Recent Posts (Page 3,472)

ഒറ്റപ്പാലം:പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ പിശകെന്ന് പരാതി.ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടര്‍മാരും ഇരട്ടകളുമായ അരുണും വരുണുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രതിപക്ഷനേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വരുണ്‍ വ്യക്തമാക്കി. ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
അതിനിടെ വോട്ടര്‍ പട്ടിക പുറത്തുവിട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണവുമായി സി പി എം രംഗത്തെത്തി. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം.

ന്യൂഡൽഹി: പാചകവാതക വില 10 രൂപ കുറഞ്ഞതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും ഗ്യാസ് വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്‌ക്കാൻ കാരണമായത്.

മാർച്ച് മാസത്തിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വർദ്ധിപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വിൽപന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെട്രോൾ 61 പൈസയും ഡീസൽ 60 പൈസയും കുറഞ്ഞു.തുടർന്ന് വിലക്കയ‌റ്റത്തിനും നേരിയ കുറവ് വന്നിട്ടുണ്ട്.

എൽപിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിലും മുംബയിലും 809 രൂപയായി. കൊൽക്കത്തയിൽ 835.50 രൂപയായി. ചെന്നൈയിൽ 825 രൂപയായി. എൽപിജി വില നിർണയിക്കുന്ന ഓരോ മാസം കൂടുമ്പോഴാണ്. എൽപിജിയുടെ അന്താരാഷ്‌ട്ര മാർക്ക‌റ്റ് അനുസരിച്ചും ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക. രാജ്യത്ത് എൽപിജി സിലിണ്ടറിന് ഏ‌റ്റവുമധികം വില ഉയർന്നത് 2018 നവംബറിലാണ്. അന്ന് 939 രൂപയായിരുന്നു വില.

2020 നവംബർ മുതൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിൽ ഏറെ ആശ്രയിക്കുന്നതിനാൽ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കൊവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില മാർച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു.

ടോക്കിയോ : സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ മ്യാന്‍മറിന് സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജപ്പാന്‍.ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തെഗിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മ്യാന്‍മറിനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നടപടിയുമായി രംഗത്ത് വന്നിട്ടും ജപ്പാന്‍ മൃദു സമീപനം സ്വീകരിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.വിഷയത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് തോഷിമിറ്റ്സു മൊട്ടെഗി പറഞ്ഞു. പുതിയ പദ്ധതികളൊന്നും തന്നെ ആലോചിക്കുന്നില്ല. സഹായം നിര്‍ത്തിയത് സൈനിക ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ദില്ലി: നിലവിലെ വിദേശ വ്യാപാര നയം സെപ്തംബർ 30 വരെ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2020 മാർച്ച് 31 ന് അവസാനിക്കേണ്ടിയിരുന്ന ഈ നയം ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ സെപ്തംബർ അവസാനം വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.നടപ്പ് സാമ്പത്തിക വർഷത്തിലെ കയറ്റുമതിയിൽ ഫെബ്രുവരി വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 മുതൽ 2020 വരെയുള്ളതായിരുന്നു ഈ വിദേശ വ്യാപാര നയം.

ഏപ്രിൽ മുതൽ ഫെബ്രുവരി വരെ 12.23 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 256 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇറക്കുമതിയും ഇതേ കാലത്ത് ഇടിഞ്ഞു. 23.11 ശതമാനമാണ് ഇടിവ്. 340.8 ബില്യൺ ഡോളറാണ് ഇറക്കുമതി മൂല്യം. ഇതോടെ വ്യാപാര കമ്മി 84.62 ബില്യൺ ഡോളറായി.കയറ്റുമതി ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ജോലി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദേശ വ്യാപാര നയം.

