സ്വര്‍ണത്തില്‍ കുളിച്ചൊരു സ്ഥാനാര്‍ത്ഥി

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയെത്തിയത് സ്വര്‍ണത്തില്‍ കുളിച്ച്. ഹരി നാടാര്‍ എന്ന സ്ഥാനാര്‍ത്ഥി 5 കിലോ സ്വര്‍ണഭാരണങ്ങള്‍ ധരിച്ചാണ് എത്തിയത്. തമിഴ്‌നാട്ടിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നാണ് ഹരി നാടാര്‍ മത്സരിക്കുന്നത്. പനങ്കാട്ടൂര്‍ പടയ് കക്ഷിയുടെ നേതാവാണ് ഹരി നാടാര്‍. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 11.2 കിലോ സ്വര്‍ണം തന്റെ പക്കലുണ്ടെന്ന് ഹരി നാടാര്‍ തന്നെ പറയുന്നു. വ്യവസായി എന്നാണ് നാമനിര്‍ദേശപത്രികയില്‍ ഹരി നാടാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. പണം പലിശയ്ക്കു നല്‍കുകയാണ് തൊഴില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരി നാടാരില്‍ നിന്നും പണം വാങ്ങുന്നുണ്ടെന്നും വാര്‍ത്തകളിലുണ്ട്. സ്വര്‍ണത്തോടുള്ള ഇഷ്ടമാണ് അഞ്ച് കിലോയൊക്കെ ധരിച്ച് നടക്കാനുള്ള കാരണമായി ഹരി നാടാര്‍ പറയുന്നത്.