Politics (Page 572)

pinarayi

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയൊഴിച്ച് ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. കെ.കെ ശൈലജ ടീച്ചറെ പാര്‍ട്ടി വിപ്പ് സ്ഥാനത്തേക്കും തൃത്താല എംഎല്‍എ എംബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്കും തീരുമാനിച്ചു.

സിപിഎമ്മിന് പന്ത്രണ്ട് മന്ത്രിമാരും, സിപിഐക്ക് നാല് മന്ത്രിമാരും കേരളാകോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവുമാണുള്ളത്.

സിപിഎം

  1. പിണറായി വിജയന്‍
  2. എം.വി.ഗോവിന്ദന്‍
  3. കെ.രാധാകൃഷ്ണന്‍
    4.കെ.എന്‍ ബാലഗോപാല്‍
  4. പി.രാജീവ്
  5. വി.എന്‍.വാസവന്‍
  6. സജി ചെറിയാന്‍
  7. വി.ശിവന്‍ കുട്ടി
  8. മുഹമ്മദ് റിയാസ്
  9. ഡോ.ആര്‍.ബിന്ദു
  10. വീണാ ജോര്‍ജ്
  11. വി.അബ്ദു റഹ്മാന്‍

സിപിഐ

  1. പി.പ്രസാദ്
  2. കെ.രാജന്‍
  3. ജെ.ചിഞ്ചുറാണി
  4. ജി.ആര്‍. അനില്‍
  5. റോഷി അഗസ്റ്റിന്‍ – കേരളാ കോണ്‍ഗ്രസ് എം
  6. കെ.കൃഷ്ണന്‍കുട്ടി – ജെഡിഎസ്
  7. അഹമ്മദ് ദേവര്‍കോവില്‍ – ഐഎന്‍എല്‍
  8. ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍ഗ്രസ്
  9. എ.കെ.ശശീന്ദ്രന്‍ – എന്‍സിപി

തിരുവനന്തപുരം: കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ലോകശ്രദ്ധ വരെ പിടിച്ചുപറ്റിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ മന്ത്രിയാകില്ല. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി ശൈജല വിജയിച്ചപ്പോള്‍ മന്ത്രിയായി തുടരുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു. പുതുമുഖങ്ങള്‍ വരട്ടെയെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടിനെ തുടര്‍ന്നായിരുന്നു ഇത്. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‌കേണ്ടതില്ലെന്നു ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.പാര്‍്ട്ടി തീരുമാനം അംഗീകരിക്കുന്നതായി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിപദത്തിലെത്തിയ ആദ്യവര്‍ഷങ്ങളില്‍ ശൈലജ ടീച്ചര്‍ക്ക് നേരെ അതൃപ്തിയുണ്ടായിരുന്നുവെങ്കിലും നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും അവര്‍ക്കു കഴിഞ്ഞു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അവരെ ലോകശ്രദ്ധയിലേക്കുയര്‍ത്തി.
പലപ്പോഴും അര്‍ദ്ധരാത്രി സെക്രട്ടറിയേറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ശൈലജ ടീച്ചര്‍ തിരുവനന്തപുരത്തുകാര്‍ക്ക് പതിവ് കാഴ്ചയായിരുന്നു. ടീച്ചറമ്മയെന്ന വിളിപ്പേര് കേരളത്തിലൊരു മന്ത്രിക്കു കിട്ടുന്നതും ആദ്യമായിരുന്നു. വീഴ്ചകള്‍ കണ്ടാല്‍് കര്‍ശനമായി ശാസിക്കുമെങ്കിലും എല്ലാവരോടും കരുതലോടും സ്‌നേഹത്തോടും ടീച്ചറമ്മ പെരുമാറി. കോവിഡിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മുകളിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിച്ഛായ വളര്‍ന്നു. ശൈജല ടീച്ചറെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്.

ganesh

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ കുടുംബ തര്‍ക്കങ്ങളാണെന്ന് സൂചന. കുടുംബ സ്വത്ത് ഗണേശ് കുമാര്‍ കൃത്രിമ മാര്‍ഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേശിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്നും അറിയിച്ചു.

സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിര്‍ത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഗണേശ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി. ഇതോടെയാണ് ഗണേശിനെ ആദ്യ ടേമില്‍ മാറ്റി നിര്‍ത്താന്‍ തീരുമാനമായത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി തലസ്ഥാന നഗരത്തിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്ക് മുമ്പിൽ പരാതി. പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന യോഗത്തിൽ ചട്ടപ്രകാരമുള്ള അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തിൽ ‘സന്തോഷം’ പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്ത നടപടിയാണ് കേസിനാസ്പദമായ വിഷയമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

