തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, പ്രതിപക്ഷ നേതാവ് ആരായിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പെട്ടെന്ന് ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല. എന്നാല്‍ പാര്‍ട്ടിക്കകത്ത് ഇതുവരെ ചെന്നിത്തലയുടെ പേരില്‍ അഭിപ്രായ സമന്വയമുണ്ടായിട്ടില്ല. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി പിന്‍മാറിയതോടെയാണ് രമേശ് ചെന്നിത്തലക്ക് എളുപ്പം വഴിയൊരുങ്ങിയത്.അതേസമയം, മികച്ച പാര്‍ലമെന്റേറിയനെന്ന നിലയില്‍ വിഡി സതീശന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണ കിട്ടിയേക്കുമെന്ന വിശ്വാസവും മാറ്റത്തോട് ഒപ്പമാണോ ഹൈക്കമാന്റ് നിലപാടെന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ ഏറെ നിര്ണ്ണായകമാകും.
2021-05-18