ആലപ്പുഴ: ശത്രുത മാറ്റി ഐക്യത്തോടെ പോയില്ലെങ്കിൽ ജില്ലയിൽ സ്ഥിതി അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിലെ കോൺഗ്രസ് സ്‌പെഷൽ കൺവൻഷനിലായിരുന്നു സുധാകരൻ ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ജനം ഒപ്പമുണ്ട്. അവർ വിഭജിക്കപ്പെടുന്നെങ്കിൽ കാരണം നമ്മൾ തന്നെയാണ്. നമ്മളാണ് ഇന്ത്യയുടെ കാവൽക്കാർ. ഇന്നു കാണുന്നതെല്ലാം ഉണ്ടാക്കിയതു കോൺഗ്രസാണ്. അതിനെ വളർത്താൻ നിങ്ങൾ പ്രചോദനം നൽകിയാൽ 20ൽ 20 സീറ്റും കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങൾ നിശബ്ദരും കഴിവുകെട്ടവരുമായാൽ ദോഷം കോൺഗ്രസിനാണ്. ആലപ്പുഴ എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ കെ സി വേണുഗോപാലിനും അതിൽ പങ്കുണ്ടാവുമെന്നും സുധാകരൻ അറിയിച്ചു. പിണറായിക്കെതിരെ പറഞ്ഞതു പോലെ മറ്റൊരു ഇടതു മുഖ്യമന്ത്രിയെയും പറഞ്ഞിട്ടില്ല. എന്തിനും പണം എന്നതാണ് അവരുടെ ലക്ഷ്യം. മോദിയുടെ തൊഴുത്ത് അദാനിയാണെങ്കിൽ പിണറായിയുടേത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന് അദ്ദേഹം പറഞ്ഞു.
അവർക്കു വേണ്ടി നിയമം തന്നെ മാറ്റി ടെൻഡറില്ലാതെ പണികൾ നൽകുന്നു. കരാറുകാരിൽ നിന്നു കോടികൾ കോഴ വാങ്ങി പിണറായി തടിച്ചു കൊഴുക്കുന്നു. കടൽ പോലും കൊള്ളയടിക്കാൻ കരാറുണ്ടാക്കിയ നന്ദികെട്ടവർ. തൊഴിലാളികളുടെയും കർഷകരുടെയും പണം നൽകാത്ത നെറികെട്ടവർ. 50 കോടി രൂപയാണ് കേരളീയത്തിനു ചെലവിട്ടത്. അതുണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസിയും സിവിൽ സപ്ലൈസും കുറച്ചെങ്കിലും രക്ഷപ്പെട്ടേനെയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

