തിരുവനന്തപുരം: കേരളം സാമ്പത്തികമായി അനുഭവിക്കുന്ന പ്രയാസങ്ങൾ കേന്ദ്ര നയങ്ങൾ കാരണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രസർക്കാർ കേരളത്തോട് അവഗണന വച്ചുപുലർത്തുകയാണ്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മുഴുവൻ എംഎൽഎമാരും ഇടത് എംപിമാരും ഡൽഹിയിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രതിഷേധം സംഘടിപ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങളും അവഗണനയുമെല്ലാം സമരത്തിൽ ഉന്നയിക്കപ്പെടും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഇതിനെക്കുറിച്ച് ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സാമ്പത്തിക മേഖലയിൽ കേരളം ഒട്ടനവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇനിയും ഒരുപാട് വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. അതിനായി സാമ്പത്തികം ആവശ്യമുണ്ട്. ഇതിനായി ഗവൺമെന്റ് പരമാവധി വിഭവ ശേഖരണം നടത്തുന്നുണ്ട്. ഈ വർഷം 71,000 കോടി രൂപ പഴയ കുടിശികകൾ പിരിച്ചെടുക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇത് 48,000 കോടി രൂപ ആയിരുന്നു. സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ കേരളം ശ്രമങ്ങൾ നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റ് അങ്ങേയറ്റം അവഗണനയാണ് കാണിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും സംസ്ഥാനത്തിന് നൽകുന്നില്ല. സംസ്ഥാനത്തിന് വിഹിതമായി ലഭിക്കേണ്ട 58,000 കോടിയുടെ സഹായം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എന്നാൽ ഇതിനെതിരായി ഒരു ശബ്ദവും യുഡിഎഫ് ഉയർത്തുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരിൽ ആരും തന്നെ കേന്ദ്രനയങ്ങൾക്കെതിരെ പ്രതികരിക്കുകയോ കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ?ഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചുവെങ്കിലും മുഖം തിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാർക്ക്. ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ ഒപ്പുവയ്ക്കാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയ്ക്കും വികസനങ്ങളെ എതിർക്കുന്ന നിലപാടിനുമെതിരെ പ്രതികരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. കേരള വിരോധ സമീപനത്തിനെതിരെ ശബ്ദം ഉയരേണ്ടതുണ്ട്. ഇതിനായി എൽഡിഎഫ് സംസ്ഥാനത്തുടനീളം വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിക്കും. ജില്ല, സംസ്ഥാന അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ നടക്കുന്ന കൂട്ടായ്മയ്‌ക്കൊപ്പം തന്നെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. താൽപര്യമുള്ള എല്ലാവരെയും ഇതിന്റെ ഭാഗമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയിൽവേയുടെ കാര്യത്തിലും കടുത്ത അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. റെയിൽവേ പദ്ധതി വിഹിതമായി ലഭിക്കേണ്ട തുകയിൽ കഴിഞ്ഞ വർഷത്തേക്കാൾ 1050 കോടി രൂപയാണ് കുറവ് വന്നത്. വാഗ്ദാനം ചെയ്ത പല പദ്ധതികളും നടപ്പാക്കുന്നില്ല. 2 വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും അത് കാരണവും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. പല ട്രെയിനുകളിലും കോച്ചുകൾ കുറവാണ്. പഴകിയ കോച്ചുകളുള്ള ട്രെയിനുകളാണ് ഇപ്പോൾ ഉള്ളത് കൂടുതലും. കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിനായി അനുവദിക്കണം. റബർ മേഖലയും കേന്ദ്ര നയങ്ങൾ കൊണ്ട് പ്രതിസന്ധി നേരിടുകയാണ്. ന്യായമായ വില കർഷകർക്ക് ലഭിക്കുന്നില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

