Politics (Page 581)

തിരുവനന്തപുരം: കുറേ കാലമായി പാര്‍ട്ടിക്കകത്തും സംഘടനാ രംഗത്തുമുളള പോരായ്മയുടെ ഫലമാണ് തോല്‍വിയെന്നും അല്ലാതെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി. തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും പുതിയ നേതാക്കളും സംഘടനാ തലപ്പത്ത് വേണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ചെന്നിത്തല വളരെ ഭംഗിയായാണ് നിര്‍വഹിച്ചതെന്നും പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സി പി എമ്മിന് അനുകൂലമായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനുളള സാഹചര്യം കൊവിഡ് ഇല്ലാതാക്കി. സി പി എമ്മിന് ഇതിന് ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ സാധിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

ചെന്നൈ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചെന്നൈയിലെ ‘അമ്മ’ ക്യാന്റീനുകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഡി.എം.കെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.ക്യാന്റീനില്‍ അതിക്രമിച്ചെത്തിയ ഡി.എം.കെ പ്രവര്‍ത്തകരില്‍ ചിലര്‍ ക്യാന്റീന്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയും മെസ്സിനുള്ളിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയത്.പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും സാധാരണ പ്രവര്‍ത്തകരാണെന്നുമാണ് ചെന്നൈ മേയര്‍ സുബ്രഹ്മണ്യന്‍ പറയുന്നത്.ക്യാന്റീന്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എ.ഐ.എ.ഡി.എം.കെ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ക്യാന്റീനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതും ജയലളിതയുടെ ചിത്രം തറയില്‍ വലിച്ചെറിഞ്ഞിരിക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

K muraleedharan

തിരുവനന്തപുരം: കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ലെന്ന് കെ.മുരളീധരൻ. 10 വർഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകരുന്ന പാർട്ടിയല്ല കോൺഗ്രസ്. കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ പരീക്ഷണം കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. ഇതിലും വലിയ വീഴ്ചകളിൽനിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്. കേരളത്തിലെ പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ടൊന്നും കോൺഗ്രസ് തകരുമെന്ന് വിചാരിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.

ലോട്ടറി അടിച്ചെന്നു കരുതി പിണറായി വിജയനോ ഇടതു മുന്നണിയോ അഹങ്കരിക്കരുത്. 35 വര്‍ഷം ഭരിച്ച ബംഗാളിൽ ഒരു എംഎല്‍എയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ 99 സീറ്റിന്റെ ബലത്തില്‍ ഇനി ഞങ്ങള്‍ ഇന്ത്യ പിടിക്കാന്‍ പോകുകയാണെന്ന് പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

കേരളത്തിൽ ബിജെപി ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. യുഡിഎഫിനെ തകര്‍ക്കാന്‍ ഒരു വടി എന്ന നിലയില്‍ ബിജെപിയെ കാണുന്നു. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളിൽ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽഡിഎഫ് ആണ് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. തിരിച്ചടിയില്‍ പരസ്പരം ആരോപണമുയര്‍ത്തുന്നത് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. പക്ഷേ, മുഴുവന്‍ പേരെയും മാറ്റിയാല്‍ ഉള്ളതുകൂടി പോകുമെന്നും മുരളീധരൻ ഓർമിപ്പിച്ചു.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോൺഗ്രസാണ്. ബിജെപി വാർഡുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടായി. മുന്നണികൾക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് വോട്ട് കൂടി. പാർട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാർട്ടിയിൽ നിരവധി പേരുണ്ടെന്നും നേമത്തെ വെല്ലുവിളി ഏറ്റെടുക്കാനാണ് ആളില്ലാത്തതെന്നും കെ.മുരളീധരൻ പറഞ്ഞു.എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടിയാണ് നേമത്ത് ജയിച്ചത്. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് നാളെ തുടക്കമാകും. 140 എം എൽ എമാരും വിശിഷ്‌ടവ്യക്തികളുമുൾപ്പടെ ചുരുങ്ങിയത് 200 പേരെയെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിവരും. സാംസ്‌ക്കാരിക, രാഷ്ട്രീയപരിപാടികൾക്ക് വിലക്കുളള സാഹചര്യത്തിൽ ഇത്രയും പേർ പങ്കെടുക്കുന്ന ചടങ്ങ് നടത്താൻ സാധിക്കില്ല. അതിനാൽ സത്യപ്രതിജ്ഞാചടങ്ങും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ സാധിക്കുകയുളളൂ. സി പി എമ്മിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാനസമിതിയും സി പി ഐയുടെത് സംസ്ഥാന കൗൺസിലുമാണ്. സി പി എം സംസ്ഥാന സമിതിയിൽ എട്ട് ക്ഷണിതാക്കൾ ഉൾപ്പടെ 97 അംഗങ്ങളുണ്ട്. സി പി ഐ കൗൺസിലിലും എൺപതിലേറെ പേരുണ്ട്.

