Politics (Page 90)

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിലെത്തും. ഓഗസ്റ്റ് 31 ന് എൻഡിഎയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനത്തിനാണ് നദ്ദ കേരളത്തിൽ എത്തുന്നത്.

ഡിസംബർ രണ്ടാംവാരത്തിലാണ് അമിത്ഷാ കേരളത്തിൽ എത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാനതല ‘ജനജാഗരണയാത്ര’യുടെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് കെ സുരേന്ദ്രൻ യാത്ര നടത്തുന്നത്. സംസ്ഥാനത്തെ 20ലോക്‌സഭാമണ്ഡങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയെ 25000ത്തോളം പ്രവർത്തകർ അനുഗമിക്കും.

പ്രധാനകേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളിൽ കേന്ദ്രനേതാക്കൾ പങ്കെടുക്കും. ഇടതുമുന്നണി സർക്കാരിന്റെ അഴിമതിഭരണത്തിനെതിരെയും കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള പ്രശ്‌നങ്ങളിൽ നീതിതേടിയുമാണ് എൻഡിഎയുടെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുക.

ഇടതുസർക്കാരിന്റെ അഴിമതിഭരണം ചെറുക്കാൻ ബിജെപി.എന്ന പ്രചാരണ മുന്നേറ്റമാണ് പാർട്ടി ആലോചിക്കുന്നത്. നവംബർ ഒന്നുമുതൽ 20 വരെ സംസ്ഥാന വ്യാപകമായി 2000ത്തോളം കേന്ദ്രങ്ങളിൽ സായാഹ്നകവലയോഗങ്ങൾ നടത്തും. കരുവന്നൂർ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് യോഗങ്ങൾ ചേരുക.

ഐസ്വാൾ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വ്യക്തമാക്കി മിസോറം മുഖ്യമന്ത്രി സൊറംതങ്ക. മിസോറമിന്റെ പടിഞ്ഞാറൻ നഗരമായ മാമിത്തിൽ ഒക്ടോബർ 30-ന് മോദി സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് മോദി മിസോറാമിൽ എത്തുന്നത്.

മിസോറമിലെ ജനങ്ങളെല്ലാം ക്രൈസ്തവരാണ്. മണിപ്പുരിൽ മെയ്ത്തികൾ നൂറുകണക്കിന് ചർച്ചുകൾ കത്തിച്ചപ്പോൾ മിസോകൾ മുഴുവൻ അതിനെതിരായിരുന്നു. ഈ സമയത്ത് ബിജെപിയോട് അനുഭാവം പുലർത്തുക എന്നത് എന്റെ പാർട്ടിക്ക് വലിയ മൈനസ് പോയിന്റായിരിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മിസോറാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ ഏഴിനാണ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ.

നടി ഗൗതമി ബിജെപിയിൽ നിന്നും രാജിവെച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്നില്ല എന്ന് ആരോപിച്ചാണ് രാജി നൽകിയത്. ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധമാണ്  അവസാനിപ്പിച്ചത്. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. 25 വർഷങ്ങൾക്കു മുൻപാണ് ഗൗതമി ബിജെപിയിൽ അംഗമായി മാറിയത്.

വ്യക്തിപരമായി പ്രതിസന്ധിഘട്ടം എത്തിയപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.

 46 ഏക്കർ ഭൂമിയുടെ രേഖയാൽ തന്റെ വ്യാജ ഒപ്പ് കൊണ്ട് 25 കോടിയോളം രൂപ കൈക്കലാക്കി എന്നാണ് ഗൗതമിയുടെ ആരോപണം. ഈ വസ്തു സാമ്പത്തിക ആവശ്യങ്ങൾക്കായി വിൽക്കുവാൻ തീരുമാനിക്കുകയും അത് വിൽക്കാൻ സഹായിക്കുമെന്ന് ബിൽഡർ അളകപ്പനും ഭാര്യയും സഹായ  വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകികുകയും എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉ​പയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും സ്വത്ത് തട്ടിയെടുക്കുകയുമാണ് ചെയ്തതെന്നാണ് ഗൗതമിയുടെ ആരോപണം.

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 43 സീറ്റുകളിൽ കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ 76 നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളായി. 35 എംഎൽഎമാരെ രണ്ടാമത്തെ പട്ടികയിൽ കോൺഗ്രസ് നിലനിർത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് പേർ സ്വതന്ത്രരായി മത്സരിച്ചവരാണ്.

ഗെലോട്ടിന്റെ വിശ്വസ്തനായ മുൻ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ ഉൾപ്പെടെയുള്ളവർക്ക് കോൺഗ്രസ് സീറ്റ് നൽകി. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് ഗോവിന്ദ് സിങ് ഡോടാസര, കൃഷ്ണ പൂനിയ, സിപി ജോഷി തുടങ്ങിയ പ്രമുഖരാണ് കോൺഗ്രസിൻറെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയത്.

ചോദ്യങ്ങൾക്കായുള്ള കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍നിന്ന് അഭിഭാഷകന്‍ പിന്മാറി. ഗോപാല്‍ ശങ്കര്‍നാരായണ്‍ ആണ് മൊയ്ത്രയുടെ അഭിഭാഷകനായിരുന്നത്.കേസ് കോടതി 31-നു പരിഗണിക്കും
ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ്റായിക്കും നിരവധി മാധ്യമങ്ങള്‍ക്കുമെതിരെ മൊയ്ത്ര നല്‍കിയ ഹര്‍ജി ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.

