Politics (Page 86)

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിംലീഗ് മറുകണ്ടം ചാടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലീഗ് മതിൽ ചാടാനിങ്ങനെ മുട്ടിനിൽക്കുകയാണ് പക്ഷേ തത്കാലം അത് നടക്കുന്നില്ല. പക്ഷേ ഉടനെ തന്നെ ചാടുമെന്നതിൽ സംശയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഇങ്ങനെ കളിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അവർ കാത്തിരിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ലീഗിന് ചാടാതിരിക്കാൻ പറ്റില്ല. കാരണം വൻഭൂരിപക്ഷത്തോട് കൂടി നരേന്ദ്രമോദി സർക്കാർ വരും. അതുകഴിയുമ്പോഴേക്കും ലീഗ് ചാടും. ഇക്കാര്യം എഴുതിവെച്ചോളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലീഗ് വേലി ചാടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. കണ്ടല ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് ഭാസുരാംഗന് മാത്രമല്ല ഒരു മന്ത്രിക്കും പങ്കുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. സിപിഐയുടെ ഒരു ഉന്നത നേതാവിന് മാസം തോറും കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഒരു പ്രത്യേകം തുക അനുവദിച്ചതായും അറിയാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് ഭാസുരാംഗൻ മാത്രം നടത്തിയിട്ടുള്ള തട്ടിപ്പല്ല. മന്ത്രിസഭാംഗങ്ങളും സിപിഐയുടെ ഉന്നതനേതാക്കന്മാരുമൊക്കെ അറിഞ്ഞു കൊണ്ടു നടത്തിയ തട്ടിപ്പാണിതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ഭാസുരാംഗനെതിരെ നടപടി എടുത്തു കൊണ്ട് കണ്ണിൽ പൊടിയിടാമെന്നാണ് ഭരണകക്ഷി വിചാരിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. തീരുമാനം നേരത്തെ എടുത്തതാണെന്നും ഇനി ഒരു പാർലമെന്ററി ലൈഫ് ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. രാഷ്ട്രീയത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നും ഇത് തന്റെ തീരുമാനമാണെന്നും കെ വി തോമസ് വ്യക്തമാക്കി. 20 സീറ്റുകൾ
ഇടതുമുന്നണിക്ക് നല്ല സാധ്യതയുള്ളവയാണ്. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തതയില്ലാതെ പോയെതിനും കെ.വി തോമസ് കുറ്റപ്പെടുത്തി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന ചർച്ചകൾക്കിടയിലാണ് പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ വി തോമസ് നേരത്തേയും വ്യക്തമാക്കിയിരുന്നു.

മുൻ‌ കെ.പി.സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റിൽ. ബാങ്ക് മുൻ പ്രസിഡന്റാണ് കെകെ എബ്രഹാം. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാൽ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു.

ഇതോടെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. നാലോളം പേരുടെ പേരുവിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. കെ കെ എബ്രഹാം ഉൾപ്പെടുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. 10 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

തൃശൂർ കേരളവർമ്മ കോളജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നത് ഏറ്റവും മോശമായ സമരാഭ്യാസമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് അപഹാസ്യമാണെന്നും വിമർശനം. റിട്ടേണിംഗ് ഓഫീസർക്കാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല.

അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പുമന്ത്രി വിഷയത്തിൽ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവർ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണമെന്നും . ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അദ്ധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നുവന്നും കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ തുടങ്ങിയ നിരാഹാരം നിർത്തി പോയതെന്തിനെന്നും പറയണമെന്നും മന്ത്രി ബിന്ദു ആവശ്യപ്പെട്ടു.

ഒരാഴ്ച നീണ്ടു നിന്ന കേരളീയത്തിന് ഇന്ന് സമാപനം. വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. ആഘോഷങ്ങൾ ഒരു വശത്തു പൊടി പൊടിക്കുമ്പോഴും വിമർശനങ്ങൾ മറു വശത്തു നീണ്ടു നിവർന്നു തന്നെ കിടക്കുകയാണ്. സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും. ചെലവിന്റെ ആദ്യകണക്ക് 27 കോടിയാണ്. അന്തിമകണക്ക് വരമ്പോൾ ഇത് കുതിച്ചുയരുമെന്നുറപ്പാണെന്ന് പ്രതിപക്ഷം. അസമയത്തെ ധൂർത്തെന്നാണ് ആക്ഷേപ സ്വരം. പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ.

മലപ്പുറം: മുസ്ലിം ലീഗുമായുള്ള ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്. മുസ്സിംലീഗീനെ നോട്ടമിട്ട് സിപിഎം കരുനീക്കം ശക്തമാക്കിയതോടെയാണ് മുന്നണി ബന്ധം ദൃഢമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കെട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.

