തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി തലസ്ഥാന നഗരത്തിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്ക് മുമ്പിൽ പരാതി. പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന യോഗത്തിൽ ചട്ടപ്രകാരമുള്ള അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തിൽ ‘സന്തോഷം’ പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്ത നടപടിയാണ് കേസിനാസ്പദമായ വിഷയമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
പല ദിവസങ്ങളിലായി പത്രസമ്മേളനം നടത്തിയും അല്ലാതെയും ഒന്നാം പ്രതി തന്നെയാണ് ജനങ്ങൾ പാലിക്കേണ്ട പ്രോട്ടോകോൾ സംബന്ധിച്ചും കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാൻ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, അതിനു വിപരീതമായി അദ്ദേഹം തന്നെയാണ് കേക്ക് മുറിച്ച് ഓരോരുത്തരുടേയും വായിലും കയ്യിലും ആയി അത് മറ്റു പ്രതികൾക്ക് കൊടുത്തതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് മെയ് പതിനേഴാം തിയതി പകൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുവെന്നാണ് പരാതി. മുൻ എം പിയും മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനുമായ പി സി തോമസ് ആണ് പരാതിക്കാരൻ.മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും രണ്ടു മുതൽ 22 വരെ വരെ കണ്ടാലറിയാവുന്ന പ്രതികളാക്കിയുമാണ് പി സി തോമസ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുമ്പാകെ പരാതി സമർപ്പിച്ചത്.