Politics (Page 573)

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഘടക കക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ കോൺഗ്രസ് പരാതി നൽകി.ജില്ലാ കളക്ടർ പുറത്തിറക്കിയ ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

നേതാക്കളുടെ കൂട്ടം കൂടൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. എ.കെ.ജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലായിരുന്നു ആഘോഷം.. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീറാണ് ഡി.ജി.പിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്.

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ നാളെ തിരുവനന്തപുരത്തെത്തും. കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ മാറ്റത്തിനായി ഉയരുന്ന മുറവിളിക്കിടെയാണ് ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും എത്തുന്നത്. രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ ആഗ്രഹമെങ്കിലും വിഡി സതീശൻറെ പേര് ഗ്രൂപ്പിന് അതീതമായി ഉയരുന്നുണ്ട്.പിണറായി മുഖ്യമന്ത്രിയായി തുടരുമ്പോൾ പ്രതിപക്ഷത്ത് ആര് നേതാവെന്ന ചോദ്യത്തിന് നാളെയോടെ ഉത്തരമാകും.

ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രാഷ്ട്രീയകാര്യസമിതിയിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി. പക്ഷെ പിന്നീട് ചെന്നിത്തലയെ നിലനിർത്താൻ ഐ ഗ്രൂപ്പ് കരുനീക്കി. സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ ചെന്നിത്തല തുടരട്ടെ, മാറ്റം പാർട്ടി തലത്തിൽ മതിയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഗ്രൂപ്പിൽ നിന്നുതന്നെയുള്ള വിഡി സതീശന്റെ പേര് ശക്തമായി ഉയർന്ന് കേൾക്കുന്നതാണ് ചെന്നിത്തലയ്ക്കുള്ള വെല്ലുവിളി. ചെന്നിത്തല മാറണമെന്നോ തുടരട്ടെയെന്നോ ഒറ്റയടിക്ക് പറയേണ്ടെന്നാണ് എ ഗ്രൂപ്പിലെ ധാരണ.

പക്ഷെ ഹൈക്കമാൻഡ് പ്രതിനിധികളുടെ അഭിപ്രായം അറിഞ്ഞശേഷം ഗ്രൂപ്പ് നിലപാട് വ്യക്തമാക്കും. ഒറ്റക്ക് ഒറ്റക്ക് അഭിപ്രായം തേടുമ്പോൾ ഗ്രൂപ്പിന് അതീതമായ പിന്തുണ കിട്ടുമെന്നാണ് സതീശൻ ക്യാമ്പിൻറെ പ്രതീക്ഷ. പാർലമെൻററി പാർട്ടിയോഗത്തിൽ പങ്കെടുക്കുന്ന ഇരുവരും എംഎൽഎമാരുമായി ഒറ്റക്ക് ഒറ്റക്കും ചർച്ച നടത്തും. തോൽവിക്ക് ശേഷം പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും മാറണമെന്ന അഭിപ്രായമാണ് ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയിലുള്ളത് .

തിരുവഞ്ചൂർ രാധാകൃഷ്ണൻറ പേര് ഇടക്ക് കേട്ടെങ്കിലും എ ഗ്രൂപ്പ് ഇതിനായി കടുംപിടുത്തം പിടിക്കാനിടയില്ല. 21 ൽ 12 ഐ ഗ്രൂപ്പ് എംൽഎമാരും 9 പേർ എ പക്ഷത്തുമാണ്. കഴിഞ്ഞ തവണ പാർലമെൻററി പാർട്ടി യോഗം ചേർന്ന ദിവസം തന്നെ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചിരുന്നു, അതേ നില ഇത്തവണ ആവർത്തിക്കുമോ അതേ ചർച്ചകളുടെ അടിസ്ഥാനത്തിൽ നൽകുന്ന റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് പിന്നീട് തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്.

