Politics (Page 592)

ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തുടര്‍ നടപടിയുമായി അമ്പലപ്പുഴ പൊലീസ്. വാര്‍ത്താ സമ്മേളനത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടു.മന്ത്രി സുധാകരന്റെയുടെ രൂക്ഷമായ പ്രതികരണങ്ങളാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് യുവതി പൊലീസിന് നല്കിയിരിക്കുന്ന മൊഴിയിലും ആവര്‍ത്തിക്കുന്നത്.

ശോഭ സുരേന്ദ്രന്റെ വിഷയം : പരസ്യ പ്രതികരണം വേണ്ടെന്ന് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അതിഥി സംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശികളെയും കൊണ്ട് സിപിഎം വോട്ട് ചെയ്യിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത്തരത്തില്‍ വോട്ട് ചെയ്തവരെ കൊവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും തിരികെ കയറ്റിവിടുകയാണെന്നും ശോഭ ആരോപിച്ചു.

24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐ.ഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കൊവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്.കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയില്‍ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നതെന്നും വിഷയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ അറിയിച്ചു.

കോട്ടയം : പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മാറ്റി വച്ചിരുന്നെങ്കില്‍ കോവിഡ് വ്യാപനം ഇത്രയുമുണ്ടാകുമായിരുന്നില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. താന്‍ ഇതിനായി സുപ്രീം കോടതിയില്‍ വരെ പോവുകയും ചെയ്തുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിലപാട് മൂലം ഹര്‍ജികള്‍ തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഒന്നും നടന്നില്ലെന്നും കോവിഡ് വ്യാപനത്തിന് ഇതു കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്തണമെന്നായിരുന്നു എന്റെ ആവശ്യം. അത് കുറച്ച് നീണ്ടാലും സാരമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ കുറച്ചു നാള്‍ കൂടി ഇരുന്നെന്ന് വച്ച് വല്ലതും സംഭവിക്കുമോ. ഇതൊന്നും ആരും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തി. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ നിയന്ത്രണം വരുത്താന്‍ ആര്‍ക്കും സാധിക്കില്ല. വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി വന്നതു കണ്ടു. അതിനെ അനുകൂലിക്കുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം:  ‘സന്ദേശം’ സിനിമ ഇറങ്ങിയതുമുതൽ തന്നെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. ട്വന്റി20’ ക്ഷണിച്ചത് കൊണ്ടല്ല, സഹകരിക്കാൻ തീരുമാനിച്ചത്. സ്വയം അങ്ങോട്ടു പോയതാണ്. നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയക്കാർ തട്ടിക്കൊണ്ടുപോകുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. അത് അവസാനിപ്പിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

അതിനു ശ്രമിക്കുന്ന ഏതു പ്രസ്ഥാനത്തിന്റെ കൂടെയും താൻ ഉണ്ടാകും. എന്തെങ്കിലും സ്ഥാനം ഞാൻ ആഗ്രഹിക്കുന്നില്ല. പിറവത്ത് ട്വന്റി20യുടെ സ്ഥാനാർഥിയാകുമെന്ന് പ്രചരിപ്പിച്ചവരുണ്ട്. ശമ്പളം വാങ്ങി ജനസേവകനാകാൻ പക്ഷേ താനില്ല. ഈ ജീവിതത്തിൽ എംഎൽഎയോ മന്ത്രിയോ ഒന്നുമാകാൻ ഇല്ലെന്ന് 25 കൊല്ലം മുൻപ് തീരുമാനിച്ചതാണെന്നും ശ്രീനിവാസൻ പറയുന്നു.

‘സന്ദേശ’ത്തിന്റെ സമയത്ത് ഒരു പാട് ഊമക്കത്തുകൾ വന്നു. യഥാർഥത്തിൽ എന്നെ അരാഷ്ട്രീവാദിയാക്കാനുള്ള ശ്രമം അന്നു തുടങ്ങിയതാണ്. എനിക്ക് അതിൽ പരാതിയില്ല. സ്വന്തം വിലാസം വച്ച് ഒരു ഭീഷണി കത്തു പോലും കിട്ടിയിട്ടില്ല. ഭീരുക്കൾക്കല്ലേ ഊമക്കത്ത് അയക്കാൻ കഴിയൂ. ‘നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങൾ നേടിത്തന്നതാണ്’എന്നായിരുന്നു ഒരു കത്തിലെ വാചകം. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇവർ ഉണ്ടാക്കിയതാണ് എന്ന് അന്നാണ് എനിക്കു മനസ്സിലായത്. ഞാൻ വിചാരിച്ചത് മഹാത്മാഗാന്ധിയാണ് സ്വാതന്ത്ര്യം നേടിത്തന്നത് എന്നായിരുന്നു. ”- ശ്രിനാവാസൻ പറയുന്നു.

വരവേൽപ്പ് സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരളീധരനുണ്ടായ അനുഭവങ്ങൾ തന്റെ അച്ഛന് സംഭവിച്ചതാണെന്നും ശ്രീനിവാസൻ പറയുന്നു. ചെറുപ്പക്കാലത്ത് കണ്ടു വളർന്ന പാർട്ടി വിചാരിക്കാത്ത തലങ്ങളിൽ വ്യാപരിക്കുന്നത് കണ്ട് മനസ്സു മടുത്തതിന്റെ വിഷമം തന്നെയാണ് ആ ചിത്രങ്ങളിലെല്ലാം ഉള്ളത്.