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയെത്തിയത് സ്വര്‍ണത്തില്‍ കുളിച്ച്. ഹരി നാടാര്‍ എന്ന സ്ഥാനാര്‍ത്ഥി 5 കിലോ സ്വര്‍ണഭാരണങ്ങള്‍ ധരിച്ചാണ് എത്തിയത്. തമിഴ്‌നാട്ടിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നാണ് ഹരി നാടാര്‍ മത്സരിക്കുന്നത്. പനങ്കാട്ടൂര്‍ പടയ് കക്ഷിയുടെ നേതാവാണ് ഹരി നാടാര്‍. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 11.2 കിലോ സ്വര്‍ണം തന്റെ പക്കലുണ്ടെന്ന് ഹരി നാടാര്‍ തന്നെ പറയുന്നു. വ്യവസായി എന്നാണ് നാമനിര്‍ദേശപത്രികയില്‍ ഹരി നാടാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. പണം പലിശയ്ക്കു നല്‍കുകയാണ് തൊഴില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരി നാടാരില്‍ നിന്നും പണം വാങ്ങുന്നുണ്ടെന്നും വാര്‍ത്തകളിലുണ്ട്. സ്വര്‍ണത്തോടുള്ള ഇഷ്ടമാണ് അഞ്ച് കിലോയൊക്കെ ധരിച്ച് നടക്കാനുള്ള കാരണമായി ഹരി നാടാര്‍ പറയുന്നത്.

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം വിലക്കി ഉത്തരവ്.ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കും. ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല.

കാലാകാലങ്ങളിൽ ഇത്തരം ഉത്തരവുകൾ ദേവസ്വം ബോർഡ് ഇറക്കാറുണ്ട്, ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ആർ എസ് എസ് ശാഖകൾ പ്രവർത്തിക്കുന്നത്, ഇത് ഒഴിവാക്കാനാവില്ല.അതേസമയം ദേവസ്വം ബോർഡിന്റെ പുതിയ ഉത്തരവ് തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നാണ് ആർ എസ് എസ് കേരള ഘടകം പ്രതികരിച്ചു. ശാഖാ പ്രവർത്തകർ ആണ് ആ ക്ഷേത്രങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേഷൻമാർക്ക് ശാഖാ പ്രവർത്തകരെ ഒഴിവാക്കാനുമാവില്ലെന്ന് ആർ എസ് എസ് ഘടകം വ്യക്തമാക്കുന്നു.

മുൻപും ക്ഷേത്രങ്ങളിൽ ആയുധ അഭ്യാസമടക്കം നിരോധിച്ചു കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇപ്പോഴും ചില ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ എസ് എസ് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

Betting

പ്രത്യേക ലേഖകൻ

ഏജൻസികളുടെ തെരഞ്ഞെടുപ്പ് സർവേകളിൽ സംശയമുയരുന്നു.

കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചില ഉത്തരേന്ത്യൻ ബന്ധമുള്ള ഏജൻസികൾ നടത്തിയ സർവേകളിൽ സംശയം ഉയരുന്നു. എന്നാൽ ചാനലുകൾക്ക് ഇതിൽ നേരിട്ട് ബന്ധമില്ല. കാലങ്ങളായി ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾ വാതുവെപ്പ് സംഘങ്ങളുടെ ചാകരയാണ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് വമ്പൻ വാതുവെപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായ ഇത്തരം സംഘങ്ങൾ ചിലപ്പോൾ അന്വേഷണ ഏജൻസികളുടെ വലയിൽ വീഴാറുണ്ട്. 2020 ഒക്ടോബറിൽ ഐ.പി.എൽ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ഒരു വലിയ വാതുവെപ്പ് സംഘത്തെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട പല വാതുവെപ്പ് സംഘങ്ങളും പ്രമുഖ താരങ്ങളുമായിട്ടുള്ള ബന്ധങ്ങളൊക്കെ മുൻകാലങ്ങളിൽ വലിയ വിവാദമായിട്ടുണ്ട്. ഈ മേഖലയിൽ കോടികളാണ് നിയമവിരുദ്ധമായി ഒഴുകുന്നത്. വാതുവെപ്പ് – ചൂതാട്ട മാഫിയകൾ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പോപ്പുലറായ മത്സരങ്ങൾക്കൊക്കെ വാതുവെപ്പ് നടക്കാറുണ്ട്. ഇന്ത്യയിൽ കോടാനുകോടി രൂപ ചെലവഴിക്കുന്ന മത്സര മാമാങ്കമാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ തെരഞ്ഞെടുപ്പിനെ വാതുവെപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്നത്. ഭാരതത്തിൽ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിൽ ചില വെബ്സൈറ്റുകൾ വഴി വാതുവെപ്പുകൾ നടന്നതായി സൂചനയുണ്ട്.