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ മന്ത്രിസഭാ വിഭജനം പൂര്‍ത്തിയായി. മന്ത്രിസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മുന്നണിയോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കളെല്ലാം തീരുമാനത്തിലുള്ള സംതൃപ്തി പങ്കുവച്ചു. സ്പീക്കറിന് പുറമെ 12 മന്ത്രിമാരാണ് സിപിഎമ്മില്‍ നിന്നുമുണ്ടാകുക. സിപിഐ- 4, കേരളാ കോണ്‍ഗ്രസ് (എം)- 1 എന്‍സിപി -1 ജനതാദള്‍ എസ്- 1 എന്നിങ്ങനെയാകും മന്ത്രിസഭയില്‍ കക്ഷികളുടെ പ്രാതിനിധ്യം. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളില്‍ ആദ്യ ടേമില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അംഗം ആന്റണി രാജുവും ഐഎന്‍എല്‍ അംഗം അഹമ്മദ് ദേവര്‍കോവിലും മന്ത്രിയാകും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശേഷം ഇവര്‍ക്ക് പകരം, കേരളാ കോണ്‍ഗ്രസ് ബിയിലെ കെബി ഗണേഷ് കുമാറും, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും. ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ആന്റണി രാജു പ്രതികരിച്ചത്. മത്സരിച്ചത് ഇടത് പക്ഷ മുന്നണിക്കൊപ്പം മാത്രമാണ്, ഇനിയുള്ള രാഷ്ട്രീയ ജീവിതവും ഇടത് പക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.ആദ്യം ടേം വേണമെന്ന് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അത് എല്ലാവരും പൊതുവേ പറയുമെന്നായിരുന്നു രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതികരിച്ചത്. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികള്‍ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകും. പൂര്‍ണ്ണ തൃപ്തരാണെന്നും ജോസ് കെ മാണി പറഞ്ഞു.

തിരുവനന്തപുരം: മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിഭജനം പൂര്‍ത്തിയാക്കാനുള്ള എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നീ ഘടകക്ഷികള്‍ക്കുള്ള ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയായിട്ടുണ്ട്. ആദ്യടേം നല്‍കണമെന്നാണ് ഐഎന്‍എല്ലിന്റെ ആവശ്യം. അതേസമയം, ആദ്യടേം നിര്‍ബന്ധം ഇല്ലെന്ന നിലപാട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു സിപിഎം നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ ടേം വ്യവസ്ഥയില്‍ ഗണേഷിന് അതൃപ്തിയുണ്ട്. കേരളകോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാകും ലഭിക്കുക.

കോഴിക്കോട്: മത്സ്യതൊഴിലാളികള്‍ക്ക് സമ്പാദ്യ നിധിയില്‍ നിന്ന് അടിയന്തരമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. ലോക് ഡൗണും ഒപ്പം ശക്തമായ കടല്‍ക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമാണ്. സഹായ നിധിയില്‍ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല.

വര്‍ഷത്തില്‍ സപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികള്‍ നല്‍കുന്ന 250 രൂപയില്‍ നിന്നാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെകെ രമയുടെ അഭ്യര്‍ത്ഥന. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാല്‍ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക ഉടന്‍ വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

കോഴിക്കോട്: കൊവിഡും ലോക്ഡൗണും കാരണം ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികൾക്ക് അപ്പോത്തിക്കിരി എന്ന പദ്ധതിയിലൂടെ ആശ്വാസവുമായി ബേപ്പൂർ നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്.

കൊവിഡ് രോഗികൾ കൂടിയതോടെ ആശുപത്രിയിൽ പോകാൻ മടിക്കുന്നവർക്കും ലോക്ഡൗണിൽ ആശുപത്രികളിലെത്താൻ കഴിയാത്തവർക്കുമായുള്ള സൗകര്യമാണ് അപ്പോത്തിക്കിരിയിലൂടെ ഉറപ്പാക്കുന്നതെന്ന് റിയാസ് പറയുന്നു. കൊവിഡ് രോഗികൾക്ക് പുറമെ ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ഇഎൻടി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ചികിത്സയും ഉറപ്പാക്കും.

പരിശോധനയ്ക്കായി നേരത്തെ ബുക്ക് ചെയ്യണം. പരിശോധനയ്ക്ക് ശേഷം ആവശ്യമായ മരുന്നും നൽകും. അത്യാവശ്യമെങ്കിൽ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യവുമൊരുക്കും. മുഴുവൻ സമയം രോഗികൾക്ക് ടെലി മെഡിസിൻ സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ഒരു കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.ചികിത്സ വേണ്ടവരെ നേരിട്ട് കാണും. അതിനായി ഡോക്ടർമാരും നഴ്സും മിനി ഫാർമസിയും തയ്യാർ. ആവശ്യമുള്ളവർക്ക് പരിശോധനകൾക്കായി മിനി ലാബും സജ്ജീകരിച്ചിട്ടുണ്ട്. ബേപ്പൂർ നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനമായ നമ്മുടെ ബേപ്പൂർ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശയം.


നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി. രണ്ട് മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്.

മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്. പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്‌. അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഫിര്‍ഹാദ് ഹകിമിനെ വീട്ടിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. വ്യക്തമായ അനുമതിയില്ലെന്നാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് പരാതിയുണ്ട്. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയി. 2019ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സോവന്‍ ചാറ്റര്‍ജി ഈ മാര്‍ച്ചില്‍ ബിജെപി വിടുകയുണ്ടായി.

ഈ നാല് നേതാക്കള്‍ക്കെതിരെയും അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എംഎല്‍എമാര്‍ക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണം. എന്നാല്‍ സിബിഐ ഗവര്‍ണറുടെ അനുമതിയാണ് നേടിയത്. നാല് പേരും കഴിഞ്ഞ മമത മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നു.

rajagopal

തിരുവനന്തപുരം : കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തി തുടങ്ങിയതായി മുന്‍ നേമം എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം 2021 ഏപ്രില്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലെ തുകയായ 2000 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം സന്തോഷപൂര്‍വ്വം അറിയുക്കുന്നു. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇത് പ്രത്യേകിച്ചും സഹായകരമാകും. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ചെറുകിട കര്‍ഷകര്‍ക്കായി 2019 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാന്‍ നിധി. പദ്ധതിപ്രകാരം പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുക. ഏകദേശം 75, 000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ആദ്യ ഗഡു നല്‍കിയത്. തുടര്‍ന്ന് രണ്ടാം ഗഡു ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയും നല്‍കി. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നാമത്തെ ഗഡുവാണ് ഈമാസം അംഗങ്ങള്‍ക്ക് ലഭിക്കുക.
14 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) മോഡ് വഴി ഓണ്‍ലൈനായാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വിവാദങ്ങൾ ഏറുകയാണ്. എന്നാൽ എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കരുതെന്ന് സിപിെഎ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം.

കോവിഡ്, ട്രിപ്പിള്‍ ലോക്ഡൗണ്‍, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മന്ത്രിമാര്‍, അവരുടെ രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി പങ്കെടുക്കുന്ന വിധം ചുരുക്കുന്നതല്ലേ ഉചിതമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

എന്നാൽ സര്‍ക്കാരിനെ അതിന്‍റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂ. നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ടെന്നും ബിനോയ് വിശ്വം ഫെയ്സ്ബുക്കില്‍ കുറിച്ചു

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചെറുതാക്കണമെന്നും ഓണ്‍ലൈന്‍ ചടങ്ങാക്കണമെന്നും കെ സുരേന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് മഹാമാരി നിയന്ത്രണാതീതമായി പിടിമുറുക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വൈകുന്നേരങ്ങളില്‍ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു ചടങ്ങുകള്‍, യോഗങ്ങള്‍്, കൂടിച്ചേരലുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍. അങ്ങനെ എല്ലാറ്റിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പിന്ന എങ്ങനെ സത്യപ്രതിജ്ഞ ചടങ്ങിന് ഇക്കാര്യത്തില്‍ ഇളവു വരുത്താന്‍ സാധിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എണ്ണൂറുപേര്‍ എങ്ങനെ പങ്കെടുക്കും?

അങ്ങ് കോവിഡ് പോസിറ്റീവായിരിക്കെ റോഡ് ഷോ നടത്തി, പോസിറ്റീവായ ഭാര്യയോടൊപ്പം കൊച്ചു കുഞ്ഞടക്കം യാത്ര ചെയ്തു, വീട്ടില്‍ വിജയാഘോഷത്തിന് മാസ്‌കു പോലും ധരിക്കാതെ ഒത്തുകൂടി. ഇങ്ങനെ എത്രയെത്ര പ്രോട്ടോക്കോള് ലംഘനങ്ങളാണ് താങ്കള്‍ സ്വയം നടത്തിയത്. യഥാരാജാ തഥാ പ്രജാ എന്നതാണ് നമ്മുടെ നാടിന്റെ പൊതു രീതി. അമ്മാവിന് അടുപ്പിലുമാവാമോ എന്ന് പച്ചമലയാളം.

ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓണ്‍ലൈന്‍ ചടങ്ങാക്കണം. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദരണീയനായ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില് ഉപദേശിക്കണം.