ഇത്രയും പേർക്ക് ഒരുമിച്ച് കൂടാൻ നിലവിൽ സാധിക്കില്ല.അഞ്ചു ദിവസം നീളുന്ന ഉഭയകക്ഷി ചർച്ചയിൽ നിർണായകമാവുക സി പി എമ്മും സി പി ഐയും എടുക്കുന്ന തീരുമാനങ്ങളായിരിക്കും. അതിനുശേഷം സി പി ഐ കൗൺസിൽ ചേരും. പതിനേഴിന് ഇടതുമുന്നണിയോഗത്തിന് ശേഷം പതിനെട്ടാം തീയതിയാണ് സി പി എം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. ഈ ദിവസങ്ങളിലായി പാർലമെന്ററി പാർട്ടി യോഗങ്ങളും ചേരും.

മന്ത്രി പദവികളും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും വിട്ടുകൊടുക്കേണ്ടെന്നാണ് സി പി ഐയിലെ നിലവിലെ ധാരണ. സമ്മർദ്ദം ശക്തമായാൽ ചീഫ് വിപ്പ് പദവി വിട്ടുകൊടുത്തേക്കും. കൊവിഡ് വ്യാപനം മൂലം പാർട്ടി കമ്മിറ്റികൾ ചേരാനുണ്ടാകുന്ന കാലതാമസമാണ് പ്രധാനമായും എൽ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നീളാൻ കാരണം. ഇരുകക്ഷികളുമായുളള ചർച്ചയിൽ പുതിയ ഘടകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ട വകുപ്പുകളിൽ തീരുമാനമെടുക്കും.

സി പി ഐയിൽ നിന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പെടുത്ത് കേരളകോൺഗ്രസ് എമ്മിന് നൽകാനാണ് സി പി എം ആലോചിക്കുന്നത്.പതിനെട്ടാം തീയതി തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നതെങ്കിലും കൊവിഡ് വ്യാപനതോത് വ്യത്യാസപ്പെടുന്നതനുസരിച്ച് ഇക്കാര്യത്തിൽ പുനരാലോചനയുണ്ടാകാനും സാദ്ധ്യതയുണ്ട്.തിങ്കളാഴ്‌ചയോടെ വകുപ്പ് വിഭജനചർച്ചകൾ പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനമെന്നാണ് വിവരം. ഈ മാസം ഇരുപത്തിരണ്ടാം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തിരക്കിട്ടുള്ള നേതൃമാറ്റം ആവശ്യമില്ലെന്നും ആലോചിച്ച് ബുദ്ധിപൂര്‍വ്വം തീരുമാനം കൈക്കൊണ്ടാല്‍ മതിയെന്നും കെ സുധാകരന്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, മുല്ലപ്പള്ളിയുടെ രാജിക്കായി സമ്മര്‍ദ്ദമേറുമ്പോഴാണ് സുധാകരന്റെ പ്രസ്താവന.കൂട്ടത്തോല്‍വിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്ന് കോണ്‍ഗ്രസില്‍ മുറവിളി കൂട്ടുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മറ്റൊരു പ്രബല വിഭാഗം ആവശ്യപ്പെടുന്ന കെ മുരളീധരനും ഇന്നലെ സമാനമായ പ്രസ്താവനയാണ് നടത്തിയത്.

congress

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴയ്ക്കനും സണ്ണി ജോസഫും. നേതൃത്വത്തിന്റെ പിടിപ്പുകേട് സംഘടനയെ ദുര്‍ബലമാക്കിയെന്നും ഇരുവരും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സാധിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ കൂട്ടുനേതൃത്വം ഉണ്ടാവണം. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ തെളിയിക്കപ്പെട്ട ആരോപണങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനും ചര്‍ച്ചയാക്കാനും പാര്‍ട്ടി ഘടകങ്ങള്‍ക്ക് പൂര്‍ണമായും സാധിച്ചില്ലെന്ന് സണ്ണി ജോസഫും വിമര്‍ശിച്ചു.