മഹുവ കഴിഞ്ഞ ദിവസം നിഷികാന്ത് ദുബെയ്ക്കും ജയ് ആനന്ദ് ദെഹാദ്റായിക്കും മാധ്യമങ്ങള്‍ക്കുമെതിരെയുമായി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ കൈക്കൂലി വാങ്ങിയെന്നാണ് നിഷികാന്ത് ദുബെയുടെ ആരോപണം.എന്നാല്‍, ലോക്സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ചു എന്ന ആരോപണം അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു.

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിൽ ഒരിക്കൽ കൂടി മത്സരിക്കാനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചത്. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചിരിച്ച് തള്ളേണ്ടതാണെന്നും സമൃതി ഇറാനി വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും കേന്ദ്രമന്ത്രി പ്രതികരണം നടത്തി. അഴിമതിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ദേശീയതലത്തിൽ സഖ്യത്തിലുള്ള കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഒരു ഭരണ നേട്ടമെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഈ ഓണക്കാലത്ത് മാവേലി സ്റ്റോറിൽ ഒരു സാധനവും ഉണ്ടായില്ല. സിവിൽ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാധ്യതയാണുള്ളത്. വൈദ്യുതി ബോർഡിന്റെ സ്ഥിതി അറിയാല്ലോ. ഉമ്മൻചാണ്ടി സർക്കാരായിരുന്നപ്പോൾ വൈദ്യുതി ബോർഡ് ലാഭത്തിലായിരുന്നു. അന്ന് ഒരു യൂണിറ്റിന് 20 പൈസ വച്ച് ഉപഭോക്താക്കൾക്ക് കുറച്ചുകൊടുത്തു. ലാഭത്തിലായപ്പോൾ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൊടുത്തു. അതുവരെയുള്ള കടങ്ങൾ തീർത്തു. 1957 മുതൽ 2016 വരെയുള്ള ഇലക്ടിസിറ്റിയുടെ കടം എത്രയാണെന്നറിയാമോ. 1083 കോടി രൂപ. 2016 മുതൽ 23 വരെയുള്ള ഈ ഏഴ് കൊല്ലം കൊണ്ടുള്ള വൈദ്യുതി ബോർഡിന്റെ കടമെത്രയാണെന്നറിയാമോ. അത് നാൽപ്പതിനായിരം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരല്ലിത് കൊള്ളക്കാരാണെന്നും അഴിമതി സർക്കാരിനെതിരായാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധ സമരവുമായി യുഡിഎഫ്. ബുധനാഴ്ച്ച രാവിലെ ആറു മുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ ആരോിക്കുന്നു. യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നതിന്റെ ഭാഗമായി രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

പിണറായി വിജയന്റെ ദുരന്ത ഭരണത്തിനെതിരെ കേരളമെമ്പാടും ജനരോഷം പടരുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സാധാരണ ജനങ്ങളുടെ ശബ്ദം ഭരണ സിരാകേന്ദ്രത്തിലെ കഴിവുകെട്ട ഭരണാധികാരികളെ ബോധ്യപ്പെടുത്തുവാൻ പ്രതിപക്ഷം ബുധനാഴ്ച്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. വിലക്കയറ്റം കാരണം ജനം പൊറുതി മുട്ടുകയാണ്. ആ കൂട്ടത്തിൽ തന്നെ നാനാവിധത്തിലുള്ള നികുതികൾ വലിയ രീതിയിൽ വർദ്ധിപ്പിച്ചിരിക്കുന്നു, ക്ഷേമപെൻഷനുകൾ ഇല്ലാതെ ആയിരിക്കുന്നു, കാർഷിക മേഖലയെ വേരോടെ പിഴുത് മാറ്റിക്കൊണ്ടിരിക്കുന്നു. അർഹരായ അനേകം യുവതീ യുവാക്കളെ നോക്കുകുത്തികളാക്കി സർക്കാർ ജോലികൾ സിപിഎമ്മിന്റെ അടിമകൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ കഴിവുകെട്ട ഭരണം കേരളത്തിൽ ദുരിതമഴ പെയ്യിക്കുന്ന സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വ മലയാളികളും ഒന്നു ചേർന്ന് അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെ തെരുവിൽ പ്രതിഷേധക്കോട്ട കെട്ടുകയാണ്. ജനങ്ങളുടെ ശബ്ദമായി നിന്നുകൊണ്ട് കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിക്കും അയാളുടെ ഭരണത്തിനും എതിരെ പ്രതിപക്ഷം നടത്തുന്ന ഉപരോധ സമരത്തിൽ പങ്കെടുത്ത് ഈ ജനവിരുദ്ധ ഭരണകൂടത്തിന് താക്കീത് നൽകണമെന്ന് മുഴുവൻ കോൺഗ്രസ് പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നുവെന്നും സുധാകരൻ അറിയിച്ചു.

ചെന്നൈ: ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ കേന്ദ്രത്തിൽ നിന്ന് പുറത്താകുമെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു സ്റ്റാലിന്റെ പരാമർശം.

വനിതാ സംവരണ ബിൽ എൻഡിഎ സർക്കാർ ഗൂഢമായ ഉദ്ദേശത്തോടെയാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി നിർണയിക്കുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിഎ സർക്കാർ സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. എല്ലാ മതങ്ങൾക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റേണ്ടതാണെന്നും സ്റ്റാലിൻ അറിയിച്ചു.

കോഴിക്കോട്: രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണയത് 20 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയാണ് കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത്. മത്സരിക്കാൻ ആഗ്രഹമുള്ള ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗങ്ങളിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കെടുക്കുന്നത് പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപീകരിക്കാനാണ്. അതിൽ ഒരു അസ്വാഭാവികതയുമില്ല. ഇതിനുവേണ്ടിയാണ് പാർട്ടി ഒരു സ്ട്രാറ്റജിസ്റ്റിനെ നിയമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.