ലോകത്തെമ്പാടും ആയിരക്കണക്കിന് കോടികൾ മറിയുന്ന ഒന്നാണ് രാഷ്ട്രീയ വാതുവെപ്പ് അഥവാ പൊളിറ്റിക്കൽ ബെറ്റിംഗ്(political  betting) . അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ലോകമെമ്പാടും ഒരുലക്ഷം കോടി ഡോളറാണ് പൊളിറ്റിക്കൽ  ബെറ്റിങ്ങിലൂടെ മറിഞ്ഞതെന്ന്  ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന വാർത്ത ഏജൻസിയായ എ.എഫ്. പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വാതുവെപ്പുകളിലൂടെ നിയമവിരുദ്ധമായി കോടികളാണ് മറിയുന്നത്. ലോകത്ത് വളരെ വേഗത്തിൽ വളരുന്ന സ്പോർട്സ് വാതുവെപ്പുകൾക്കും രാഷ്ട്രീയ വാതുവെപ്പുകൾക്കും വേണ്ടി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഡെസ്ക്ടോപ്പ് വഴിയും മൊബൈൽ വഴിയും വാതുവെപ്പുകളിൽ പണം നിക്ഷേപിക്കാൻ ഇത്തരം സൈറ്റുകൾ അവസര.മൊരുക്കുന്നു, ബിറ്റ് കോയിന്റെ വരവോടുകൂടി വളരെപ്പെട്ടെന്ന് കള്ളപ്പണം ഉപയോഗിച്ച് വാതുവെപ്പുകൾ  നടത്തുവാൻ കഴിയുന്നു. അതുപോലെ ഇന്ത്യയിലും ചെറുതും വലുതുമായ വാതുവെപ്പുകൾ നടക്കുന്നതായിട്ടാണ് സൂചന.

തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്ന ചില ഏജൻസികളുമായി വാതുവെപ്പ് സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഒരു ഏജൻസി തന്നെ പലർക്കും വേണ്ടി പല തരത്തിലുള്ള റിസൽട്ടുകൾ നൽകുന്ന സർവ്വേകൾ പലതവണകളായി നടത്തിയിട്ടുണ്ടെന്നുള്ള  ആരോപണമുയർന്നിട്ടുണ്ട്. ഇത്തരം സർവ്വേ ഏജൻസികൾ എവിടെയൊക്കെയാണ് കൃത്യമായി സർവ്വേ നടത്തിയത് ?  എങ്ങനെ നടത്തി ?  ഏത് സംവിധാനമാണ് ഉപയോഗിച്ചത് ? ആരാണ് നടത്തിയത് ?   സർവ്വേയിൽ പങ്കാളികളായവരുടെ വിവരങ്ങൾ,  വീഡിയോകൾ എന്നിവ തെളിവായി ഉണ്ടോ ?  തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ കൃത്യമായി പുറത്തു വന്നിട്ടില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്ന ഏജൻസികളുടെ ഉടമസ്ഥത,  അഡ്രസ്സ്, വിശ്വാസ്യത, പരിചയം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല. ഒരു പ്രമുഖ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് തന്നെ  ഏജൻസികൾ നടത്തുന്ന സർവേകളിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്.ഇത്തരം ഏജൻസികൾ നടത്തിയ സർവേകളിൽ  പൊതുസമൂഹത്തിനു സംശയം ഉണ്ടാകുന്ന നിരവധി വസ്തുതകളുണ്ട്. ആഴക്കടൽ മത്സ്യബന്ധന കരാർ, പിൻവാതിൽ നിയമനം, സ്വർണ്ണ – ഡോളർ കള്ളക്കടത്ത്, ശബരിമല തുടങ്ങി വിവാദമായ പല വിഷയങ്ങളിലും സർക്കാരിനെതിരെ വലിയതോതിൽ എതിർപ്പുണ്ട് എന്നുപറയുന്ന സർവ്വേകൾ  ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പറയുന്നു. പല  മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ ബോധപൂർവം ഒഴിവാക്കിയിട്ടുണ്ട്.

