ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് തമിഴ്‌നാടിന് പുറമെ കേരളത്തിലെ രാഷ്ട്രീയക്കളത്തിലിറങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ വിജയ് മക്കൾ ഇയക്കം ജില്ലാ പ്രസിഡന്റുമാരുമായി വിജയ് കൂടിക്കാവ്ച്ച നടത്തി. പനയൂരിലെ തന്റെ പ്രത്യേക ക്യാംപ് ഓഫിസിലാണു യോഗം നടന്നത്.
സമൂഹത്തിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കാനും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനുമുള്ള നിർദേശം വിജയ് യോഗത്തിൽ മുന്നോട്ടുവെച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. കേരളത്തോട് ചേർന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾക്കും യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
തമിഴക വെട്രി കഴകം എന്ന പേരിൽ വെള്ളിയാഴ്ചയാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ഓഫിസിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

