വാഷിംഗ്ടൺ: 2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. വളർച്ചയിൽ 4.7 ശതമാനം പോയിന്റിന്റെ വർദ്ധനയാണ് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് സ്പ്രിങ് 2021 സൗത്ത് ഏഷ്യ വാക്‌സിനേറ്റ്‌സ് എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗത്തിന് ഉണർവ്വുണ്ടാക്കുന്ന വിലയിരുത്തലുകൾ.
ജനുവരിയിൽ പ്രവചിച്ച 5.4 ശതമാനം പോയിന്റിൽ നിന്നും 10.1 ശതമാനത്തിലേക്കെത്തുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.
സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന ശക്തമായ വളർച്ചയാണ് ഇന്ത്യയ്ക്ക് തുണയാകുക. രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള പദ്ധതികളാണ് നിക്ഷേപ വളർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.2022 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചത്. സാമ്പത്തിക സർവ്വേയിൽ ഇത് 11 ശതമാനമാണ്.
2023 വർഷം 5.8 ശതമാനം സാമ്പത്തിക വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്.കൊറോണ വ്യാപനം ഉയർത്തുന്ന അനിശ്ചിതത്വം കൂടി കണക്കിലെടുത്ത് 2022 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.5 മുതൽ 12.5 ശതമാനം വരെയായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ പ്രക്രിയയും പുതിയ നിയന്ത്രണങ്ങളുടെ സാദ്ധ്യതകളെയും അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.