Politics (Page 580)

പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തി നിശ്ശബ്ദനാക്കി പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന് ഹൈക്കമാൻഡ് നേതാക്കളോട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയിൽ കൂട്ടുത്തരവാദിത്തം എന്നത് നേതാക്കൾ മറക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരാതിപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് തന്‍റെ മാത്രം പരാജയമായി വ്യാഖ്യാനിക്കുന്നുവെന്നും മുല്ലപ്പള്ളി പറയുന്നു. തോൽവിയുടെ കാരണം വിലയിരുത്താൻ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. അപ്പോഴാണ് രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി ഹൈക്കമാൻഡിനെ സമീപിക്കുന്നത്.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന ചര്‍ച്ചകളിലും നിരീക്ഷകര്‍ പങ്കെടുക്കും.എംപിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയേയും, വി വൈദ്യലിംഗത്തേയുമാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായാണ് ഇരുവരേയും കേരളത്തിലേക്ക് വിടുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും തോല്‍വിയുടെ പ്രാഥമിക വിലയിരുത്തലിനായാണ് രണ്ടംഗം സംഘം എത്തുന്നത്. മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും സംഘം സംസാരിക്കും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കൂട്ട ആവശ്യത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ മനസ്സറിയും. എവിടെ പാളിയെന്നതില്‍ മുല്ലപ്പള്ളിയും വിശദീകരിക്കണ്ടിവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷകരുടെ കേരളസന്ദര്‍ശനം നീണ്ടേക്കും.

തോല്‍വിയെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള ദേശീയ നിരീക്ഷക സംഘവും വിലയിരുത്തല്‍ നടത്തും. നിര്‍ണ്ണായകമായ നാളത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. തോല്‍വിയില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്കൊപ്പം ഹൈക്കമാന്‍ഡിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് പാര‍്‍ട്ടിയില്‍ എതിര്‍ശബ്ദമുയര്‍ത്തിയ നേതാക്കളുടെ നിലപാട്. നേതൃത്വം അടിയന്തരമായി ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.വിമത ശബ്ദമുയര്‍ത്തിയ പല നേതാക്കളും വരും ദിവസങ്ങളില്‍ നേതൃത്വത്തിനെതിരെ രംഗത്ത് വരാനിടയുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് തല്‍ക്കാലം മിണ്ടാതിരിക്കുന്നുവെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും പ്രതികരണം

cm

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ അഴിച്ചുപണി. പിണറായിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും പൊതുജനമദ്ധ്യത്തില്‍ മികച്ച സ്വീകാര്യത ഉണ്ടെന്നിരിക്കെ വിവാദമായ ഉപദേശക നിയമനങ്ങള്‍ ഇനിയും വേണ്ടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടേയും നിലപാട്.. ഗീതാഗോപിനാഥിനേയും രമണ്‍ ശ്രീവാസ്തവയേയും പോലെ പാര്‍ട്ടി നിലപാടുകളും ആശയങ്ങളുമായി ചേര്‍ന്നുപോകാത്തവരെ ഇനിയും നിയമിക്കണമോ എന്ന ചോദ്യം നേതാക്കള്‍ക്കിടയിലുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമെത്തും. പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ് ആയിരിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുക.മന്ത്രിസഭയില്‍ ഭൂരിപക്ഷം അംഗങ്ങളും പുതുമുഖങ്ങളായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും പരമാവധി പുതുമുഖങ്ങളായിരിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സര്‍വീസ് സംഘടനകള്‍ക്ക് പാര്‍ട്ടി നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പാക്കാര്‍ക്കാകും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുകയെന്ന് സി.പി.എം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ മുസ്ലിം ലീഗ് അന്വേഷണ കമ്മീഷനെ നിശ്ചയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. തോല്‍വിയെ തുടര്‍ന്ന് നേതൃത്വത്തെ മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും പി. കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. പി. കെ. കുഞ്ഞാലിക്കുട്ടി ഇവിടെ വേണം എന്നത് തീരുമാനിച്ചത് പാര്‍ട്ടിയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. പ്രവര്‍ത്തകര്‍ അവരുടെ വികാരമാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നതെന്നും അവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും അത് നേതൃത്വം ഉള്‍ക്കൊള്ളുന്നുവെന്നും മുന്നവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടത് ട്രെന്‍ഡ് ഉണ്ടായി, അതിനനുസരിച്ച് വോട്ട് മാറി. ഹാഗിയ സോഫിയ വിവാദം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സിറ്റിംഗ് സീറ്റുകള്‍ ആയിരുന്ന അഴീക്കോട്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി എന്നിവ നഷ്ടമാവുകയും ചെയ്തു. കൊടുവള്ളി ജയിച്ചത് മാത്രം ആണ് അല്പം ആശ്വാസം.മലപ്പുറം ജില്ലയില്‍ 11 സീറ്റുകളാണ് ലീഗ് നേടിയത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടും പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റുകളും നേടി.

