കോഴിക്കോട്: മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം മുരളീധരനെ ആക്രമിക്കുകയാണെന്നും അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.വി.മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല.കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം, വി.മുരളീധരനെ ആക്രമിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നത്.
സംസ്ഥാനത്തെ ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് സിപിഎം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിൽ കേരളം ലോക റെക്കോഡിലെത്തി നിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് സർക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം.
കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വെറും പി.ആർ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.സിപിഎമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാർട്ടി കോട്ടയിൽ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരൻ. മെയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നും തന്നെ പുറം തള്ളപ്പെടാനിരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപാമ്പാണ്. മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ ബിജെപി അനുവദിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.