Politics (Page 593)

തിരുവനന്തപുരം : രാജ്യസഭ സീറ്റിലേക്ക് സിപിഎം പരിഗണിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ അതൃപ്തി ചെറിയാന്‍ ഫിലിപ്പ് പരോക്ഷമായി സൂചിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നാല്പതു വര്‍ഷം മുന്‍പ് ഞാന്‍ രചിച്ച ‘കാല്‍ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്ചുതമേനോന്‍ , കെ.കരുണാകരന്‍, എ.കെ ആന്റണി, ഇ കെ നായനാര്‍, പി കെ.വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടര്‍ച്ചയായ നാല്പതു വര്‍ഷത്തെ ചരിത്രം എഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല. കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും. ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ . മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ (Chief Minister) പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തുവെന്നും എ വിജയരാഘവൻ ചോദിച്ചു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്നയാളാണ് വി മുരളീധരനെന്നും വിജയരാഘവൻ ആരോപിച്ചു. വാക്സിൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി (BJP) കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോ​ഗ്യതയുണ്ടെന്നും വിജയരാഘവൻ ചോദിച്ചു.വി മുരളീധരൻ ആക്ഷേപം ഉന്നയിച്ച് കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ വലിയ തോതിൽ ഇടപെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ചുരുങ്ങിയത് ഒരു കോടി ലഭിക്കണം. വാക്സിൻ കൂടുതൽ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണം. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് ഇടത് മുന്നണിയും (LDF) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പാലിച്ച കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിച്ചാൽ നല്ലത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ : തനിക്കെതിരായ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളായ ഒരു സംഘമെന്ന് മന്ത്രി ജി സുധാകരന്‍. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അവര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. തന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പരാതി ഉന്നയിച്ച പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അംഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താന്‍ പറഞ്ഞത്. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ല.

കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നു. പഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.

മന്ത്രി ജി സുധാകരന് എതിരെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വച്ചു. ക്യൂബന്‍ പ്രസിഡന്റായ മിഗ്യൂല്‍ ഡിയസ്‌ക്വനല്‍ റൗളിന്റെ പിന്‍ഗാമിയാകും. ഇതോടെ, ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ 60 വര്‍ഷത്തെ കാസ്‌ട്രോ യുഗത്തിന് അവസാനമായി. ഫിദല്‍ കാസ്‌ട്രോയുടെ ഇളയസഹോദരനാണ് റൗള്‍ കാസ്‌ട്രോ. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഫിദലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.

തിരുവനന്തപുരം: ബാല‌റ്റ് വിതരണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇത്തവണ യു.ഡി.എഫ് കൗണ്ടിംഗ് ഏജന്റുമാർക്ക് തപാൽ വോട്ടെണ്ണുമ്പോൾ നല്ല ശ്രദ്ധവേണമെന്ന് സർക്കുലറയച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.തപാൽ ബാല‌റ്റ് എണ്ണുമ്പോൾ അസ്വാഭാവികത ശ്രദ്ധയിൽപെട്ടാൽ തടസവാദം ഉന്നയിക്കണം, പരിചയസമ്പന്നരായ കൗണ്ടിംഗ് ഏജന്റിനെ മാത്രമേ എണ്ണാൻ നിയമിക്കാവൂ, തപാൽ വോട്ടിന്റെ കവറിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം.

കവറിൽ വോട്ടറുടെ ഒപ്പില്ലെങ്കിലും എണ്ണാൻ സമ്മതിക്കരുത്.കവറിൽ നൽകിയിരിക്കുന്ന സീരിയൽ നമ്പരും ബാലറ്റിലെ ക്രമനമ്പരും രണ്ടാണെങ്കിൽ അത് അസ്വാഭാവികമായി കണക്കാക്കണം. ഓരോ മണ്ഡലത്തിലെയും തപാൽ വോട്ടുകളുടെ എണ്ണം നേരത്തെ തന്നെ വാങ്ങണം.