എല്ലാം ഡല്‍ഹിയില്‍ നിന്ന് വരേണ്ട കാര്യമില്ല. പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്തണം. അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. പ്രാദേശികമായി പരിപാടികള്‍ ആസൂത്രണം ചെയ്ത് അത് ഇവിടെ നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. പാര്‍ട്ടി നേതൃത്വത്തിന്റെ മേല്‍നോട്ടം മാത്രമേ ഇതിന് ആവശ്യമുള്ളൂ. എല്ലാ കാര്യത്തിനും മുകളില്‍ നിന്ന് ഇടപെടേണ്ട കാര്യമില്ല. ബൂത്ത് കമ്മിറ്റി മുതല്‍ കെപിസിസിയെ വരെ ശക്തിപ്പെടുത്തണമെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. പല അഴിമതികള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അത് ചര്‍ച്ചയാക്കാനും ജനങ്ങളിലക്കെത്തിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ജയിക്കും. പാര്‍ട്ടിയിലെ പരമ്പരാഗത രീതി മാറണം.

മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് പാര്‍ട്ടി അടിമുടി മാറേണ്ടതുണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശക്തമായ കൂട്ടുനേതൃത്വമില്ലാത്തതിന്റെ പോരായ്മകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് പ്രതികരിച്ചു. പോരായ്മകളുടെ പേരില്‍ ഒരു വ്യക്തിക്കെതിരെ മാത്രമല്ല വിമര്‍ശനം. സംഘടനാ സംവിധാനത്തിനാണ് പ്രശ്‌നം. ഗ്രൂപ്പ് കളികളുടെ അതിപ്രസരവും ചിലരുടെ വ്യക്തിതാല്‍പര്യങ്ങളുമെല്ലാം തിരിച്ചടിയായി. കുറച്ചുകൂടി കരുത്തുറ്റ നേതൃത്വത്തെ കൊണ്ടുവരേണ്ടതുണ്ട് ഇനി. നിയമസഭയില്‍ പ്രതിപക്ഷം വളരെ ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ ഇതാണ് അഭിപ്രായമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കൊല്ലം: കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയും ജയിച്ച കോവൂര്‍ കുഞ്ഞുമോന്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്ത്. ഈ ആവശ്യമുന്നയിച്ച് പിണറായി വിജയന് കത്ത് നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.യു ഡി എഫിലുളള ആര്‍ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാന്‍ തന്നെ മന്ത്രിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രാദേശിക സി പി എമ്മിലെ എതിര്‍പ്പ് മറികടന്നാണ് കുഞ്ഞുമോന്‍ ഇത്തവണയും കുന്നത്തൂരില്‍ നിന്ന് ജയിച്ചു കയറിയത്.ആര്‍ എസ് പി മുന്നണി വിട്ടപ്പോഴും ഇടതുപക്ഷത്ത് തന്നെ ഉറച്ച് നിന്ന വ്യക്തിയാണ് കോവൂര്‍ കുഞ്ഞുമോന്‍.
2790 വോട്ടിനാണ് ആര്‍ എസ് പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് ചേക്കേറിയ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ എല്‍ ഡി എഫില്‍ തന്നെയുണ്ടായിരുന്ന കുഞ്ഞുമോനെ മന്ത്രിയാകാത്തത് വിമര്‍ശന വിധേയമായേക്കാം. കഴിഞ്ഞ തവണ ഒരു അംഗം മാത്രമുളള രാമചന്ദ്രന്‍ കടന്നപ്പളളിക്ക് എല്‍ ഡി എഫ് മന്ത്രിസ്ഥാനം നല്‍കിയിരുന്നു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും ഇന്നലെ ചേര്‍ന്ന ത്രിണമൂല്‍ എംഎല്‍എമാരുടെ യോഗം മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടുത്ത ദിവസം നടക്കും.

