Politics (Page 48)

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയൻ ജയിലിൽ പോകാത്തത് ബിജെപിയുമായുള്ള അന്തർധാര മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് മട്ടന്നൂരിൽ ലഭിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു കെ സുധാകരന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലകുനിച്ച് തൊഴുത് സ്വീകരിക്കുന്നത് തല പോകാതിരിക്കാനാണെന്നും അദ്ദേഹം പരിഹസിച്ചു.

ഡോളർ കടത്ത്, സ്വർണ്ണ കടത്ത് കേസുകളിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താത്തത് ബിജെപിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ്. കള്ളപ്പണം പിടിച്ച കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ അന്വേഷണം ഇല്ലാത്തതും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 15 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റും, ആർജെഡി ഒരു ലോക്സഭാ സീറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ സിപിഎം തയ്യാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്നായിരുന്നു നേതൃത്വം സ്വീകരിച്ച നിലപാട്.

സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 14ന് ജില്ല എൽഡിഎഫ് യോഗങ്ങൾ ചേരും.

തിരുവനന്തപുരം: മതസാമുദായിക നേതൃത്വങ്ങളുമായി സൗഹൃദം ഉറപ്പാക്കാൻ ഒരുങ്ങി കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ നീക്കം. സിറോ മലബാർ സഭയുമായി അടുത്ത ബന്ധം പുലർത്തുന്ന റോജി എം ജോൺ, ഓർത്തഡോക്‌സ്- യാക്കോഭായ സഭകളോട് ഒരേ അടുപ്പമുള്ള ചാണ്ടി ഉമ്മൻ തുടങ്ങി, പുതിയ തലമുറ നേതാക്കളെ വരെ ഇറക്കിയാണ് കോൺഗ്രസ് ഇതിനായുള്ള നീക്കം നടത്തുന്നത്.

അയോധ്യ വിഷയത്തിലുൾപ്പടെ എൻഎസ്എസ് നേതൃത്വം ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതും ക്രൈസ്തവ സഭാ നേതൃത്വങ്ങളിൽ ചിലത് ബിജെപിയുമായി അടുത്തതും കോൺഗ്രസ് ഗൗരവമായി നോക്കി കാണുന്നുണ്ട്. സമസ്ത-ലീഗ് തർക്കങ്ങൾ വോട്ടുചോർച്ചയ്ക്കുള്ള കാരണമാകരുതെന്ന ലക്ഷ്യം വെച്ചുള്ള നീ്ക്കങ്ങളും കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

അതേസമയം, സാമുദായിക നേതൃത്വവുമായുള്ള സൗഹൃദം ഉറപ്പാക്കാൻ പാർട്ടിക്ക് പ്രത്യേകം സമിതികൾ തന്നെ വേണമെന്ന ആവശ്യവും മുതിർന്ന നേതാക്കൾക്കൾ ഉയർത്തുന്നുണ്ട്.

തിരുവനന്തപുരം: ആർ എസ് പി എംപി എൻ കെ പ്രേമചന്ദ്രനെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ പങ്കെടുത്തതിന് പിന്നാലെയാണ് ധനമന്ത്രി അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമെന്റിൽ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

തിരുവനന്തപുരം: സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് അഭിമാന പോരാട്ടങ്ങളിലൊന്നാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സിറ്റിംഗ് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനുള്ള താത്പര്യമില്ലായ്മ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, സിപിഎം ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കുകയാണെങ്കിൽ സുധാകരനോട് മത്സരിക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്കാണ് സിപിഎം പ്രഥമ പരിഗണന നൽകുന്നത്. കണ്ണൂരിൽ കെ. സുധാകരൻ മത്സരിച്ചാൽ പോലും കെ കെ ശൈലജയാണ് എതിരാളിയെങ്കിൽ ജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് സിപിഎം ജില്ലാ നേതൃത്വം. ഇക്കാര്യം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

