Politics (Page 97)

മിച്ചഭൂമി കേസില്‍ എംഎല്‍എ പി വി അൻവറിന് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നിർദേശിച്ചിരിക്കുന്നത്.മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫീസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സര്‍ക്കാരിന് വിട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും ഓതറൈസഡ് ഓഫീസര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉളളടക്കം.

കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് ഈ അറസ്റ്റ്. എ സി മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇഡി എത്താം. വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അരവിന്ദാക്ഷന് പൂർണ്ണ പിന്തുണ അറിയിച്ച് സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസും രം​ഗത്തെത്തി. അരവിന്ദാക്ഷന് പാർട്ടി സംരക്ഷണം ഒരുക്കും. നിയമ സാധ്യതകൾ തേടും. ബിജെപി പറയുന്ന ആളുകളെ ഇഡി അറസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നത്. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആകുന്നില്ല. എ സി മൊയ്തീനെയും അനൂപ് ഡേവിസ് കാടയെയും എം കെ കണ്ണനെയുമെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. അവരൊന്നും പ്രതികളല്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഇടി തടസ്സപ്പെടുത്തുകയാണ്. സിപിഐഎം ഇതിനെ ശക്തമായി പ്രതിരോധിക്കും. ഒക്ടോബർ 14ന് സിപിഐഎം കാൽനട ജാഥ നടത്തുമെന്നും എം എം വർഗീസ് പറഞ്ഞു

തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും.അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനയാണ് ആൻറണി രാജുവിന്റെ ഹർജി തനിയ്ക്കെതിരായ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹർജി. കഴിഞ്ഞ തവണ കേസിൽ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. 33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഊരാളുങ്കൽ സൊസൈറ്റിയിൽ സംസ്ഥാന സർക്കാരിനുള്ളത് 262.87 കോടി രൂപയുടെ ഓഹരി. എന്നാൽ, നാഷനൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ സംസ്ഥാന സർക്കാർ വഴി ഊരാളുങ്കലിനു നൽകിയ വായ്പയുടെ ഭാഗമായുള്ള ഓഹരി മാത്രമാണിതെന്നു സർക്കാർ വിശദീകരിക്കുന്നു. തിരിച്ചടവ് കഴിയുന്നതോടെ ഓഹരി ഇല്ലാതാകുമെന്നാണു വിശദീകരണം. തൊഴിലാളികൾ മാത്രം ഉൾപ്പെട്ട സൊസൈറ്റിയിലെ അംഗങ്ങളുടെ ഓഹരിവിഹിതം 47.47 ലക്ഷം രൂപ മാത്രമാണെന്നും ഇക്കാരണത്താലാണു സർക്കാരിന്റെ വിഹിതം 82 ശതമാനമായതെന്നും വിശദീകരിക്കുന്നു.

പ്രാഥമിക സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയിലെ ഓഹരി താൽക്കാലികമായതിനാൽ സർക്കാരിന് ഭരണസമിതി അംഗത്വം ഉൾപ്പെടെ അധികാരങ്ങളൊന്നുമില്ല. എന്നാൽ, സഹകരണ വകുപ്പ് നടത്തുന്ന ഓഡിറ്റ് ഇവിടെയുമുണ്ട്.സർക്കാരിന് 90 ശതമാനത്തിലധികം ഓഹരിപങ്കാളിത്തമുള്ള ഏപെക്സ് സഹകരണസംഘങ്ങളായ മാർക്കറ്റ് ഫെഡിലും കൺസ്യൂമർ ഫെഡിലുമെല്ലാം സർക്കാരിന്റെ ഒന്നോ രണ്ടോ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. ഇവിടെ ജീവനക്കാരുടെ നിയമനം പിഎസ്‌സി വഴിയാണ്. പ്രത്യേക ഓഡിറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ,ഏപെക്സ് സംഘത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കെല്ലാം കൂടി ചെറിയ ഓഹരിവിഹിതമേയുള്ളൂവെങ്കിലും ഭരണസമിതിയുടെ തലപ്പത്ത് സഹകരണസംഘത്തിന്റെ പ്രതിനിധിയാണു വരിക.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് പക്ഷേ, പണം നഷ്ടപ്പെട്ടവർ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. അസുഖം വന്നാൽ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരിൽ ഉള്ളത്. പണം നഷ്ടപ്പെട്ടുപോയ സഹകാരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കാണ്. അയ്യന്തോളിൽ സഹകാരികൾ നിക്ഷേപിച്ച പണം തിരികെ കിട്ടണം എന്ന് പറഞ്ഞപ്പോൾ അത്ര പെട്ടെന്ന് തരാൻ കഴിയില്ല എന്നാണ് പ്രസിഡൻ്റ് അറിയിച്ചത്. കരുവന്നൂരിൽ നിന്ന് തട്ടിയ പണം വിദേശത്തേക്ക് പോലും കടത്തി. പി സതീഷ് കുമാർ പണം നിക്ഷേപിച്ചത് വിദേശത്താണ്. പിന്നെ എവിടെ നിന്ന് പണമെടുത്ത് മുഖ്യമന്ത്രി സഹകാരികൾക്ക് കൊടുക്കുംമെന്നും ശോഭ ചോദ്യം ഉന്നയിച്ചു.

