കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും; ഇ പി ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നേരത്തെ തീരുമാനിച്ചതു പോലെ തന്നെ മന്ത്രിസഭാ പുനസംഘടന നടക്കുമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നും അദ്ദേഹം അറിയിച്ചു.

പുനഃസംഘടനയ്ക്കുള്ള എല്ലാ തീരുമാനങ്ങളും നേരത്തെ തന്നെ എടുത്തിട്ടുള്ളതാണ്. എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതാണ്. ഏതെങ്കിലും ഒരു പാർട്ടി തീരുമാനിക്കുന്നതല്ല, മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്ന് എടുത്തിട്ടുള്ള തീരുമാനമാണത്. ആ തീരുമാനത്തിന്റെ വഴിക്ക് കാര്യങ്ങൾ നടക്കുമെന്ന് ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.

എത്ര മന്ത്രിമാർക്കെതിരെ കേസുണ്ട്. എത്ര എംപിമാർക്കെതിരെ കേസുണ്ട്. മന്ത്രിമാരായി ഇരിക്കുന്നവർക്കു വരെ കേസില്ലേ. ഡൽഹിയിലെ ഉപമുഖ്യമന്ത്രി ഇപ്പോൾ ജയിലിലാണ്, അവിടുത്തെ ആരോഗ്യമന്ത്രി ജയിലിലാണ്. കർണാടകയിൽ മുൻ മന്ത്രിമാരായിട്ടുള്ള ചിലരൊക്കെ ഇങ്ങനെ ജയിലിലുണ്ട്. കുറ്റം ആരോപിച്ചു എന്നതു കൊണ്ട് ഒരാൾ കുറ്റവാളി ആകില്ലെന്നും വിചാരണ നേരിടുന്നതുകൊണ്ടു മാത്രം ഗണേഷ് കുറ്റക്കാരനാകില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.