ഇവയിലെ കഥാപാത്രങ്ങളിൽ പലരും തന്റെ നാട്ടിലുള്ളവരാണ്. സിപിഎമ്മിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളല്ലെങ്കിലും പാട്യം ഗോപാലനോട് വളരെ ആദരവുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിനുശേഷം വിദ്യാഭ്യാസവും ബോധവും വിവരവും ഇല്ലാത്തവർ നേതൃത്വം കൊടുത്തപ്പോൾ ‌ഉണ്ടാകാവുന്ന മാറ്റം പാർട്ടിക്കു സംഭവിച്ചുവെന്നും ശ്രീനിവാസൻ പറയുന്നു.

”അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലർക്കും കൂടുതലാണ്. ധാർഷ്ട്യം വളരെ കൂടുതലാണ്. തങ്ങൾക്ക് മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാർ എന്ന് വിചാരിക്കുന്നവർ അക്കൂട്ടത്തിൽ വളരെ അധികമുണ്ട്. എല്ലാവരും അങ്ങനെയാണ് എന്നല്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് ഇവരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, ജയിക്കുന്നത്, എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ആകുന്നത്.

അതിനുശേഷം ‘വിപ്ലവം ജയിക്കട്ടെ’എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോൺഗ്രസിൽ അഴിമതിയില്ലെന്നും എല്ലാം സുതാര്യമാണെന്നും ഒരിക്കലും കരുതുന്നില്ല. പക്ഷേ അവർ പൊതുവിൽ സമാധാനപ്രിയരാണ്. ഇത്രയും ഭീകരതയില്ല. വിമർശകരോട് സിപിഎമ്മുകാർ ഇടപെടുന്ന രീതിയും കോൺഗ്രസുകാർ ഇടപെടുന്ന രീതിയും ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാകും. വിമർശകരെ ആജീവനാന്ത ശത്രുക്കളായി കോൺഗ്രസുകാർ കരുതില്ല. ”- ശ്രീനിവാസൻ പറയുന്നു.

ന്യൂഡല്‍ഹി: കെ.എ.എസ് പ്രവേശനത്തിനുള്ള ഇരട്ട സംവരണം ഏര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സത്യവാങ്മൂലം. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനമല്ലാത്തിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അവര്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസാക്കണം. ഒരിക്കല്‍ സംവരണത്തിലൂടെ സര്‍ക്കാര്‍് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രവേശനത്തിന് സംവരണം നല്കുന്നത് ഇരട്ട സംവരണം ആണെന്നാണ് സമസ്ത നായര്‍ സമാജം ഉള്‍പ്പടെ ഉള്ള ഹര്‍ജിക്കാരുടെ വാദം.

കോട്ടയം: കോട്ടയം ജില്ലയിലടക്കം പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ നിസഹകരിച്ചെന്ന ആരോപണവുമായി ജോസ് വിഭാഗം. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സി.പി.ഐയോടുള്ള എതിര്‍പ്പ് പരസ്യമാക്കി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യമായിരുന്നെന്ന് സ്ഥാനാര്‍ഥി കുറ്റപ്പെടുത്തി. സീറ്റ് വിഭജനം മുതല്‍ ഉടലെടുത്ത കേരള കോണ്‍ഗ്രസ് എം – സിപിഐ ഭിന്നതയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ സിപിഐ നേതാക്കള്‍ തള്ളിക്കളഞ്ഞു.

ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസ്സിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

രണ്ടാം തരം​ഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്. കൊവിഡ് ബാധിതരായ 1501 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.

കൊച്ചി: താൻ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കറിയാം,അക്കാര്യം എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നു കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നിൽ എന്നാണ്.

മാർക്സിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽത്തന്നെ ക്രിമിനലുകൾ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു.സിപിഎമ്മിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണമെന്ന് മുഖ്യമന്ത്രിമാരോട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം നാം കുറച്ചുകൊണ്ടുവന്നതാണെന്നും വീണ്ടും അതിന് സാധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം വാക്സിനില്ലാതെയാണ് രോഗവ്യാപനം കുറച്ചുകൊണ്ടുവാരാൻ കഴിഞ്ഞതെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു.

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമാണ് രോഗവ്യാപനം വീണ്ടും രൂക്ഷമാകാൻ കാരണമായതെന്നും പ്രധാനമന്ത്രി പറയുന്നു.

ജനങ്ങളെ രോഗപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നതിനായി വൻതോതിലുള്ള പ്രചാരണ പരിപാടികൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യംമെന്നും മോദി പറഞ്ഞു.കൊവിഡ് വാക്സിനേഷനെ സംബന്ധിച്ചും കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചില സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ അയഞ്ഞ മനോഭാവം കാട്ടിയെന്നും മോദി സൂചിപ്പിച്ചു. രോഗം വ്യാപിക്കുന്നത് തടയാനായി ‘ചെക്ക്, ട്രാക്ക്, ട്രീറ്റ്’ എന്ന മാർഗമാണ് പിന്തുടരേണ്ടത്. ഈ രീതി കൺടെയിൻന്മെന്റ് സോണുകളിലാണ് കൂടുതലായും ഉപയോഗിക്കേണ്ടത്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി പറയുന്നു.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം മുരളീധരനെ ആക്രമിക്കുകയാണെന്നും അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.വി.മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല.കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോ​ഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം, വി.മുരളീധരനെ ആക്രമിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് സിപിഎം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിൽ കേരളം ലോക റെക്കോഡിലെത്തി നിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് സർക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം.

കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വെറും പി.ആർ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.സിപിഎമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാർട്ടി ​കോട്ടയിൽ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരൻ. മെയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നും തന്നെ പുറം തള്ളപ്പെടാനിരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപാമ്പാണ്. മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ ബിജെപി അനുവദിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.