സോളാര്‍ പീഡന ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കോടതിയിൽ ഇന്നും ഇന്നു ഹാജരാകാത്തിരുന്ന പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് ആണ് കേസില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സോളാര്‍ പീഡനകേസില്‍ ഹൈബി ഈഡന്‍ എംപിക്കും ക്ലീന്‍ ചിറ്റ്. സിബിഐ അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഹൈബി ഈഡനെതിരായ സോളാര്‍ പീഡന ലൈംഗിക പരാതിയില്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആരോപണങ്ങള്‍ തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് എ ബി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എവിടെയോ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സഖാക്കളെയുമെല്ലാം കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം കൽത്തുറുങ്കിലടയ്ക്കാനാണ് നീക്കം. അവരെ കൽത്തുറുങ്കിൽ അടയ്ക്കുന്നതിനേക്കാൾ സിപിഎമ്മിനെതിരായ കടന്നാക്രമണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അവരുടെ നീക്കം സഹകരണ മേഖലയ്ക്ക് എതിരെയാണ്. ഈ ഘട്ടത്തിൽ സഹകരണ മേഖലയെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. സഹകരണ മേഖലയിൽ എവിടെയെങ്കിലും സംഭവിച്ച ഒറ്റപ്പെട്ട തെറ്റുകുറ്റമുണ്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ടു പോവുകയല്ലേ വേണ്ടത്.

ഇവിടെ സാധാരണ ഗതിയിൽ ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ മുഴുവൻ പ്രക്രിയയിലും ഇടപെടുന്നതാണ് സഹകരണ മേഖല. ആ സഹകരണ മേഖലയ്ക്ക് എതിരായുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ ജനങ്ങൾ ശക്തിയായി പ്രതിരോധിക്കും.

ഇപ്പോഴത്തെ ബിജെപി സർക്കാർ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചു ചേർത്തുള്ള സഹകരണ മേഖലയാണ് ഉദ്ദേശിക്കുന്നത്. അതിനായി ഇവിടുത്തെ സഹകരണ മേഖലയിൽ വലിയ കുഴപ്പങ്ങളുണ്ട് എന്ന തരത്തിലുള്ള പ്രചാരണം നടത്താനാണ് നീക്കം.
ഇവിടുത്തെ സഹകരണ മേഖലയിൽനിന്ന് പണം പിൻവലിച്ച് അവിടേക്കു കൊണ്ടുപോകാൻ പറ്റുമോയെന്നാണ് നോക്കുന്നത്. സഹകരണ ബാങ്കിന്റെ ഭാഗമായി പണം നിക്ഷേപിച്ചവർക്ക് ഒരു പൈസ പോലും നഷ്ടമാകില്ലെന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഒരിക്കൽക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഗ്യാരന്റി സർക്കാർ നൽകുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടേക്ക് ഇ.ഡി. വരുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ഇന്ത്യയിലാകെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടേ കാണുന്നുള്ളൂവെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ക്ഷേത്ര അയിത്ത വിവാദത്തിൽ നിയമ നടപടികളിലേക്കു നീങ്ങില്ലെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ നന്മയുണ്ടാകണമെന്നാണു കാഴ്ചപ്പാട്. അല്ലാതെ ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തെറ്റായ ചില കാര്യങ്ങൾ ‍ കാണുമ്പോൾ അതു ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയുണ്ട്.അതാണു പൊതുവേദിയിൽ ചൂണ്ടിക്കാണിച്ചത്. തിരുത്തേണ്ട ആളുകൾ തിരുത്താമെന്നു പറഞ്ഞിട്ടുണ്ട്. അതോടെ ആ വിഷയം കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാരുടെ കൂട്ടായ്മ മേൽശാന്തി സമാജത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കാലടിയിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽ മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടുവെന്ന പരാമർശത്തിൽ ന്യായീകരണവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയത്. വിവാദം ക്ഷേത്ര സംസ്കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും, പരാമർശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ പ്രതികരിച്ചു. എന്നാൽ ക്ഷേത്രം ഭരണസമിതിയുടെ നിർദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്,പൂജ സമയത്തു മന്ത്രിയല്ല മകനായാലും അങ്ങനെയേ ചെയ്യുവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.പൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയതെന്നും താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നതെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി.

കരുവന്നൂർ കൂടാതെ തൃശൂർ ജില്ലയിലെ ഒട്ടേറെ സഹകരണ ബാങ്കുകളിൽ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണു സിപിഎമ്മിനുള്ളത്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ സിപിഎം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർത്തു. ബാങ്ക് കൊള്ള സംബന്ധിച്ച് 2011ൽ തന്നെ സിപിഎമ്മിനു വ്യക്തമായ അറിവുണ്ടായിരുന്നെങ്കിലും നടപടിയെടുത്തില്ല. കൊള്ളമുതലിന്റെ പങ്കു പറ്റിയ സിപിഎം അന്നു മുതൽ ഇന്നു വരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു പോരുകയാണ്.കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണു മന്ത്രി എം.ബി.രാജേഷിന്റെ ചോദ്യം. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് ഈ മന്ത്രി. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണു കരുവന്നൂരെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ അഭിപ്രായമാണോ സിപിഎമ്മിനും സർക്കാരിനും ഉള്ളതെന്നു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.