Politics (Page 85)

തിരുവനന്തപുരം: കേരളാ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ഇടതുമുന്നണി. കേരളാ കോൺഗ്രസ് (ബി) എംഎൽഎ ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് ഉൾപ്പെടുകയാണ്. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മാറ്റമുണ്ടാകുമെന്നാണ് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയത്. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം.

അതേസമയം, മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് ഇടത് മുന്നണി യോഗത്തിൽ കേരളാ കോൺഗ്രസ് ബി ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് പറഞ്ഞു.

തിരുവനന്തപുരം: കേരളം സാമ്പത്തികമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കേന്ദ്ര നയങ്ങൾ കാരണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തോട് അവഗണന വച്ചുപുലർത്തുകയാണ്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മുഴുവൻ എംഎൽഎമാരും ഇടത് എംപിമാരും ഡൽഹിയിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രതിഷേധം സംഘടിപ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങളും അവഗണനയുമെല്ലാം സമരത്തിൽ ഉന്നയിക്കപ്പെടും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഇതിനെക്കുറിച്ച് ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സാമ്പത്തിക മേഖലയിൽ കേരളം ഒട്ടനവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇനിയും ഒരുപാട് വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. അതിനായി സാമ്പത്തികം ആവശ്യമുണ്ട്. ഇതിനായി ഗവൺമെന്റ് പരമാവധി വിഭവ ശേഖരണം നടത്തുന്നുണ്ട്. ഈ വർഷം 71,000 കോടി രൂപ പഴയ കുടിശികകൾ പിരിച്ചെടുക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇത് 48,000 കോടി രൂപ ആയിരുന്നു. സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ കേരളം ശ്രമങ്ങൾ നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റ് അങ്ങേയറ്റം അവഗണനയാണ് കാണിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും സംസ്ഥാനത്തിന് നൽകുന്നില്ല. സംസ്ഥാനത്തിന് വിഹിതമായി ലഭിക്കേണ്ട 58,000 കോടിയുടെ സഹായം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എന്നാൽ ഇതിനെതിരായി ഒരു ശബ്ദവും യുഡിഎഫ് ഉയർത്തുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരിൽ ആരും തന്നെ കേന്ദ്രനയങ്ങൾക്കെതിരെ പ്രതികരിക്കുകയോ കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ?ഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചുവെങ്കിലും മുഖം തിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാർക്ക്. ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ ഒപ്പുവയ്ക്കാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയ്ക്കും വികസനങ്ങളെ എതിർക്കുന്ന നിലപാടിനുമെതിരെ പ്രതികരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. കേരള വിരോധ സമീപനത്തിനെതിരെ ശബ്ദം ഉയരേണ്ടതുണ്ട്. ഇതിനായി എൽഡിഎഫ് സംസ്ഥാനത്തുടനീളം വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിക്കും. ജില്ല, സംസ്ഥാന അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ നടക്കുന്ന കൂട്ടായ്മയ്‌ക്കൊപ്പം തന്നെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. താൽപര്യമുള്ള എല്ലാവരെയും ഇതിന്റെ ഭാഗമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേയുടെ കാര്യത്തിലും കടുത്ത അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. റെയിൽവേ പദ്ധതി വിഹിതമായി ലഭിക്കേണ്ട തുകയിൽ കഴിഞ്ഞ വർഷത്തേക്കാൾ 1050 കോടി രൂപയാണ് കുറവ് വന്നത്. വാഗ്ദാനം ചെയ്ത പല പദ്ധതികളും നടപ്പാക്കുന്നില്ല. 2 വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും അത് കാരണവും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. പല ട്രെയിനുകളിലും കോച്ചുകൾ കുറവാണ്. പഴകിയ കോച്ചുകളുള്ള ട്രെയിനുകളാണ് ഇപ്പോൾ ഉള്ളത് കൂടുതലും. കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിനായി അനുവദിക്കണം. റബർ മേഖലയും കേന്ദ്ര നയങ്ങൾ കൊണ്ട് പ്രതിസന്ധി നേരിടുകയാണ്. ന്യായമായ വില കർഷകർക്ക് ലഭിക്കുന്നില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ആലപ്പുഴ: ശത്രുത മാറ്റി ഐക്യത്തോടെ പോയില്ലെങ്കിൽ ജില്ലയിൽ സ്ഥിതി അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിലെ കോൺഗ്രസ് സ്‌പെഷൽ കൺവൻഷനിലായിരുന്നു സുധാകരൻ ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോൾ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ജനം ഒപ്പമുണ്ട്. അവർ വിഭജിക്കപ്പെടുന്നെങ്കിൽ കാരണം നമ്മൾ തന്നെയാണ്. നമ്മളാണ് ഇന്ത്യയുടെ കാവൽക്കാർ. ഇന്നു കാണുന്നതെല്ലാം ഉണ്ടാക്കിയതു കോൺഗ്രസാണ്. അതിനെ വളർത്താൻ നിങ്ങൾ പ്രചോദനം നൽകിയാൽ 20ൽ 20 സീറ്റും കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങൾ നിശബ്ദരും കഴിവുകെട്ടവരുമായാൽ ദോഷം കോൺഗ്രസിനാണ്. ആലപ്പുഴ എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ കെ സി വേണുഗോപാലിനും അതിൽ പങ്കുണ്ടാവുമെന്നും സുധാകരൻ അറിയിച്ചു. പിണറായിക്കെതിരെ പറഞ്ഞതു പോലെ മറ്റൊരു ഇടതു മുഖ്യമന്ത്രിയെയും പറഞ്ഞിട്ടില്ല. എന്തിനും പണം എന്നതാണ് അവരുടെ ലക്ഷ്യം. മോദിയുടെ തൊഴുത്ത് അദാനിയാണെങ്കിൽ പിണറായിയുടേത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന് അദ്ദേഹം പറഞ്ഞു.

