വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് പി.സി ജോര്‍ജ്

കോട്ടയം : പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മാറ്റി വച്ചിരുന്നെങ്കില്‍ കോവിഡ് വ്യാപനം ഇത്രയുമുണ്ടാകുമായിരുന്നില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. താന്‍ ഇതിനായി സുപ്രീം കോടതിയില്‍ വരെ പോവുകയും ചെയ്തുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിലപാട് മൂലം ഹര്‍ജികള്‍ തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഒന്നും നടന്നില്ലെന്നും കോവിഡ് വ്യാപനത്തിന് ഇതു കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്തണമെന്നായിരുന്നു എന്റെ ആവശ്യം. അത് കുറച്ച് നീണ്ടാലും സാരമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ കുറച്ചു നാള്‍ കൂടി ഇരുന്നെന്ന് വച്ച് വല്ലതും സംഭവിക്കുമോ. ഇതൊന്നും ആരും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തി. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ നിയന്ത്രണം വരുത്താന്‍ ആര്‍ക്കും സാധിക്കില്ല. വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി വന്നതു കണ്ടു. അതിനെ അനുകൂലിക്കുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.