Politics (Page 84)

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്തതിനെതിരായ ഹർജി ലോകായുക്ത തള്ളിയ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് സിപിഎം വ്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിച്ച് പരാതികൾ നൽകി നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സർക്കാരിനെതിരായ ചർച്ചകൾക്കും വ്യാജപ്രചാരണങ്ങൾക്കും അവസരമൊരുക്കുകയാണ്. കോൺഗ്രസ്, ബിജെപി നേതാക്കൾ നേരിട്ടും അല്ലാതേയും നടത്തുന്ന ഈ നീക്കങ്ങളെല്ലാം കോടതികളിൽ പരാജയപ്പെട്ടതിന് നിരവധി ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

സർവകലാശാലയിലെ കോൺഗ്രസ് സംഘടനാ നേതാവയിരുന്നയാളാണ് ലോകായുക്തയിൽ ഹർജി നൽകിയത്. വസ്തുതയുമായി ബന്ധമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണിവ. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഇദ്ദേഹം നേരത്തെ നൽകിയ ഹർജികളും സമാനസ്വഭാവമുള്ളതായിരുന്നു. അവയും തള്ളിപ്പോയിരുന്നു. ദുരിതാശ്വാസ നിധി കേസിൽ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നാണ് ലോകായുക്ത വിധി. സ്വജനപക്ഷപാതമോ നീതിനിഷേധമോ കണ്ടെത്താൻ കഴിഞ്ഞില്ല. പൊതുപണം വിനിയോഗിക്കുന്നതിന് മന്ത്രിസഭയ്ക്കുള്ള അധികാരത്തെ ചോദ്യം ചെയ്യാനും കഴിയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിലെ മന്ത്രിസഭയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾ കേവലം ഹർജിക്കാരന്റെ മാത്രം താൽപര്യമല്ലെന്നും ഗൂഢമായ രാഷ്ട്രീയ നീക്കങ്ങൾ പിന്നിലുണ്ടെന്നും വ്യക്തമാണെന്നും സിപിഎം അറിയിച്ചു.

ഹർജിയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രിയേയും എൽഡിഎഫ് സർക്കാരിനേയും തേജോവധം ചെയ്തുവരികയായിരുന്നു കോൺഗ്രസും ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും. വിധി പ്രസ്താവം കോൾക്കാൻ കോൺഗ്രസ് നേതാവ് അടക്കം എത്തിയതും ഹർജിക്ക് പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങൾ തുറന്നു കാണിക്കുന്നു. ഏറ്റവും സുതാര്യമായി നടന്നുവരുന്ന സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവിതരണം. ആർക്കും അറിയാവുന്ന വിധത്തിലും നൂലാമാലകൾ ഒഴിവാക്കി സാധാരണക്കാർക്ക് പ്രാപ്യമാകും വിധത്തിലുമാണ് അതിന്റെ നടത്തിപ്പ്. എന്നാൽ, നേരത്തേയും ദുരിതാശ്വാസ നിധി വിതരണം സംബന്ധിച്ച് അനാവശ്യ വിവാദത്തിന് ചിലർ മുതിർന്നിരുന്നു. കഴമ്പുള്ള ഒരു ആരോപണവും ഉന്നയിക്കാൻ പറ്റാത്തതിന്റെ ജാള്യവും സർക്കാരിന്റെ ജനസമ്മതിയുമാണ് ഒന്നിനുപുറകെ ഒന്നൊന്നായി കള്ള പ്രചാരണങ്ങൾ നടത്താൻ യുഡിഎഫിനേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്. വ്യാജനിർമ്മിതികൾ കൊണ്ട് എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സിപിഎം കൂട്ടിച്ചേർത്തു.

കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ.സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്.ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരൻ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങൾ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നേരത്തേ രം​ഗത്തെത്തിയിരുന്നു. മന്ത്രിയെന്നാൽ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാൻ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാൽ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി വി. മുരളീധരൻ കളവ് പറയുകയാണ്. അർഹമായ കേന്ദ്ര വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ് മന്ത്രി. കേന്ദ്ര വിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓർക്കണം. റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടത്തെ ധൂർത്ത് കണ്ടുപിടിക്കാൻ സി&എജി ഉണ്ട്. കണ്ടുപിടിക്കട്ടെ, ആർക്കാണ് അതിൽ തർക്കമുള്ളതെന്നും ​ഗോവിന്ദൻ ചോദിച്ചു.കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമർശം.

കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ സർക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാൽ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.ഡൽഹിയിൽ ധർണ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. ധർണ്ണ ഇരുന്നാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുത്. ഡൽഹിയിൽ ധർണ നടത്തിയിട്ട് ഒരു കാര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കോഴിക്കോട് ബീച്ചിൽ ഈ മാസം 23 ന് ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ ആണ് അനുമതി നിഷേധിച്ചത്. നവകേരള സദസ്സ് നടത്തുന്നത് കൊണ്ട് തന്നെ അനുമതി നൽകാൻ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ വ്യക്തമാക്കുന്നു. റാലി ശക്തി പ്രകടനമാക്കുക എന്നതാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.

കോൺ​ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം. അതേസമയം സർക്കാരിനെതിരെയുള്ള വിചാരണ സദസ്സ് ധര്‍മ്മടത്ത് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. വിചാരണ സദസ്സിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങള്‍ മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, വാർധക്യകാല പെൻഷൻ എന്നിവയ്ക്കായി കേരളത്തിന് നൽകിയത് 604.14 കോടിയാണ്. രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏഴാം ശമ്പളപരിഷ്‌ക്കരണത്തിന്റെ കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥതകൊണ്ട് കേരള സർക്കാർ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. ദേശീയ ഭക്ഷ്യസുരക്ഷ ആക്ട് പ്രകാരം 259.63 കോടി കൈമാറിക്കഴിഞ്ഞു. ഇതിൽ കുടിശിക ഇല്ല.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കാവശ്യമായ മൂലധന സഹായ ഇനത്തിൽ 1,925 കോടി കിട്ടാനുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിന് തടസം. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ട് സെപ്റ്റംബർ 30-ന് മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നവംബർ ആദ്യ ആഴ്ചയിലും കേരളം ഇത് നൽകിയിട്ടില്ല.തദ്ദേശ സ്ഥാപനങ്ങൾവഴി നൽകുന്ന ഹെൽത് ഗ്രാന്റ് ഇനത്തിൽ ഇതുവരെ (2022 – 23 ) 421.81 കോടി നൽകിയിട്ടുണ്ട്. അവശേഷിക്കുന്നത് 137.17 കോടിയാണ്. അനുവദിച്ച തുക ചെലവഴിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാലാണ് ബാക്കി തുക കൈമാറാത്തതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം അനുവദിക്കുന്ന തുക കേരള സർക്കാർ പലപ്പോഴും വകമാറ്റി ചെലവഴിക്കുകയോ ലാപ്‌സാക്കുകയോ ചെയ്യുന്നു. പ്രധാനമന്ത്രി മത്സ്യയോജന, വന്യമൃഗ ശല്യം ഒഴിവാക്കാനുള്ള ഫണ്ട് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനപ്രകാരം ലഭിച്ച 13,286 കോടിയിൽ 7855.95 മാത്രമാണ് കേരളം ചെലവിട്ടത്. ധനക്കമ്മി ഗ്രാന്റിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തിന് നിശ്ചയിച്ച തുക നിശ്ചിത ഗഡുക്കളായി കൃത്യമായി കൈമാറിവരുന്നു. ധനകാര്യ കമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്തെ 17 സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി ഗ്രാന്റ് നൽകുന്നത്. ഓരോ വർഷവും എത്ര കിട്ടുമെന്ന് ആദ്യ വർഷംതന്നെ സംസ്ഥാന സർക്കാരുകൾക്ക് അറിയാവുന്നതാണ്. ‘ ഇപ്പോൾ കുറച്ചു’ എന്ന് പറയുന്നത് ബോധപൂർവം തെറ്റിദ്ധരിപ്പിക്കലാണ്. രാജ്യത്ത് ഏറ്റവുമധികം റവന്യൂ കമ്മി ഗ്രാന്റ് കിട്ടിയിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അദ്ദേഹം അറിയിച്ചു.

‘ഓഫ് ബജറ്റ് ബോറോവിങ് ‘ എന്ന പേരിൽ നടത്തുന്ന കടമെടുപ്പിന്റെ തിരിച്ചടവ് ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും ഇഷ്ടംപോലെ കടമെടുക്കാൻ അനുവദിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരും എന്നതിനാലാണ് ജിഎസ്ഡിപിയുടെ 3% എന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂൺ 30-ന് അവസാനിക്കുമെന്ന് 2017-ൽ തന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ധാരണയായിരുന്നു. അത് മുൻകൂട്ടിക്കണ്ട് തനത് നികുതി വരുമാനം കൂട്ടാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ല. മാത്രമല്ല, ആറ് വർഷത്തിന് ശേഷം ഇക്കൊല്ലമാണ് സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്‌മെന്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനം. മൂന്നുപേരില്‍നിന്ന് അപേക്ഷ വാങ്ങിയിട്ടില്ലെന്നും ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും ലോകായുക്ത വ്യക്തമാക്കി. എന്നാല്‍, പണം അനുവദിച്ചതില്‍ അഴിമതിക്ക് തെളിവില്ല. അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.ഫണ്ട് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്.