294 അംഗ നിയമസഭയില്‍ 213 സീറ്റില്‍ലും തൃണമൂല്‍ വിജയിച്ചതിനെ തുടര്‍ന്ന് മമത ഗവര്‍ണര്‍ ജദദീപ് ധന്‍വറെ കണ്ട് മന്ത്രി സഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.

മുന്‍പ് മമതയുടെ വിശ്‌സതനായിരിക്കുകയും പിന്നീട് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് എത്തുകയും ചെയ്ത സുവേന്ദു അധികാരിയോട് 1956 വോട്ടിനാണ് മമത തോറ്റത്. വോട്ടെണ്ണലില്‍ അട്ടിമറിയുണ്ടായതായി മമത ആരോപിച്ച് മമതാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ മതിയാകും.

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ തമിഴ്നാട്ടിലെ അമ്മ കാന്‍റീന് നേരെ അതിക്രമം നടത്തിയ ഡി.എം.കെ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത് പാർട്ടി. ചെന്നൈയിലെ അമ്മ കാന്റീനിൽ അതിക്രമിച്ച് കയറിയ ഡി.എം.കെ പ്രവർത്തകർ ഫ്ലക്സ് വലിച്ച് കീറുകയും, ബോർഡുകൾ പുറത്തേക്ക് വലിച്ചെറിയു​കയും മെസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. അക്രമത്തിൽ പങ്കെടുത്തവരെ ഡി.എം.കെ പുറത്താക്കി.

അക്രമികൾ ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും, സാധാരണ പ്രവർത്തകരായിരുന്നുവെന്നും ചെന്നൈ മേയർ സുബ്രമണ്യൻ പറഞ്ഞു. പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ട് അക്രമികളെ പുറത്താക്കാൻ ഉത്തരവിട്ടെന്നും സുബ്രമണ്യം അറിയിച്ചു. ഇവർക്കെതിരെ പാർട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. തമിഴ്നാട്ടിലെ ജനകീയ ഭക്ഷണശാലയാണ് അമ്മ കാന്റീനുകൾ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും, എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ പേരിൽ നടപ്പിലാക്കിയ കാന്റീനുകൾ നടത്തുന്നത് തമിഴ്നാട് തദ്ദേശ സ്ഥാപനങ്ങളാണ്.

thomas issac

തിരുവനന്തപുരം: സ്വയം വിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പ് പറയണമെന്ന് തോമസ് ഐസക്. 2019ലെ പാര്‍ലമെന്റ് ഫലത്തിന്റെ തനിയാവര്‍ത്തനം സ്വപ്‌നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നല്‍കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സത്യപ്രതിജ്ഞയ്ക്ക് തീയതി കുറിക്കുന്നു, വകുപ്പു സെക്രട്ടറിമാരെ തീരുമാനിക്കുന്നു, താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു, വേണ്ടപ്പെട്ട പ്രമാണിമാര്‍ക്ക് സുപ്രധാന ലാവണങ്ങള്‍ മുന്‍കൂട്ടി പറഞ്ഞു വെയ്ക്കുന്നു. അങ്ങനെ സ്വപ്നാടനത്തിനിടയില്‍ എന്തെല്ലാം കാട്ടിക്കൂട്ടി?’ അദ്ദേഹം പരിഹസിച്ചു.

2019ല്‍ 96 ലക്ഷം വോട്ട് കിട്ടിയ യുഡിഎഫിന്റെ വിഹിതം ഇത്തവണ 82 ലക്ഷമായി ഇടിഞ്ഞെന്നും ബിജെപിയുടെ 31 ലക്ഷം വോട്ടുകള്‍ 26 ലക്ഷമായെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം എല്‍ഡിഎഫിന്റെ വോട്ടുകള്‍ 71 ലക്ഷത്തില്‍ നിന്ന് 94 ലക്ഷമായി വര്‍ദ്ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച 96 ലക്ഷം വോട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.