കോവിഡ് : കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങള്‍ നല്‍കിയ സഹായങ്ങളുടെ വിശദവിവരങ്ങള്‍ കേന്ദ്രം എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം വിവരങ്ങളുടെ കാര്യങ്ങളില്‍ സുതാര്യതയില്ലാത്തതെന്താണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
എന്തൊക്കെ സഹായങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്?
അവയൊക്കെ എവിടെയാണ്?
ആരാണ് അതിന്റെ ഗുണഭോക്താക്കള്‍?
എങ്ങനെയാണ് അവ സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചു നല്‍കിയത്?
എന്തുകൊണ്ട് സുതാര്യമല്ല?
എന്തെങ്കിലും ഉത്തരമുണ്ടോ കേന്ദ്ര സര്‍ക്കാരിന്? എന്നിങ്ങനെയാണ് രാഹുലിന്റെ ചോദ്യങ്ങള്‍.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയെ ഉദ്ധരിച്ച് വാക്‌സീനുമില്ല തൊഴിലുമില്ല. ജനം കോവിഡ് മഹാമാരിയില്‍ കത്തിയമരുകയാണ്. മോദി സര്‍ക്കാര്‍ ശരിക്കും ഒരു പരാജയമാണെന്ന് രാഹുല്‍ കുറിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നിര്‍മാണത്തിന് അതിപ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും രാഹുല്‍ രംഗത്തുവന്നിരുന്നു.