തിരികെ ലഭിച്ച വോട്ടുകൾ കൂടുതലാണെങ്കിൽ മണ്ഡലത്തിലെ ചീഫ് ഇലക്ഷൻ ഏജന്റ് ശക്തമായി പ്രതിഷേധിക്കുകയും ഫലപ്രഖ്യാപനം നടത്താൻ പാടില്ലെന്ന് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് കൗണ്ടിംഗ് ഏജന്റുമാരോട് ആവശ്യപ്പെടുന്നു.വോട്ടർപട്ടികയിലും തപാൽ ബാല‌റ്റിലും ഇരട്ടിപ്പുണ്ടെന്ന വാദം ചെന്നിത്തല ഇലക്ഷന് മുൻപ് ഉന്നയിച്ചതാണ്. തിരഞ്ഞെടുപ്പ് ചുമതലയുള‌ള സർക്കാർ ഉദ്യോഗസ്ഥർക്കും കൊവിഡ് രോഗികൾക്കും പുറമെ എൺപത് വയസ് കഴിഞ്ഞവർക്കും ഇത്തവണ തപാൽവോട്ടായതോടെയാണ് ഇക്കാര്യത്തിൽ അതീവ ശ്രദ്ധവേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുത്ത്. നാലാംഘട്ട വോട്ടെടുപ്പിനിടയില്‍ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. സിലിഗുഡി മേയറും ഇടതു നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബി ജെ പി നേതാവ് സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 32 എണ്ണം കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇന്നത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബംഗാളില്‍ 180 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും.

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവെച്ച് സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും കഷ്‌ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് അദ്ദേഹം ആരോപിക്കുന്നു.വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ എന്തൊരു ഉൽസാഹമായിരുന്നു സര്‍ക്കാരിന്. എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ വേണ്ടാതായി. കിറ്റിന്റെ വിതരണം ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ ആരോപിച്ചു.

ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കല്‍ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏപ്രില്‍ 14 ആണ് വിഷു എങ്കിലും ഏപ്രിലിന് മുന്‍പ് തന്നെ കിറ്റ് വിതരണം ചെയ്യാന്‍ തിടുക്കം കാട്ടിയവരാണിവര്‍. വോട്ടെടുപ്പ് കഴിഞ്ഞ സ്‌ഥിതിക്ക് ഇനി ജനങ്ങളെ അവര്‍ക്ക് ആവശ്യമില്ലല്ലോ.വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സര്‍ക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

health minister

കോഴിക്കോട്: മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തന്നെ തള്ളിയതോടെ പ്രതിരോധത്തിലായി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഏപ്രില്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തി ഏപ്രില്‍ പതിനാലിന് ആശുപത്രി വിട്ടു. പോസിറ്റീവായി പത്താംദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെയാണ് മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തിയത്. ഇതും വിവാദമായി. മാത്രമല്ല, മുഖ്യമന്ത്രിക്ക് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ സൂപ്രണ്ടും തറപ്പിച്ച് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വിവാദത്തിലേക്ക് നീ്ങ്ങിയത്.
തീയതി പറഞ്ഞതില്‍ സൂപ്രണ്ടിന് തെറ്റ് പറ്റിയതാണെന്നും തിരുത്തിയെന്നുമായിരുന്നു കെ.കെ. ശൈലജ അറിയിച്ചത്.
ഇതോടെ മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജും പ്രതിരോധത്തിലായി. മടക്കയാത്രയിലും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയെ ഡിസ്ചാര്ജ് ചെയ്യുമ്പോള്‍ ഭാര്യ കമല പോസിറ്റീവായിരുന്നു. എന്നാല്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ച് മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണ് മടങ്ങിയത്.

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.എസ്.എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍: കെ.ടി. ജലീലിന് പിന്നാലെ ബന്ധുനിയമനത്തില്‍ കുരുങ്ങി എം.എല്‍.എ എ.എന്‍. ഷംസീറും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നതെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എല്‍.എയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാന്‍ നീക്കം നടന്നുവെന്നുമാണ് പരാതി. യു.ജി.സി എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഇന്ന് നടത്താന്‍ തീരുമാനിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണ്ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്ത് നല്‍കി. യു.ജി.സി വ്യവസ്ഥ അനുസരിച്ച് എച്ച്.ആര്‍.ഡി സെന്ററിലെ തസ്തികകള്‍ താത്ക്കാലികമാണെങ്കിലും അസി. ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കില്‍ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കണ്ണൂരില്‍ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ വേണ്ടിയാണെന്നത് വ്യക്തമാണെന്നാണ് ആരോപണം. നേരത്തെയും ഇത്തരമൊരു പരാതി ഉയര്‍ന്നിരുന്നു. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ അപാകത ആരോപിച്ച് അന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണക്ക് പരാതി നല്‍കിയിരുന്നത്.