തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് താൻ തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം പി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.
തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. പാർലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ, ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയെന്നും പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തരൂർ നൽകിയ മറുപടി.

