വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുത്; ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്ന് സിപിഐ

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായം. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്. ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നകാര്യത്തെയും അദ്ദേഹം വിമർശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് മറ്റ് പാർട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോൽപിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോൺഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ മുൻപ് പറഞ്ഞിരുന്നു.