കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണമെന്ന് മുഖ്യമന്ത്രിമാരോട് വിശദീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണമെന്ന് മുഖ്യമന്ത്രിമാരോട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം നാം കുറച്ചുകൊണ്ടുവന്നതാണെന്നും വീണ്ടും അതിന് സാധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം വാക്സിനില്ലാതെയാണ് രോഗവ്യാപനം കുറച്ചുകൊണ്ടുവാരാൻ കഴിഞ്ഞതെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു.

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമാണ് രോഗവ്യാപനം വീണ്ടും രൂക്ഷമാകാൻ കാരണമായതെന്നും പ്രധാനമന്ത്രി പറയുന്നു.

ജനങ്ങളെ രോഗപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നതിനായി വൻതോതിലുള്ള പ്രചാരണ പരിപാടികൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യംമെന്നും മോദി പറഞ്ഞു.കൊവിഡ് വാക്സിനേഷനെ സംബന്ധിച്ചും കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചില സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ അയഞ്ഞ മനോഭാവം കാട്ടിയെന്നും മോദി സൂചിപ്പിച്ചു. രോഗം വ്യാപിക്കുന്നത് തടയാനായി ‘ചെക്ക്, ട്രാക്ക്, ട്രീറ്റ്’ എന്ന മാർഗമാണ് പിന്തുടരേണ്ടത്. ഈ രീതി കൺടെയിൻന്മെന്റ് സോണുകളിലാണ് കൂടുതലായും ഉപയോഗിക്കേണ്ടത്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി പറയുന്നു.