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക്. തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുമായും മറ്റു നേതാക്കളുമായും ഹൈക്കമാൻഡ് നിരീക്ഷകർ ചര്‍ച്ച നടത്തും. ഐ ഗ്രൂപ്പിൽ നിന്ന് പന്ത്രണ്ട് പേരും എ ഗ്രൂപ്പിൽ നിന്ന് പത്ത് പേരുമാണ് നിയമസഭയിലേക്ക് ജയിച്ചുവന്നിരിക്കുന്നത്. ഐ ഗ്രൂപ്പിൽ നിന്നും വി ഡി സതീശനുന്‍റേയും എ ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റേയും പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടുന്നത്.

നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം ബി വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് പതിനാറാം തീയതി വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പതിനാറാം തീയതിക്ക് ശേഷമായിരിക്കും സന്ദർശനം.

സംസ്ഥാന സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നാണ് വിവരം. ഇതിനിടെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന മൂന്നംഗ സമിതി തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും.

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഗൗരിയമ്മ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 102 വയസുള്ള ഗൗരിയമ്മ ഏപ്രില്‍ ആദ്യം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയില്‍ വീട്ടില്‍ സഹോദരി ഗോമതിയുടെ മകള്‍ പ്രൊഫ. പി. സി. ബീനാകുമാരിയ്‌ക്കൊപ്പമാണ് ഗൗരിയമ്മ താമസിക്കുന്നത്.സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ ലീഗനുള്ളിലുയരുന്ന വിമര്‍ശനത്തിന് ആക്കം കൂട്ടി കെ.എം.സി.സി നേതാവ് പുത്തര്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.രാജാജി മന്ത്രിസഭയില്‍ മന്ത്രി പദവി വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ അതിന് പകരം ഫാറൂഖ് കോളജ് മതിയെന്ന് പറഞ്ഞ സീതി സാഹിബിന്റെയും ഇസ്മായീല്‍ സാഹിബിന്റെയും ലീഗിലേക്ക് പാര്‍ട്ടി നേതൃത്വം മടങ്ങണം. അധികാര ലബ്ദിയേക്കാള്‍ അവകാശ സംരക്ഷണമായിരുന്നു അവരുടെ ലക്ഷ്യം.

പാര്‍ലിമെന്ററി വ്യാമോഹത്തെ പ്രായോഗിക രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ വിളിക്കുകയാണ്. തോല്‍വിയില്‍ പാര്‍ട്ടി അടിമുടി അഴിച്ചുപണിയണമെന്നും തൊലിപ്പുറമെയുള്ള ചികിത്സ മതിയാവില്ലെന്നും റഹ്മാന്‍ വ്യക്തമാക്കുന്നു.മുസ്ലിം ലീഗ് അധികാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ പ്രസ്ഥാനമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മന്ത്രിമന്തിരങ്ങളിലല്ല ലീഗ് പുഷ്ഠിച്ചതെന്നും കൊടിവെച്ച കാറിലല്ല പഴയകാല ലീഗ് നേതാക്കള്‍ സഞ്ചരിച്ചതെന്നും പുത്തൂര്‍ റഹ്മാന്‍ പറയുന്നു.

കൊല്ലം: കോൺഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്​.പി നേതാവ്​ ഷിബു​ ബേബി ജോൺ.കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്.

എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന്​​ ഷിബു ഫേസ്​ബുക്കിലെഴുതിയ കുറിപ്പിൽ ചോദിക്കുന്നു.മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നതെന്ന​ും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങള്‍ നല്‍കിയ സഹായങ്ങളുടെ വിശദവിവരങ്ങള്‍ കേന്ദ്രം എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം വിവരങ്ങളുടെ കാര്യങ്ങളില്‍ സുതാര്യതയില്ലാത്തതെന്താണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
എന്തൊക്കെ സഹായങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്?
അവയൊക്കെ എവിടെയാണ്?
ആരാണ് അതിന്റെ ഗുണഭോക്താക്കള്‍?
എങ്ങനെയാണ് അവ സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചു നല്‍കിയത്?
എന്തുകൊണ്ട് സുതാര്യമല്ല?
എന്തെങ്കിലും ഉത്തരമുണ്ടോ കേന്ദ്ര സര്‍ക്കാരിന്? എന്നിങ്ങനെയാണ് രാഹുലിന്റെ ചോദ്യങ്ങള്‍.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയെ ഉദ്ധരിച്ച് വാക്‌സീനുമില്ല തൊഴിലുമില്ല. ജനം കോവിഡ് മഹാമാരിയില്‍ കത്തിയമരുകയാണ്. മോദി സര്‍ക്കാര്‍ ശരിക്കും ഒരു പരാജയമാണെന്ന് രാഹുല്‍ കുറിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നിര്‍മാണത്തിന് അതിപ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും രാഹുല്‍ രംഗത്തുവന്നിരുന്നു.

bjp

ബംഗാളിലെ ബിജെപിക്കെതിരെയുള്ള ആക്രമണങ്ങളില്‍ അപലപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ സംസ്ഥാനമെമ്പാടും അക്രമണങ്ങളായിരുന്നു.ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരതയെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടര്‍ച്ച രക്തച്ചൊരിച്ചിലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാര്‍ട്ടി ഓഫീസുകളും അഗ്‌നിക്കിരയാക്കി.

മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേല്‍പ്പിക്കമ്പോള്‍ ബംഗാള്‍ ജനത സ്വപ്നത്തില്‍ പോലും ഇതപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല . ഉടുതുണിക്ക് മറുതുണിയില്ലാത്ത അര്‍ദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികള്‍ തൃണമൂല്‍ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടര്‍ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാല്‍ പ്രതിപക്ഷത്തുള്ള ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും അസമില്‍ നേരിടേണ്ടി വന്നിട്ടില്ല . ബിജെപിയില്‍ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്‌കാരിക നായകര്‍ക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം.

ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു. മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കോ സാംസ്‌കാരിക പ്രഭുക്കള്‍ക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .
ഞങ്ങള്‍ക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങള്‍ പിടഞ്ഞു വീഴമ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍ അഭയം തേടാനാവില്ല .അല്‍പ്പ സമയത്തിനകം കേരളത്തിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബി ജെ പി പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് വോട്ടു കൂടുതല്‍ പിടിച്ചതുകൊണ്ടാണ് ബിജെപി പരാജയപ്പെട്ടതെന്ന കെ മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് കുമ്മനം രാജശേഖരന്‍. ‘നേമത്ത് ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നു’അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തുടനീളം ബിജെപിയെ പരാജയപ്പെടുത്താന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടായിരുന്നെന്ന് മുരളീധരന്റെ പ്രസ്താവനയില്‍ നിന്ന് വ്യകത്മാണെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ കുറിപ്പ് :

കെ. മുരളീധരൻറെ പ്രസ്‌താവന വിചിത്രം.
കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻറെ പ്രസ്‌താവന വളരെ വിചിത്രമായിരിക്കുന്നു.
2019 -ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.
2021 -ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്.
നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിൻറെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചത്.
തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിൻറെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരൻറെ അവകാശവാദം ശരിയാണെങ്കിൽ സി.പി.എം വിജയിച്ചതിൻറെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.
കേരളത്തിലുടനീളം ബി.ജെ.പിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരൻറെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.