സിപിഎം പരിഗണനയിലുള്ള രണ്ടാമത്തെ പേര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയേടേതാണ്. ജില്ലാ പഞ്ചായത്ത് ഭരണത്തിൽ ദിവ്യ പുലർത്തുന്ന മികവും യുവ നേതാവെന്ന നിലയിൽ തിളങ്ങുന്നതും ദിവ്യക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ കേരളം നടത്തുന്ന സമരം സവിശേഷമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും തോൽപ്പിക്കാനല്ല സമരമെന്നും അർഹമായതു നേടിയെടുക്കാനാണ് സമരം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണ് കേന്ദ്രത്തിന്റെ നയം. നാളത്തെ സമരത്തിൽ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടു പോക്കിനും അനിവാര്യമായ മാർഗമെന്ന നിലയിലാണ്, ചരിത്രത്തിൽ അധികം കീഴ്‌വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം തിരഞ്ഞെടുക്കേണ്ടി വന്നത്. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റു പിന്മാറുന്നതിനു പകരം അർഹതപ്പെട്ടതു നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. രാജ്യമാകെ ഈ സമരത്തിനു പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുകയാണ്. രാജ്യമാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനു കക്ഷിരാഷ്ട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദർശമാണ്. ഈ ആശയത്തിന്റെ അന്തഃസത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോർന്നുപോയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ അവരുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടു സ്വീകരിക്കുന്ന നിലപാടല്ല, എൻഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോടു കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റുള്ള ഇടങ്ങളിൽ പീഡനവും എന്നതാണു സമീപനം. ഇത്തരം നടപടികൾക്ക് എതിരെയാണ് പ്രതീകാത്മക പ്രതിരോധം ഉയർത്തുന്നത്. ഇതിനു വ്യാപകമായ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കു കത്തയച്ചിട്ടുണ്ട്. ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങൾ അവർ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്രം അട്ടിമറിച്ചവെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര നയങ്ങൾ ജനവിരുദ്ധമാണ്. അത് സാമ്പത്തിക ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാന പദ്ധതികൾ കേന്ദ്രത്തിന്റേത് എന്ന പേരിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമം. ലൈഫ് മിഷൻ പദ്ധതിയിൽ ഈ കടന്നുകയറ്റം നടക്കുന്നുണ്ട്. ലൈഫ് പദ്ധതിക്കായി കേരളം 17,104 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രം നൽകിയത് 12% തുക മാത്രമാണ്. ലൈഫ് മിഷനിലൂടെ നിർമ്മിച്ച വീടുകൾ ബ്രാൻഡ് ചെയ്യാൻ തയാറല്ല. വീട് ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് തമിഴ്‌നാടിന് പുറമെ കേരളത്തിലെ രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ വിജയ് മക്കൾ ഇയക്കം ജില്ലാ പ്രസിഡന്റുമാരുമായി വിജയ് കൂടിക്കാവ്ച്ച നടത്തി. പനയൂരിലെ തന്റെ പ്രത്യേക ക്യാംപ് ഓഫിസിലാണു യോഗം നടന്നത്.

സമൂഹത്തിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കാനും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനുമുള്ള നിർദേശം വിജയ് യോഗത്തിൽ മുന്നോട്ടുവെച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. കേരളത്തോട് ചേർന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾക്കും യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു.

തമിഴക വെട്രി കഴകം എന്ന പേരിൽ വെള്ളിയാഴ്ചയാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ഓഫിസിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഘടനവാദത്തെയും ഭീകരവാദത്തെയും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെക്കേ ഇന്ത്യ വിഭജിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ചവരാണ് കോൺഗ്രസുകാർ. സൈന്യത്തിന്റെ വികസനത്തെ തടഞ്ഞുനിർത്തിയ കോൺഗ്രസ്, ഇന്ന് ദേശീയ സുരക്ഷയെ കുറിച്ചും ആഭ്യന്തര സുരക്ഷയെ കുറിച്ചും സംസാരിക്കുകയാണെന്ന് അദ്ദേഹം പരിസഹിച്ചു.

കോൺഗ്രസ് എന്നത് നയത്തിലും നേതാവിലും ഗ്യാരന്റിയില്ലാത്ത പാർട്ടിയാണ്. സ്വാതന്ത്ര്യത്തിന് ശേഷവും അടിമത്ത മനോഭാവം തുടർന്നു. രാജ്യത്ത് വ്യവസായങ്ങൾ വേണോ, കൃഷി വേണോയെന്ന് കോൺഗ്രസിന് സംശയമായിരുന്നു. ദേശസാൽകൃതമാകണോ അതോ സ്വകാര്യവത്കരിക്കണമോയെന്ന് കോൺഗ്രസ് ആശയകുഴപ്പത്തിലായിരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോൺഗ്രസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പത്ത് വർഷം കൊണ്ട് 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ അഞ്ച് വർഷം കൊണ്ട് തങ്ങൾ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോൺഗ്രസാണ് സാമ്പത്തിക നയങ്ങളിൽ എൻഡിഎ സർക്കാരിനെ ഉപദേശിക്കാൻ വരുന്നത്. കോൺഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ നിരവധി നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചു. 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുഗൻ തുടങ്ങിയവർ ചേർന്നാണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നേതാക്കൾക്ക് പാർട്ടി അംഗത്വം നൽകിയത്.

തമിഴ്നാട് ബി.ജെ.പിയുടെ വഴിക്കാണ് നീങ്ങുന്നതെന്നും ഇത്രയും നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നത് തമിഴ്നാട്ടിൽ പ്രധാനമന്ത്രിയുടെ ജനകീയതയ്ക്ക് തെളിവാണെന്നും തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ അണ്ണാമലൈ വ്യക്തമാക്കി. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരാൻപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾ ശക്തിപ്പെടുത്താനാണ് ഇവർ പാർട്ടിയിലേക്ക് കടന്നുവന്നിരിക്കുന്നത്. അനുഭവ സമ്പത്തുള്ളവരാണ് ഇവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ബിജെപി സഖ്യത്തിലേക്ക് തിരിച്ചെത്താനൊരുങ്ങി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. 2019-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഉപേക്ഷിച്ച സഖ്യത്തിലേക്കാണ് ടിഡിപി മടങ്ങിയെത്തുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രബാബു നായിഡു ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ടിഡിപി നേരത്തെതന്നെ നടൻ പവൻ കല്യാണിന്റെ ജനസേനയുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ നടന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ജനസേന പങ്കെടുത്തിരുന്നു. ടിഡിപിയെക്കൂടെ സഖ്യത്തിലെത്തിക്കാൻ വേണ്ട ശ്രമം ജനസേന നടത്തുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനസേനയുമായി ടിഡിപി ഏകദേശ സീറ്റുധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.