പല ദിവസങ്ങളിലായി പത്രസമ്മേളനം നടത്തിയും അല്ലാതെയും ഒന്നാം പ്രതി തന്നെയാണ് ജനങ്ങൾ പാലിക്കേണ്ട പ്രോട്ടോകോൾ സംബന്ധിച്ചും കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാൻ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, അതിനു വിപരീതമായി അദ്ദേഹം തന്നെയാണ് കേക്ക് മുറിച്ച് ഓരോരുത്തരുടേയും വായിലും കയ്യിലും ആയി അത് മറ്റു പ്രതികൾക്ക് കൊടുത്തതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് മെയ് പതിനേഴാം തിയതി പകൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുവെന്നാണ് പരാതി. മുൻ എം പിയും മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനുമായ പി സി തോമസ് ആണ് പരാതിക്കാരൻ.മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും രണ്ടു മുതൽ 22 വരെ വരെ കണ്ടാലറിയാവുന്ന പ്രതികളാക്കിയുമാണ് പി സി തോമസ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുമ്പാകെ പരാതി സമർപ്പിച്ചത്.

കൊച്ചി : കോവിഡ് കേസുകളുടേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി. ട്വിറ്ററിലൂടെയാണ് പാര്‍വതിയുടെ വിമര്‍ശനം.

പാര്‍വതിയുടെ വാക്കുകള്‍ – കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണ്. നമ്മള്‍് കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍് അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍് വേണ്ടത്. ഞാന് ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്ന്.

ചെന്നൈ: സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച കോവിഡ് ഉപദേശകസമിതിയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളിലെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി തമിഴ്‌നാട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സര്‍വകക്ഷി യോഗത്തില്‍ അംഗീകരിക്കപ്പെട്ട പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ഉപദേശക സമിതി രൂപീകരിക്കപ്പെട്ടത്. നിയമസഭയിലെ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് 13 അംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.

നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഓരോ അംഗങ്ങളുള്ള ഉപദേശക സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി സ്റ്റാലിനാണ്. ഡിഎംകെ, എഐഡിഎംകെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച കക്ഷികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി കൂടിയായ എം.ആര്‍.വിജയഭാസ്‌കര്‍ ആണ് എഐഎഡിഎംകെ പ്രതിനിധിയായി സമിതിയില്‍ ഉള്‍പ്പെട്ടത്.
പാനലിലെ മറ്റ് അംഗങ്ങള്‍: ഡോ.എന്‍.ഏഴിലന്‍ (ഡിഎംകെ), ജി.കെ.മണി (പിഎംകെ), എ.എം മണിരത്‌നം (കോണ്‍ഗ്രസ്), ഡോ.സദന്‍ തിരുമലൈ കുമാര്‍ (എംഡിഎംകെ), നൈനാര്‍ നാഗേന്ദ്രന്‍ (ബിജെപി), എസ്.എസ്.ബാലാജി (വിസികെ), ടി.രാമചന്ദ്രന്‍ (സിപിഐ), വി.പി.നഗല്‍ മല്ലി (സിപിഎം), എം.എച്ച്.ജവഹറുല്ല (എംഎംകെ), ആര്‍.ഈശ്വരന്‍ (കെഎംഡികെ), ടി.വേല്‍മുരുഗന്‍ (ടിവികെ), പൂവല്‍ ജഗന്‍ മൂര്‍ത്തി (പുരട്ചി ഭാരതം).

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, പ്രതിപക്ഷ നേതാവ് ആരായിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പെട്ടെന്ന് ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല. എന്നാല്‍ പാര്‍ട്ടിക്കകത്ത് ഇതുവരെ ചെന്നിത്തലയുടെ പേരില്‍ അഭിപ്രായ സമന്വയമുണ്ടായിട്ടില്ല. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി പിന്‍മാറിയതോടെയാണ് രമേശ് ചെന്നിത്തലക്ക് എളുപ്പം വഴിയൊരുങ്ങിയത്.അതേസമയം, മികച്ച പാര്‍ലമെന്റേറിയനെന്ന നിലയില്‍ വിഡി സതീശന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണ കിട്ടിയേക്കുമെന്ന വിശ്വാസവും മാറ്റത്തോട് ഒപ്പമാണോ ഹൈക്കമാന്റ് നിലപാടെന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ ഏറെ നിര്ണ്ണായകമാകും.

തിരുവനന്തപുരം: എ.കെ.ജി സെന്ററിൽ നേതാക്കൻമാർ കൂട്ടംകൂടി കേക്കുമുറിച്ച് ആ​​ഘോഷം നടത്തുന്നതിനിടെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി കേരളാ പൊലീസ്. ആശുപത്രി കേസുകളോ എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ വന്നാൽ എങ്ങനെ പുറത്ത് പോകുമെന്ന അങ്കലാപ്പിലാണ് സാധാരണക്കാർ. പൊലീസിനെതിരെ ശബ്ദമുയർത്തിയാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം ദുരുപയോ​​ഗം ചെയ്‌തോ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽലോ കേസെടുത്താലോ എന്ന ഭയപ്പാടും ഇവർക്കുണ്ട്.കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും പൊലീസ് ഇടറോഡുകളടക്കം ബാരിക്കേടുകളും മുളകളും ഉപയോഗിച്ച് അടച്ചിരുന്നു.

