പിണറായി വിജയനെ താഴെയിറക്കാനാണോ, മോദിയെ പരാജയപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നത്; യച്ചൂരി

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പിണറായി വിജയനെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മോദിയെയും ബിജെപിയെയും സ്ഥിരതയോടെ എതിർക്കുന്നത് സിപിഎം ആണ്. എന്നാൽ കേരളത്തിൽ കോൺഗ്രസ് എതിർക്കുന്നത് എൽഡിഎഫിനെയും മുഖ്യമന്ത്രിയേയുമാണെന്നും യച്ചൂരി വ്യക്തമാക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂജപ്പുരയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ് ചോദിക്കുന്നത് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി. ജയിലിൽ പോകാൻ തങ്ങൾക്ക് പേടിയില്ല. ജയിലിൽ പോകാൻ പേടിയുള്ള കോൺഗ്രസുകാരാണ് ബിജെപിയിൽ ചേരുന്നത്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തി. ബിജെപിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. ഫാഷിസ്റ്റ് നിയമവാഴ്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങൾ കേന്ദ്രം തകർത്തു. മതനിരപേക്ഷത തകർക്കുന്ന നിയമങ്ങൾ കൊണ്ടു വന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് നിയമവാഴ്ചയെ മാറ്റിമറിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.