മൂന്ന് ലക്ഷത്തിന് മുകളിൽ നൽകിയപ്പോൾ മന്ത്രിസഭ അംഗീകാരം വാങ്ങി. എന്നാല്‍, ഒരു അപേക്ഷയും പണം ലഭിച്ചവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അപേക്ഷകൾ ചട്ടം അനുസരിച്ച് പരിശോധിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല തുക അനുവദിച്ചത്. മൂന്നു പേരുടെയും അപേക്ഷ വാങ്ങിയിട്ടില്ലെന്നും ലോകായുക്ത വിമര്‍ശിച്ചു. പണം ലഭിച്ചവരെ ലോകായുക്ത കേട്ടിട്ടില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭ അംഗങ്ങളും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും അഴിമതിക്ക് തെളിവില്ലെന്നും പണം അനുവദിച്ചതിലൂടെ വ്യക്തിപരമായ നേട്ടം മന്ത്രിസഭ അംഗങ്ങള്‍ നേടിയിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.

തിരുവനന്തപുരം: എല്ലാ സമയത്തും ഇല്ലാത്ത ആരോപണങ്ങൾ പറയുകയാണ് പ്രതിപക്ഷമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽക്കുതന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷനേതാവ്. ഇതെല്ലാം തന്നെ വസ്തുതാവിരുദ്ധമാണെന്ന് പലതവണ തെളിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സർക്കാർ ധൂർത്താണെന്നും ആവശ്യമില്ലാതെ പണം ചിലവഴിക്കുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് നസ്തുതാപരമായ കാര്യങ്ങളാണ് പറയേണ്ടത്. ഒന്നാം പിണറായി സർക്കാർ വന്നതുമുതൽ ഇല്ലാത്ത ആരോപണങ്ങൾ പറയുന്ന ഒരു ശീലം ഉണ്ട്. അതിലൊന്നും വസ്തുതകളില്ലെന്ന് പലതവണ തെളിഞ്ഞതാണ്. കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് വസ്തുതാപരമായി പറഞ്ഞ കാര്യമാണ്. അതിന്റെ കാരണവും മാധ്യമങ്ങളിലുൾപ്പെടെ കൃത്യമായി വന്നതാണ്. കേരളത്തിന് കിട്ടേണ്ട തുക കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ല. കേരളത്തിന് ബോധപൂർവം ലഭ്യമാക്കാതെയിരിക്കുകയാണ് കേന്ദ്രം. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങൾക്കും ഈ അവസ്ഥയുണ്ട്. രാജസ്ഥാനിലും ചത്തീസ്?ഗഡിലും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ ഈ അവസ്ഥയുണ്ട്. ഇതിൽ പ്രതിപക്ഷനേതാവ് അഭിപ്രായം പറയാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറ്റവും കൂടുതൽ കേന്ദ്രത്തിൽ നിന്ന് വിവേചനം നേരിടുന്നത് കേരളമാണ്. ഇത് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉണ്ടായിരുന്നപ്പോഴാണ് പ്രസ്താവനയായി പറഞ്ഞത്. ആ പ്രശ്‌നത്തിൽ അദ്ദേഹം ഒന്നും പറയുന്നില്ല. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയങ്ങൾക്കെതിരെ നടത്താൻ ഉദ്ദേശിക്കുന്ന പ്രതിഷേധത്തിൽ പോലും പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. കേരളീയം നടത്തിയത് ധൂർത്താണെന്നും ആ തുക കൊണ്ട് പെൻഷൻ വിതരണം ചെയ്യാമായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി വേണ്ടത്. നാളെ മുതൽ പെൻഷൻ വിതരണെ ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി വെട്ടിപ്പ് നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം നികുതി പിരിച്ചെടുത്തത് കഴിഞ്ഞ 2 വർഷം കൊണ്ടാണ്. കോവിഡിന്റെ തകർച്ചയിൽ നിന്നും 24000 കോടി രൂപയാണ് അധികമായി നേടിയത്. നികുകിവെട്ടിപ്പുകാരുടെ പറുദീസയാണ് കേരളമെന്നാണ് അദ്ദേഹം പറയുന്നത്. നികുതി പിരിവിന്റെ കണക്കുകൾ കൃത്യമായി സഭയിൽ കൊടുക്കുന്നവയാണ്. എവിടെ നിന്ന് ലഭിക്കുന്ന കണക്കുകൾ വെച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് അറിയില്ല. ജിഎസ്ടി വഴി സംസ്ഥാനത്തിന് വരുന്ന നഷ്ടങ്ങളെപ്പറ്റിയും സർക്കാർ പറഞ്ഞുകഴിഞ്ഞു. എന്നാൽ ഇതേപ്പറ്റിയൊന്നും പറയാതെ കാടടച്ച് അധിക്ഷേപിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് പ്രതിപക്ഷ നേതാവ്. ഈ ബുദ്ധിമുട്ടുകൾക്കിടയിലും എല്ലാ തരത്തിലുള്ള ക്ഷേമപെൻഷനുകളുൾപ്പെടെ നൽകിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ജനങ്ങൾ ഇത് മനസിലാക്കുന്നുണ്ട് എന്നുള്ളതാണ് സത്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്: കോൺഗ്രസിന്റെ പലസ്തീൻ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരിപാടിയിൽ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