അവർക്കു വേണ്ടി നിയമം തന്നെ മാറ്റി ടെൻഡറില്ലാതെ പണികൾ നൽകുന്നു. കരാറുകാരിൽ നിന്നു കോടികൾ കോഴ വാങ്ങി പിണറായി തടിച്ചു കൊഴുക്കുന്നു. കടൽ പോലും കൊള്ളയടിക്കാൻ കരാറുണ്ടാക്കിയ നന്ദികെട്ടവർ. തൊഴിലാളികളുടെയും കർഷകരുടെയും പണം നൽകാത്ത നെറികെട്ടവർ. 50 കോടി രൂപയാണ് കേരളീയത്തിനു ചെലവിട്ടത്. അതുണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസിയും സിവിൽ സപ്ലൈസും കുറച്ചെങ്കിലും രക്ഷപ്പെട്ടേനെയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. അപമര്യാദയായി സുരേഷ് ഗോപി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

ക്ഷേമപെന്‍ഷന്‍ വിതരണം അടുത്താഴ്ച മുതൽ നൽകും. അടുത്തയാഴ്ച മുതല്‍ ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. 900 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചിരുന്നത്. 54,000 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ളത്.നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നേരത്തെ തീരുമാനിച്ചതു പോലെ തന്നെ മന്ത്രിസഭാ പുനസംഘടന നടക്കുമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നും അദ്ദേഹം അറിയിച്ചു.

പുനഃസംഘടനയ്ക്കുള്ള എല്ലാ തീരുമാനങ്ങളും നേരത്തെ തന്നെ എടുത്തിട്ടുള്ളതാണ്. എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതാണ്. ഏതെങ്കിലും ഒരു പാർട്ടി തീരുമാനിക്കുന്നതല്ല, മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്ന് എടുത്തിട്ടുള്ള തീരുമാനമാണത്. ആ തീരുമാനത്തിന്റെ വഴിക്ക് കാര്യങ്ങൾ നടക്കുമെന്ന് ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.

എത്ര മന്ത്രിമാർക്കെതിരെ കേസുണ്ട്. എത്ര എംപിമാർക്കെതിരെ കേസുണ്ട്. മന്ത്രിമാരായി ഇരിക്കുന്നവർക്കു വരെ കേസില്ലേ. ഡൽഹിയിലെ ഉപമുഖ്യമന്ത്രി ഇപ്പോൾ ജയിലിലാണ്, അവിടുത്തെ ആരോഗ്യമന്ത്രി ജയിലിലാണ്. കർണാടകയിൽ മുൻ മന്ത്രിമാരായിട്ടുള്ള ചിലരൊക്കെ ഇങ്ങനെ ജയിലിലുണ്ട്. കുറ്റം ആരോപിച്ചു എന്നതു കൊണ്ട് ഒരാൾ കുറ്റവാളി ആകില്ലെന്നും വിചാരണ നേരിടുന്നതുകൊണ്ടു മാത്രം ഗണേഷ് കുറ്റക്കാരനാകില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് താക്കിത്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിലാണ് മഹാരാജാസ് കോളജിലെ പരീക്ഷാ കൺട്രോളർക്ക് താക്കിത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് തെറ്റായി പ്രസിദ്ധീകരിച്ചതിനാണ് താക്കീത്.

പരീക്ഷാ കൺട്രോളർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താതിനാൽ കോളജിലെ പരീക്ഷാ സംവിധാനം ആകെ സംശയ നിഴലിലായി. ഇതിനെ തുടർന്ന് കർശനനടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

തെലങ്കാന സ്വദേശിയാണ് പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കണ്ടെത്തൽ. നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണ് സൂത്രധാരനെന്ന് രഹസ്യാന്വേഷണ വിഭാഗം.

കോൺഗ്രസ് നേതാവ് വി.സി ശുക്ലയെ 2013ല്‍ ച്ഛത്തിസ്ഗഡ് സുഖ്മയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമന്തു. ഇയാള്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ്.

ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത്.

ഇയാള്‍ പലതവണ കേരളത്തിലെത്തിയാതായും വിവരമുണ്ട്. കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളെന്നാണ് കണ്ടെത്തല്‍. മാവോയിസ്റ്റ് അതിക്രമങ്ങളുടെ മുഖ്യ ആസൂത്രണത്തിന് പിന്നൽ ഇയാളാണെന്നും സൂചനയുണ്ട്. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി.രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല. ആദ്യ പരിശോധന കുട്ടികളുടെ ഐസിയുവിലായിരുന്നു.

ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞിന് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. തുടർന്ന് ആശുപത്രി നേരിടുന്ന വിവിധ പരിമിതികളെക്കുറിച്ച് ജീവനക്കാര്‍ ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തി.മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിനിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തും.

അതേസമയം ഈ വർഷം രണ്ട് നവജാത ശിശുക്കളും നാല് ഗർഭസ്ഥ ശിശുക്കളും അട്ടപ്പാടിയിൽ മരിച്ചതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന് ജനിച്ചപ്പോൾ തൂക്കം കുറവായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. കലാഭവൻ മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ അവഗണിച്ചു. മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. ആഹാരത്തിന് പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി.

തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ല. 22 സിനിമകളോളം കേരളീയത്തിൽ പ്രദർശിപ്പിച്ചു. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി. മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് താനാണെന്നും പറഞ്ഞു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകൾ. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാർ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.