കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന സി.പി.എം. കൗൺസിലറുടെ പരാതിയിൽ കേസെടുക്കാതെ കൊച്ചി സിറ്റി പോലീസ്. 19-നാണ് തൃശ്ശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറും സി.പി.എം. അംഗവുമായ പി.ആർ. അരവിന്ദാക്ഷൻ ഇ.ഡി.ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. അരവിന്ദാക്ഷന്റെ പരാതിയിൽ കേസെടുത്തെന്ന് വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പ്രാഥമികാന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞത്.12-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പരാതി. കൂടുതൽ അന്വേഷണത്തിനുശേഷമേ കേസെടുക്കൂവെന്നാണ് അറിയുന്നത്. പരാതി കിട്ടിയ ഉടൻ ഇ.ഡി. ഓഫീസിൽ പോലീസ് പരിശോധന നടത്തിയെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. അരവിന്ദാക്ഷന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. കേസെടുക്കുന്നതിൽ പോലീസിന് ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന പോലീസ് കേസെടുക്കുന്നത് അപൂർവമാണ്. അതിനാൽത്തന്നെ ഡി.ജി.പി.യുടെ നിർദേശത്തിനനുസരിച്ചാകും തുടർനടപടികൾ
2023-09-23