നവംബർ 23ന് കോഴിക്കോട്ടാണ് കോൺഗ്രസ് പാലസ്തീൻ റാലി സംഘടിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാലാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കെ സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യ പ്രഭാഷകരാകമെന്നാണ് വിവരം.

ലീഗ് റാലിയിൽ ശശി തരൂർ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിൽ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് വി ഡി സതീശന്റേയും കെ സുധാകരന്റേയും നിലപാടെന്നാണ് വിവരം.

കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവർക്കൊപ്പം സിപിഎം ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിലസ്തീൻ ഐക്യദാർഢ്യ പരിപാടി ആര്യാടൻ ഫൗണ്ടേഷൻ നടത്തിയാലും മുസ്ലിം ലീഗ് നടത്തിയാലും ആരു നടത്തിയാലും സിപിഎം ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാട് പറയാൻ ധൈര്യമില്ല. ഐക്യദാർഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോൺഗ്രസിന്റെ നിലപാട് വ്യക്തമായി. അഴകൊഴമ്പൻ നിലപാടാണ് കോൺഗ്രസിന്റേത്. ഇപ്പോഴും ആശയ വ്യക്തത ഇല്ലാതെ മുന്നോട്ടു പോവുകയാണ് കോൺഗ്രസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ സിപിഎമ്മിന് ഒരു അവസരവാദ നിലപാടും ഇല്ല. യുദ്ധങ്ങൾക്ക് ഒരു നിയമം ഉണ്ട്. എന്നാൽ, എല്ലാ നിയമങ്ങളെയും അട്ടിമറിച്ച് കൊണ്ടാണ് ക്രൂരമായ കാട്ടാള നിലപാട് ഇസ്രയേൽ എടുക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണ ഉണ്ടെന്ന ഒറ്റ കരുത്തിൽ ആണ് അവർ ഇത്തരം നടപടി സ്വീകരിക്കുന്നത്. ഇസ്രയേൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീനിൽ ഏറ്റവും വലിയ കടന്നാക്രമണം നടത്തിയത് ആശുപത്രികൾ കേന്ദ്രീകരിച്ചാണ്. ഇപ്പോൾ തന്നെ പതിനായിരത്തിലധികം ആളുകളെ ഇസ്രയേൽ കൊന്നൊടുക്കി. അഭയകേന്ദ്രങ്ങളെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ പോലും ഇസ്രയേൽ ബോംബ് ആക്രമണങ്ങൾ നടത്തുകയാണ്. കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. ഒരു ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി ഇസ്രായേൽ പ്രഖ്യാപിക്കുന്നു. വംശീയ ഉന്മൂലനം പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് നടന്ന് കൊണ്ടിരിക്കുന്നു. ഇസ്രയേൽ നടത്തുന്നത് യുദ്ധ നിയമങ്ങൾക്കെതിരായ പ്രവർത്തനങ്ങളാണ്. പലസ്തീന് ജനതയ്ക്ക് സഹിക്കേണ്ടി വരുന്നത് അവർ ഇതുവരെ നേരിടാത്ത പുതിയൊരു സാഹചര്യമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. നവംബര്‍ 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. മാധ്യമങ്ങളെ കാണുന്നതിനടയിൽ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടികാട്ടിയാണ് നിലവിലെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിന്റെ വിവാദത്തെ തുടർന്ന് സുരേഷ് ഗോപി മാപ്പുചോദിച്ച് രംഗത്തുവരികയും ചെയ്ടിരിന്നു.

കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണം സർക്കാരിന്റെ കൊടിയ ധൂർത്താണ്. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ ചാട്ടവാറിനടിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളോടും കേന്ദ്രത്തിനുള്ളത് ഒരേ നയമാണെന്നും അവടിങ്ങളില്ലാം ചെലവ് ചുരുക്കിയാണ് വികസനത്തിനല്ല പണം കണ്ടെത്തെന്നതും എന്നാൽ കേരളത്തിൽ മാത്രമാണ് ധൂർത്തടിക്കുന്നതെന്നും പറഞ്ഞു. സാധാരണക്കാരുടെ ജീവിതം അനുദിനം ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വിമർശിച്ചു.