതിർത്തിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ചൈനീസ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടത്.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ എതിർക്കുന്ന രാജ്യങ്ങൾ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപബ്ളിക്, ഡെൻമാർക്ക്, എസ്‌തോണിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ രോഗത്തിന്റെ ഉത്ഭവം പഠിക്കാനുളള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ അനുകൂലിക്കുന്നു.
എന്നാൽ പഠനസംഘത്തിന് രോഗം ഉത്ഭവിച്ചതിനെയും പടർന്നുപിടിച്ചതിനെ കുറിച്ചുളള ശരിയായ തെളിവുകളും സാമ്പിളുകളും ശേഖരിക്കാൻ കഴിയാതെ വന്നെന്നും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലെന്നും ഈ രാജ്യങ്ങൾ കരുതുന്നു.ജപ്പാൻ, ലാത്വിയ,ലിത്വാനിയ, നോർവെ, ദക്ഷിണ കൊറിയ, സ്‌ളൊവേനിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തുന്നു. അതേസമയം രോഗം പടർന്നതിനെ കുറിച്ച് കൂടുതൽ ശക്തമായ നിഗമനങ്ങളിൽ എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രേയെസസ് അഭിപ്രായപ്പെട്ടു.
നിലവിലെ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ് സംഘം അന്വേഷണം നടത്തിയത്. 17ഓളം അന്താരാഷ്‌ട്ര രോഗവിദഗ്ദ്ധർ നടത്തിയ പഠനത്തിൽ ലാബിൽ നിന്നും രോഗാണു പുറത്തേക്ക് ചോരാനുളള സാദ്ധ്യത വളരെയധികം വിരളമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.