രണ്ടാം പിണറായി സര്‍ക്കാര്‍ : മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ അഴിച്ചുപണി

cm

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ അഴിച്ചുപണി. പിണറായിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും പൊതുജനമദ്ധ്യത്തില്‍ മികച്ച സ്വീകാര്യത ഉണ്ടെന്നിരിക്കെ വിവാദമായ ഉപദേശക നിയമനങ്ങള്‍ ഇനിയും വേണ്ടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടേയും നിലപാട്.. ഗീതാഗോപിനാഥിനേയും രമണ്‍ ശ്രീവാസ്തവയേയും പോലെ പാര്‍ട്ടി നിലപാടുകളും ആശയങ്ങളുമായി ചേര്‍ന്നുപോകാത്തവരെ ഇനിയും നിയമിക്കണമോ എന്ന ചോദ്യം നേതാക്കള്‍ക്കിടയിലുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമെത്തും. പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ് ആയിരിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുക.മന്ത്രിസഭയില്‍ ഭൂരിപക്ഷം അംഗങ്ങളും പുതുമുഖങ്ങളായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും പരമാവധി പുതുമുഖങ്ങളായിരിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സര്‍വീസ് സംഘടനകള്‍ക്ക് പാര്‍ട്ടി നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പാക്കാര്‍ക്കാകും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുകയെന്ന് സി.പി.എം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.