സർവ്വേനടത്തുന്ന ഏജൻസികൾ നിയമവിരുദ്ധമായ കാര്യങ്ങളിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. എന്നാൽ ചാനലുകൾക്ക് ഈ ഏജൻസികളുമായി കരാർ മാത്രമാണുള്ളത്. സർവ്വേ നടത്തുന്ന ഏജൻസികൾക്ക് വാതുവെപ്പ് സംഘങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ ? എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വരുന്ന സർവ്വേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്   പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ഇത്തരം ഏജൻസികളുടെ സർവ്വേകളിലുള്ള  വിശ്വാസ്യത,  മാഫിയ ബന്ധങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുതാൽപര്യ ഹർജികൾ നൽകാൻ ചില സാമൂഹ്യ സംഘടനകൾ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

വാഷിംഗ്ടൺ: 2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. വളർച്ചയിൽ 4.7 ശതമാനം പോയിന്റിന്റെ വർദ്ധനയാണ് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് സ്പ്രിങ് 2021 സൗത്ത് ഏഷ്യ വാക്‌സിനേറ്റ്‌സ് എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗത്തിന് ഉണർവ്വുണ്ടാക്കുന്ന വിലയിരുത്തലുകൾ.
ജനുവരിയിൽ പ്രവചിച്ച 5.4 ശതമാനം പോയിന്റിൽ നിന്നും 10.1 ശതമാനത്തിലേക്കെത്തുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.

സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന ശക്തമായ വളർച്ചയാണ് ഇന്ത്യയ്ക്ക് തുണയാകുക. രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള പദ്ധതികളാണ് നിക്ഷേപ വളർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.2022 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചത്. സാമ്പത്തിക സർവ്വേയിൽ ഇത് 11 ശതമാനമാണ്.

2023 വർഷം 5.8 ശതമാനം സാമ്പത്തിക വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്.കൊറോണ വ്യാപനം ഉയർത്തുന്ന അനിശ്ചിതത്വം കൂടി കണക്കിലെടുത്ത് 2022 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.5 മുതൽ 12.5 ശതമാനം വരെയായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ പ്രക്രിയയും പുതിയ നിയന്ത്രണങ്ങളുടെ സാദ്ധ്യതകളെയും അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ആലപ്പുഴ: കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സ‍ര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവർക്ക് വളരാൻ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച യുപി മുഖ്യമന്ത്രി കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി, മോദിയുടെ നേതൃത്വത്തിൽ സാക്ഷാൽക്കരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

കൊച്ചി: വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷം (202122) ആരംഭിക്കുന്ന ഇന്ന് മുതല്‍ അസാധുവാകും.ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആര്‍ കോഡ് (മാഗ്‌നെറ്റിക് ഇന്‍ക് കാരക്ടര്‍ റെക്കഗ്‌നീഷന്‍ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. നിലവിലെ കാര്‍ഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുക പുതിയ ബാങ്കിന്റെ കാര്‍ഡായിരിക്കും.