ഇതോടെ അത്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവ‌ർ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയായി. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മെയിൽ റോഡുകളും ഇടറോഡുകളും പൊലീസ് അടച്ചതോടെ അത്യാവശ്യ ഘട്ടങ്ങളിൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജനം.

റോഡുകൾ അടച്ച സ്ഥലങ്ങളിൽ പലയിടത്തും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഇല്ലെന്ന പരാതിയും വ്യാപകമാണ്.കൊവിഡ് പ്രതിരോധ നടപടികളെന്ന പേരിൽ ഇടറോഡുകളടക്കം അടച്ച് പൊലീസുകാ‌ർ സ്ഥലം വിട്ടതോടെ ജനങ്ങൾ എല്ലാത്തരത്തിലും ലോക്കായി. ഇതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെയുളളവ‌ർ പരാതിയുമായി രംഗത്തെത്തിയിരുന്നു. വീണ്ടും സമാന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജനങ്ങൾ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോൾ കൂട്ടംകൂടി ആഘോഷിച്ചതിനെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തി.അടച്ച പല വഴികളിലും പൊലീസുകാരുടെ സാന്നിദ്ധ്യം ഇല്ലാത്തതാണ് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നത്.ലോക്ക്ഡൗൺ ഏ‌ർപ്പെടുത്തി കൊവിഡ് പ്രതിരോധം തീർക്കാൻ ശ്രമിച്ച സർക്കാർ പ്രതിനിധികൾ തന്നെ കൂട്ടംകൂടി ആഘോഷം നടത്തുന്നതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇന്നലെ രാവിലെയാണ് മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌.

നാല് പേരെയും പ്രതിചേർത്തുള്ള കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേട്ട കോടതി നാല് പേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി വിധിക്ക് എതിരെ സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ ഹരജി രാത്രി അടിയന്തിരമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ 4 പേരും ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും.

മന്ത്രിമാർ ഉൾപ്പടെയുള്ള തൃണമൂൽ നേതാക്കളുടെ അറസ്‌റ്റിന്‌ പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സിബിഐ ഓഫീസിലെത്തി. സംസ്‌ഥാനത്തിന്റെ അനുമതി വാങ്ങാതെയാണ് മന്ത്രിമാരെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ മമത ആരോപിച്ചു. പറ്റുമെങ്കിൽ തന്നെ അറസ്‌റ്റ് ചെയ്യൂവെന്നും മമത സിബിഐ ഓഫീസിൽ എത്തിയതിന് ശേഷം പറഞ്ഞിരുന്നു. സിബിഐ കസ്‌റ്റഡിയിൽ എടുത്ത മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലും മമത സന്ദർശനം നടത്തി.

സിബിഐ ഓഫീസിന് മുന്നിൽ തടിച്ചു കൂടിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി. ഇതേ തുടർന്ന് സിബിഐ ഓഫീസിന്റെ പ്രധാന കവാടം അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസ് കെട്ടിടത്തിനകത്തും ഗേറ്റിന് പുറത്തും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖറിന്റെ വസതിയായ രാജ്ഭവന് പുറത്തും തൃണമൂൽ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.

ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ച് പി സി ജോര്‍ജ്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് സൗമ്യയുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്.

പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യര്‍ ഈ ലോകത്തുണ്ട്.
‘ജീവിതം കരുപിടിപ്പിക്കുവാന്‍ കടല് കടന്നു പോയി ജോലിയെടുക്കുന്ന പ്രവാസികള്‍’
നമ്മുടെ നാടിന്റെ നട്ടെല്ല് ഇവര്‍ പ്രവാസികളാണ്.
അവരിലൊരാള്‍, ഒരു മാലാഖ കുട്ടി ഇസ്രായേലില്‍ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും , തിരിഞ്ഞു നോക്കുകയോ, ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തില്‍ ആ കുടുംബത്തിന് ഒരു കൈതാങ്ങാവാന്‍ നമ്മള്‍ക്കൊരുരുത്തര്‍ക്കും കൈകോര്‍ക്കാം.
നിങ്ങള്‍ ഓരോരുത്തര്‍ക്കും ആവുന്ന സഹായം ആ കുടുംബത്തിന് നല്‍കുവാന്‍ ശ്രമിക്കുക.
സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്‌കാരം ഞായറാഴ്ച ആയിരുന്നു. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തില്‍ ആയിരുന്നു സൗമ്യയുടെ സംസ്‌കാരം നടന്നത്. സൗമ്യയുടെ വീട്ടിലേക്ക് ഇസ്രായേലി പ്രതിനിധിയും എത്തിയിരുന്നു.