മലപ്പുറം കോൺഗ്രസിലെ തർക്കവും പലസ്തീൻ വിവാദവും ചർച്ച ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് വൈകീട്ട് നാലു മണിക്ക് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പാണക്കാടെത്തും. മുസ്ലീലീഗുമായുള്ളയത് സഹോദര ബന്ധമാണെന്നും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി എസ്. ജോയിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

നിരവധി പേർ മരിച്ചു വീഴുന്ന ഫലസ്തീൻ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് സതീശൻ വ്യക്തമാക്കുന്നത്. റാലി നടത്താൻ തീരുമാനിച്ച സിപിഎം പലസ്തീനെ കുറിച്ചല്ല ചർച്ച ചെയ്യുന്നത്. അതിന്റെ മറവിൽ മുസ്ലിം ലീഗ്, സമസ്ത, യുഡിഎഫ് എന്നിവയാണ് ചർച്ചാ വിഷയമാക്കുന്നത്. പലസ്തീന് ആര് ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സിപിഎം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സിപിഎമ്മിന് ഫലസ്തീനിനോടുള്ള ആത്മാർഥ ഐക്യദാർഢ്യമാണ് ഉള്ളതെങ്കിൽ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം കോൺഗ്രസിനെയും യു.ഡി.എഫിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു.

സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്നും തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ്. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം.
ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. ഇവയെല്ലാം മാവോയിസ്റ്റ് സ്വാധീന മേഖലകളാണ്. അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിട്ടുണ്ട്.

.

ജനങ്ങൾ അനുവഭിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണ-പ്രതിപക്ഷം വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈദ്യുതി ചാർജ് വർദ്ധന ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും കെഎസ്ഇബിയുടെ കടംവീട്ടാൻ സർക്കാർ പൊതുജനങ്ങളുടെ മേൽ കുതിരകയറുകയാണെന്നും പറഞ്ഞു. എല്ലാ വക സാധനങ്ങൾക്കും വില വർധിച്ചിരിക്കുകയാണ്, ഉച്ചകഞ്ഞിക്ക് പോലും ഉച്ചക്കഞ്ഞിക്ക് പോലും പണം കൊടുക്കാത്ത സർക്കാർ 5,000 കോടിരൂപയുടെ അധികഭാരമാണ് ഈ ബജറ്റിലൂടെ പൊതുജനങ്ങളുടെ മേൽ കെട്ടിവെച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

ജീവിക്കാൻ അവസ്ഥയില്ലാതെ വരുകയാണ് ഓരോ ജീവനക്കാർക്കും.10 ശതമാനത്തോളമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. നിയമനങ്ങൾ പിൻവാതിലൂടെ മാത്രമാണ് നടക്കുന്നത്.പിണറായി സർക്കാരിനെ കൊണ്ട് മലയാളികൾ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയൽ-ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറയ്ക്കാൻ സിപിഎം ശ്രമിക്കുന്നത്.

അഖിലേന്ത്യാതലത്തിൽ ഐഎൻഡി മുന്നണിയുടെ ഭാഗമായ സിപിഎമ്മിനെ രക്ഷിക്കാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ മുസ്ലിംങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത പാലസ്തീൻ വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്.

അതിന് വേണ്ട സഹായമാണ് വിഡി സതീശൻ അവർക്ക് ഒരുക്കികൊടുക്കുന്നതെന്നും . മുസ്ലിംലീഗ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിലെത്തുമെന്നുറപ്പാണെന്നും പറഞ്ഞു. കുറച്ച വോട്ട് കിട്ടാനായിട്ടാണ് സിപിഎമ്മും കോൺഗ്രസും രാജ്യാന്തര ഭീകരവാദികളായ ഹമാസിനെ പിന്തുണയ്ക്കുന്നതെന്നും ഹമാസ് എന്ത് ചെയ്താലും അവരെ പിന്തുണയ്ക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ കൂട്ടി ചേർത്തു.

ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. പഞ്ചാബ് ഗവർണർ ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെതിരായ ഹർജിയാണ് കോടതി ഇന്നാദ്യം കേട്ടത്. പഞ്ചാബ് ഗവർണർ ബില്ലുകളിൽ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

ഗവർണർമാ‍ർ നടപടി എടുക്കാൻ വൈകുന്നത് എന്തുകൊണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരളം നല്കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു. ”ആ‍ർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയം ഉണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ആ സംശയം മാറ്റും” സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയതിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശത്തിൽ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു. വെള്ളിയാഴ്ച ഹർജി പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.